ന്യൂദല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ഫ്രഞ്ച് ഓപ്പണിലും കളിച്ചേക്കില്ല. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം 2017 ഒക്ടോബര്‍ മുതല്‍ കളിക്കളത്തില്‍ നിന്നും മാറിനില്‍ക്കുകയാണ്. മേയ് 27 നാണ് ഫ്രഞ്ച് ഓപ്പണ്‍ ആരംഭിക്കുന്നത്. അതിനുമുന്‍പ് കാല്‍മുട്ടിനേറ്റ പരിക്ക് മാറുമെന്ന് ഉറപ്പില്ലെന്ന് സാനിയ വ്യക്തമാക്കി.
സൂപ്പര്‍ടെക് സ്‌പോര്‍ട്ട് വില്ലേജില്‍ ടെന്നീസ് അക്കാദമി ഉദ്ഘാടനം ചെയ്യവെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ ഇതുവരെയും കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്നും മോചിതയായിട്ടില്ലെന്നും കുറച്ചു മാസങ്ങള്‍ കൂടി വിശ്രമം വേണ്ടിവരും. എന്നിട്ടും ഭേദമായില്ലെങ്കില്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഇതോടെ ഏപ്രില്‍ നാലിന് ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സാനിയ മത്സരിക്കില്ലെന്ന് ഉറപ്പായി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കളിക്കാനാകുമെന്ന് സാനിയ നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ആഗസ്റ്റ് 18 മുതല്‍ സെപ്തംബര്‍ രണ്ട് വരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസാണ് ഇനി സാനിയക്ക് മുന്നിലുള്ള സാധ്യത. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഏഷ്യന്‍ ഗെയിംസില്‍ താരം മത്സരിക്കുമെന്നും ഉറപ്പിക്കാനാവില്ല.
















