മുംബൈ: രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുമായി ആഫ്രിക്കന്‍ തീരത്തു കാണാതായ എംടി മറീന എക്‌സ്പ്രസ് എന്ന എണ്ണകപ്പല്‍ നാലു ദിവസങ്ങള്‍ക്കുശേഷം കണ്ടെത്തി. കപ്പല്‍ തട്ടിയെടുത്ത കടല്‍ക്കൊള്ളക്കാര്‍ ഇന്നു വിട്ടുകൊടുത്തു. ജീവനക്കാരെല്ലാവരും സുരക്ഷിതരാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, മോചനദ്രവ്യം കൊടുത്തിട്ടാണോ കപ്പല്‍ വിട്ടുകിട്ടിയതെന്നു വ്യക്തമല്ല. കപ്പല്‍ ഇപ്പോള്‍ ക്യാപ്റ്റന്റെ നിയന്ത്രണത്തിനു കീഴിലാണെന്ന് ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍, മാലിനി ശങ്കര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.
ജനുവരി 31 ന് ആഫ്രിക്കന്‍ രാജ്യമായ ബെനിനില്‍ നങ്കൂരമിട്ട കപ്പല്‍ പിറ്റേദിവസം രാവിലെ 2.35ഓട്കൂടി ഗള്‍ഫ് ഒഫ് ഗിനിയയില്‍ വച്ച് കാണാതാകുകയായിരുന്നു. പാനമയിലെ ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പിംഗ് മാനേജ്‌മെന്റിന്റെ കീഴിലുള്ള കപ്പലില്‍ 13,500 ടണ്‍ പെട്രോളും ഉണ്ടായിരുന്നു. ഇതു തട്ടിയെടുക്കാനുള്ള ശ്രമമായിരിക്കാം കപ്പല്‍ കാണാതായതിനു പിന്നിലെന്നാണ് അനുമാനം. ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
കപ്പല്‍ അവസാനമായി നങ്കൂരമിട്ട പ്രദേശത്തു നൈജീരിയന്‍ സര്‍ക്കാരിന്റെ സഹായത്തോടെ വ്യോമനിരീക്ഷണം നടത്തിയെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. നൈജീരിയന്‍ നേവിയും കോസ്റ്റ് ഗാര്‍ഡും തിരച്ചില്‍ ശക്തമാക്കിയിരുന്നു.
















