കൊച്ചി: അഴിമതി ഇല്ലാതാക്കാന്‍ രാജ്യം മുഴുവന്‍ ജാഗ്രതയും പ്രചാരണവും അനിവാര്യമാണെന്നു മഹാത്മാഗാന്ധിയുടെ പ്രപൗത്രനും സാമൂഹ്യപ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധി. ‘ക്വിറ്റ് കറപ്ഷന്‍’ എന്ന മുദ്രാവാക്യം രാജ്യമാകെ മുഴങ്ങിക്കേള്‍ക്കേണ്ട കാലമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കലൂര്‍ ഐഎംഎ ഹൗസില്‍ നടന്ന നാലാമതു ദേശീയ സമാധാന കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ വ്യക്തിയും അവനവനില്‍ നിന്നാണ് അഴിമതിക്കെതിരെ പോരാട്ടം ആരംഭിക്കേണ്ടത്. ജീവിതസാഹചര്യങ്ങളിലും പ്രവര്‍ത്തനമേഖലകളിലും അഴിമതിക്കെതിരെ മാതൃകയാവാനും നിലപാടെടുക്കാനും നമുക്കു കഴിയണം. പ്രകൃതിയെ സംരക്ഷിക്കാനുള്ള കടമയും ഓരോരുത്തരും ഏറ്റെടുക്കണം. ഭക്ഷണം പാഴാക്കുന്ന പ്രവണത വര്‍ധിക്കുന്നത് അപകടമാണ്. പ്രകൃതിയിലേക്കു മാലിന്യങ്ങള്‍ തള്ളുന്ന ശൈലി ആധുനിക മനുഷ്യന് തിരുത്തണം. ദേഷ്യം സമാധാനത്തിന് എതിരല്ല. അതു സ്വാഭാവികവുമാണ്. എന്നാല്‍ ദേഷ്യത്തെ നമ്മിലേക്കും മറ്റുള്ളവരിലേക്കും ഏതുതരത്തില്‍ വഴിതിരിച്ചുവിടുന്നു എന്നതു പ്രധാനമാണെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. കണ്‍വന്‍ഷനില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് തുഷാര്‍ ഗാന്ധി മറുപടി നല്കി.
പി.വി. രാജഗോപാല്‍, ഡോ.എസ്.എന്‍. സുബ്ബറാവു, ഇറാം ഖാന്, എ.പ്രകാശ് ചന്ദ്രന്, ഖാദര്‍ മാങ്ങാട്, വെങ്കിടേഷ് രാമകൃഷ്ണന്, ഡോ. ഏല്യാസ് തോമസ്, ബഞ്ചമിന് ലക്ര, ഗുലാം എ.വഹന്തി, ഐശ്വര്യ താരാഭായ് അനീഷ്, നെപുണി പോള്‍, ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, അഡ്വ. സത്യനാരായണ ലാതി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. മ്യൂസിക് മെഡിറ്റേഷനു റവ.ഡോ. പോള്‍ പൂവത്തിങ്കല്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനു നേതൃത്വം നല്കി. തുടര്‍ന്ന് പാനല്‍ ചര്‍ച്ചകളും ഉണ്ടായിരുന്നു.ദേശീയ സമാധാന കണ്വന്ഷന് ഇന്നു സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: