എന്തിനും ഏതിനും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. നല്ലതും ചീത്തയുമായ ഒട്ടേറെ കാര്യങ്ങള്‍ ഇതിലുണ്ട്. വിവേചന ബുദ്ധിയോടെ കൈകാര്യം ചെയ്യാന്‍ അറിയില്ലെങ്കില്‍ പല കുഴപ്പങ്ങളിലും ചെന്നുവീഴാനും സാധ്യതയുണ്ട്. സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് മികച്ച വരുമാനം നേടാനുള്ള വാതിലും ഇന്റര്‍നെറ്റ് തുറന്നുനല്‍കുന്നു. അതിലൊന്നാണ് യൂട്യൂബ്. നമ്മുടെ അറിവുകളെ പുതുമയോടെ അവതരിപ്പിക്കാന്‍ അറിയാവുന്ന ആര്‍ക്കും നല്ലൊരു യൂട്യൂബര്‍ ആകാം. പറയുന്ന കാര്യങ്ങള്‍ പ്രയോജനപ്രദമാണെന്ന് യൂട്യൂബ് സന്ദര്‍ശകര്‍ക്ക് തോന്നുന്നിടത്താണ് യൂട്യൂബറുടെ വിജയം.
ഇത്തരത്തില്‍ യൂട്യൂബില്‍ തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് കൊല്ലം സ്വദേശി ജയരാജ് ജി.നാഥ്. മൂന്ന് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കി മുന്നേറുകയാണ് ജയരാജിന്റെ ടെക്കീസ് എന്ന യൂട്യൂബ് ചാനല്‍. യൂട്യൂബില്‍ ഇത്രയധികം ഫോളോവേഴ്സിനെ നേടുന്ന ആദ്യ മലയാളിയും ഒരുപക്ഷേ ഈ യുവാവായിരിക്കും.
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന സാധാരണക്കാരെ പോലും ടെക്കികളാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ജയരാജ് പറയുന്നു. ആത്മവിശ്വാസമാണ് ഇദ്ദേഹത്തിന്റെ കരുത്ത്. രണ്ടു വര്‍ഷം മുന്‍പ് യൂട്യൂബില്‍ ഒരു ചാനല്‍ തുടങ്ങുമ്പോള്‍ ജയരാജിന്റെ മുന്നില്‍ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. മലയാളത്തിലെ ടെക്നോളജി ചാനലുകളില്‍ ഒന്നാമത് എത്തുക. ഒരു വര്‍ഷം കൊണ്ടുതന്നെ തന്റെ ലക്ഷ്യത്തില്‍ എത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം.
യൂട്യൂബറിലേക്ക്…
ജയരാജിന് ജീവിതത്തില്‍ പ്രധാനമായും മൂന്ന് തൊഴില്‍ മേഖലകളോടായിരുന്നു പ്രിയം. അധ്യാപനം, പത്രപ്രവര്‍ത്തനം, ന്യൂസ് റീഡിങ്. ഇതില്‍ അവസാനത്തേത് മാത്രമാണ് നേടാനാകാതെ പോയത്. എന്നാല്‍ ഒരു യൂട്യുബര്‍ ആയപ്പോള്‍ പത്രപ്രവര്‍ത്തകനെ പോലെ വാര്‍ത്തകള്‍ കണ്ടെത്തി അധ്യാപകനെ പോലെ കാര്യങ്ങള്‍ വിശദീകരിച്ച് ഒരു ന്യൂസ് റീഡറേ പോലെ അവ ജനങ്ങള്‍ക്ക് മുന്പില് അവതരിപ്പിക്കാന്‍ കഴിയുന്നുണ്ട് ജയരാജിന്. ചുരുക്കി പറഞ്ഞാല്‍ ആഗ്രഹിച്ച മൂന്നു തൊഴിലുകളും ഇപ്പോള്‍ ഒരുമിച്ചു ചെയ്യാന്‍ യൂട്യുബ്—വഴി ഒരുക്കി.
