കോട്ടയം: കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയിലെ 12 ഡ്രൈവര്‍മാരെ അച്ചടക്ക നടപടിയുടെ പേരില്‍ കാസര്‍കോഡിന് സ്ഥലം മാറ്റി.
ഇതിനെ തുടര്‍ന്ന് ഡിപ്പോയിലെ 20 തോളം സര്‍വീസുകള്‍ പ്രതിസന്ധിയിലായി. മുന്‍കൂട്ടി അറിയിക്കാതെ അവധിയെടുത്തെന്ന് ആരോപിച്ചാണ് ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടായത്. എന്നാല്‍ അഞ്ച് ഡ്യൂട്ടി കഴിഞ്ഞതിന് ശേഷം അവധിയെടുക്കുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. മാനേജുമെന്റ് പ്രതികാരമനോഭാവത്തോടെയാണ് തൊഴിലാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് യൂണിയന്‍ നേതൃത്വങ്ങള്‍ കുറ്റപ്പെടുത്തി.
ഡ്രൈവര്‍മാര്‍ക്കെതിരെ കൂട്ട അച്ചടക്ക നടപടി വന്നതോടെ അധിക ഡ്യൂട്ടി ഇനി മുതല്‍ എടുക്കണ്ടെന്നാണ് യൂുണിയനുകളുടെ തീരുമാനം. ആവശ്യത്തിന് ജീവനക്കാരില്ലാത്തപ്പോള്‍ രണ്ട് ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്നവര്‍ മൂന്നാം ദിവസവും സേവനം ചെയ്യാന്‍ മുന്നേ#ാട്ട് വന്നിരുന്നു. ഇതും കൂടി ഉപയോഗിച്ചാണ് സര്‍വീസുകള്‍ മുടങ്ങാതെയിരുന്നത്.ഇനി മുതല്‍ ഇത്തരത്തില്‍ ഡ്യൂട്ടി ചെയ്യണ്ടെന്നാണ് ഡ്രൈവര്‍മാരുടെ തീരുമാനം. സ്ഥലം മാറ്റപ്പെട്ടവരില്‍ എല്ലാ യൂണിയനുകളിലും ഉള്‍പ്പെട്ടവരുണ്ട്.
ഡിപ്പോയില്‍ നിന്ന് 12 ഡ്രൈവര്‍മാരെ സ്ഥലം മാറ്റിയതോടെ സര്‍വീസുകള്‍ പ്രതിസന്ധിയിലായി. ദിവസം 106 ഷെഡ്യൂളുകളാണ് നടത്തേണ്ടത്. എന്നാല്‍ ഡ്രൈവര്‍മാരുടെ കുറവ് മൂലം 90 -ല്‍ താഴെ ഷെഡ്യൂളുകള്‍ മാത്രമാണ് നടത്താന്‍ സാധിക്കുന്നത്. ഈ സാഹചര്യത്തില്‍ 12 പേരെ കൂടി സ്ഥലം മാറ്റിയതോടെ പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തെക്കന്‍ ജില്ലകളില്‍ നിന്ന് അച്ചടക്ക നടപടിയുടെ പേരില്‍ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെ യൂണിയനുകള്‍ ശക്തമായി പ്രതിഷേധിച്ചുവെങ്കിലും ഫലമുണ്ടായില്ല.
അതേ സമയം ജോലിക്ക് ഹാജരാകത്തവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് മാനേജുമെന്റ് അധികൃതര്‍ പറയുന്നത്.
