കൊല്ലം ജില്ലയിലെ ചാത്തന്നൂരിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആറുവര്‍ഷം കമ്പ്യൂട്ടര്‍ അധ്യാപകനായിരുന്നു. പിന്നീട് ദുബായിയില്‍ നിന്ന് പ്രസിദ്ധീകരിച്ച മലയാള ദിനപത്രത്തില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഒമ്പത് വര്‍ഷം ദുബായ്യില് തന്നെ ഒരു കമ്പനിയില്‍ മാനേജരായി ജോലി ചെയ്തു. ഇപ്പൊള്‍ പ്രവാസ ജീവിതം മതിയാക്കി മുഴുവന്‍ സമയ യൂട്യൂബര്‍ ആയി മാറിക്കഴിഞ്ഞു ജയരാജ്.
യൂട്യൂബില്‍ നിന്നും എല്ലാ മാസവും നല്ലൊരു വരുമാനവും കണ്ടെത്തിയിരിക്കുകയാണ് ഇദ്ദേഹം. ലോകോത്തര ബ്രാന്‍ഡുകളായ പല കമ്പനികളും ഇദ്ദേഹത്തിന്റെ യൂട്യൂബ് ചാനലുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് വന്നിട്ടുമുണ്ട്.
മൊബൈല്‍ ഫോണുകളെയും ഗാഡ്ജറ്റുകളെയും പ്രണയിച്ച ജയരാജിനെ ഒരു യൂട്യൂബര്‍ ആക്കിയത്തിനു നന്ദി പറയുന്നതും ഒരു ഫോണിനോടാണ്. ഗൂഗില്‍ പുറത്തിറക്കിയ നെക്സസ് സിക്സ് ഫോണ്‍ ആദ്യം സ്വന്തമാക്കിയ ചുരുക്കം ചില മലയാളികളില്‍ ഒരാള്‍ ആയിരുന്നു ഇദ്ദേഹം. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനുകള്‍ ഗൂഗില്‍ തങ്ങളുടെ സ്വന്തം ഫോണിലാണ് ആദ്യം പരീക്ഷിക്കുക. അതുകൊണ്ടു തന്നെ മാഷ്മല്ലോ അപ്ഡേറ്റ് പുറത്തു വന്ന ഉടന്‍ തന്നെ നെക്സസ് ഫോണ്‍ ഉപയോഗിച്ചു. പിന്നീട് അവ മലയാളികള്‍ക്ക് പരിചയപ്പടുത്തിക്കൊണ്ടാണ് ജയരാജ് യൂട്യൂബ് രംഗത്തേക്ക് കാലെടുത്തു വച്ചത്. പിന്നീട് വാട്സ്ആപ്പിലെ പൊടിക്കൈകള്‍ എന്ന പേരില്‍ വാട്സ്ആപ്പിന്റെ ട്രിക്കുകള്‍ വിവരിച്ചപ്പോള്‍ അത് വൈറലായി. നിരവധി പേര് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
വാട്സ്ആപ് പ്രൊഫൈല്‍ ആരൊക്കെ സന്ദര്‍ശിച്ചു എന്ന് അറിയാം എന്ന വീഡിയോ ഇതുവരെ യൂട്യൂബില്‍ മാത്രം കണ്ടത് 15 ലക്ഷത്തില്‍ അധികം പേരാണ്. ആന്‍ഡ്രോയ്ഡ് ഫോണില്‍ മലയാളം ടൈപ്പ് ചെയ്യുന്ന വിധം വിവരിച്ച വീഡിയോ 10 ലക്ഷത്തില്‍ അധികം പേരാണ് വീക്ഷിച്ചത്. മൊബൈല്‍ ഫോണ്‍ ക്യാമറാ ഉപയോഗിച്ച് മികച്ച ചിത്രങ്ങളെടുക്കാന്‍ അറിഞ്ഞിരിക്കേണ്ടുന്ന ട്രിക്കുകള്‍, ഫോണിന്റെ വേഗത വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍, വാട്സ്ആപ്പില്‍ നിന്നും ഡിലീറ്റ് ആയ മെസ്സേജുകള്‍ തിരിച്ച് എടുക്കുന്ന വിധം, സ്വന്തം ചിത്രം ഉപയോഗിച്ച് വാട്സ്ആപ്പില്‍ സ്റ്റിക്കറുകള്‍ അയക്കുന്ന വിധം, മൊബൈലില്‍ നിന്ന് നഷ്ടപ്പെട്ട ഫയലുകള്‍ തിരിച്ചെടുക്കുന്ന രീതി, ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ആരൊക്കെ സന്ദര്‍ശിച്ചു എന്ന് അറിയാനുള്ള മാര്‍ഗം, മൊബൈല്‍ ഫോണുകള്‍ സിസി ടിവിയായി ഉപയോഗിക്കുന്ന വിധം, തുണിക്കടകളിലും മറ്റു ഡ്രസിങ് റൂമുകളിലും ഒളി ക്യാമറയുണ്ടോ എന്ന് കണ്ടെത്തുക തുടങ്ങി നിരവധി ടിപ്പുകളാണ് ജയരാജ് ഇതിനോടകം ജനങ്ങളിലേക്ക് എത്തിച്ചത്.
വാട്സ്ആപ്പ് പൊടികൈകള്‍, വീഡിയോ കാണുന്നവരുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്കുന്ന ചോദ്യോത്തരം, ഏറ്റവും പുതിയ ടെക്ക് വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന ടെക്ന്യൂസ്, ആന്‍ഡ്രോയിഡ് ടിപ്സ് ഇങ്ങനെ നിരവധി സെഗ്മെന്റുകളിലാണ് വീഡിയോകള്‍ തയ്യാറാക്കിയിരിക്കുന്നത്. കൊച്ചുകുട്ടികള്‍ക്ക് പോലും എളുപ്പത്തില്‍ മനസ്സിലാകുന്ന തരത്തിലാണ് ജയരാജ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. മികച്ച ശബ്ദസംവിധാനം കൊണ്ടും അവതരണ മികവുകൊണ്ടും മറ്റു യൂട്യൂബര്‍മാരില്‍ നിന്നും വ്യത്യസ്തനാണ് ജയരാജ്.
പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തി വീട്ടില്‍ തന്നെ ഒരു സ്റ്റുഡിയോ തയ്യാറാക്കുകയായിരുന്നു ഇദ്ദേഹം. ഈ സ്റ്റുഡിയോക്കും ചില പ്രത്യേകതകളുണ്ട്. ഇവിടെ വച്ച് ഒരാളുടെ ഫോണ്‍ നമ്പര്‍ കുറിക്കാന്‍ ഒരു തുണ്ട് കടലാസ് പോലും ഉപയോഗിക്കാറില്ല. ഇത് കടലാസിനോടുള്ള വിരോധം കൊണ്ടല്ല. പേപ്പര്‍ നിര്‍മ്മാണത്തിനായി എത്ര മരങ്ങള്‍ ആണ് വെട്ടി നശിപ്പിക്കപ്പെടുന്നത്. ഈ ഡിജിറ്റല്‍ യുഗത്തില്‍ എപ്പോഴും മൊബൈല്‍ കൈയില്‍ ഉള്ളപ്പോള്‍, അതില്‍ എന്തും കുറിക്കാനുള്ള ആപ്പുകള്‍ ഉള്ളപ്പോള്‍ പിന്നെ നാം കടലാസ് ഉപയോഗിക്കേണ്ടതില്ലല്ലോ. ജയരാജ് പറഞ്ഞു നിര്‍ത്തി. ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് പിന്നിട്ടതിനെ തുടര്‍ന്ന് യൂട്യൂബില്‍ നിന്ന് ഇദ്ദേഹത്തിന് വെള്ളിയില്‍ തീര്‍ത്ത ഫലകവും ഇതിനോടകം ലഭിച്ചു. ജയരാജിന്റെ യൂട്യൂബ് ചാനല്‍ കാണാനായി www. YouTube.com/jayarajgnath എന്ന ലിങ്ക് സന്ദര്‍ശിച്ചാല്‍ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: