ഗ്രഹണ സമയം വിഷരശ്മികളുടെ ആഘാതസമയമാണ്. ഈ സമയത്ത് ഭക്ഷണ കാര്യങ്ങള്‍ക്കോ പുതുസംരംഭങ്ങള്‍ക്കോ ഒന്നിനും അനുകൂലമല്ല. എന്നാല്‍ ഈ സമയം ഉപയോഗപ്പെടുത്താനാവുന്ന ഒരു നന്മയാര്‍ന്ന കാര്യമുണ്ട്. ഭഗവത് ഭക്തിയില്‍ ലയിക്കുക. മന്ത്ര ജപവുമായി മുഴുകിയിരിക്കുക.
ഗ്രഹണ സമയത്ത് നടത്തുന്ന മന്ത്രജപത്തിന് നാലിരട്ടി ശക്തിയാണെന്ന് മാന്ത്രിക ഗ്രന്ഥങ്ങള്‍ പറയുന്നു. അതിനാല്‍ മന്ത്രജപമുള്ള ഭക്തര്‍ക്കായി ഭഗവാന്‍ അനുഗ്രഹിച്ചു നല്‍കിയ ഒരു സമ്പദ് കടാക്ഷമാണ് ഗ്രഹണങ്ങള്‍. ഭക്തന്മാര്‍ അത് പരമാവധി പുണ്യത്തിനുള്ള അവസരമായി ഉപയോഗിക്കുക.
പ്രപഞ്ച മാതാവിന്റെ ഒരു ലീലയുടെ ഭാഗമാണ് ഗ്രഹണങ്ങള്‍. എന്നാല്‍ ഗ്രഹണ സമയത്തെ രശ്മികളില്‍ സൂര്യപ്രകാശത്തിന്റെ സ്വാധീനം കുറഞ്ഞ് ഇരുള്‍ വ്യാപിക്കുന്നതിനാല്‍ രോഗാണുക്കളുടെ പ്രഭാവവും കൂടുതലായിരിക്കും. പൊതുവേ ഇരുളു വര്‍ദ്ധിക്കുമ്പോഴാണ് രോഗാണു പ്രഭാവം കൂടുന്നത്.
നാം ചുറ്റുപാടുമുള്ള ജനങ്ങളുടെ വിവിധ രോഗാവസ്ഥകള്‍ ശ്രദ്ധിച്ചാല്‍ അത് പ്രകടമാകും. ശ്വാസം മുട്ട്, പനി, മാനസിക രോഗങ്ങള്‍ ഇത്യാദി പലതും ഉച്ചയ്‌ക്ക് ശേഷം വര്‍ദ്ധിച്ചു വരുന്നതായും രാത്രിയില്‍ മൂര്‍ച്ഛിക്കുന്നതായും വെളുപ്പിന് രോഗം കുറയുന്നതായും കാണാം.
സ്വാഭാവികമായും ഗ്രഹണസമയത്ത് രോഗങ്ങള്‍ കൂടുതലായിരിക്കും. പ്രകാശമുണ്ടായിരുന്നിടത്ത് പെട്ടെന്ന് പ്രകാശമില്ലാതാകുമ്പോള്‍ ഇരുളിന്റെ ശക്തി കൂടുതലായി അനുഭവപ്പെടും. അതാണ് ഗ്രഹണ സമയത്തെ രോഗാധിക്യത്തിന്റെ നിദാനം.
ചന്ദ്രനില്‍ ഭൂമിയുടെ നിഴല്‍ പതിയുന്നതാണ് ഗ്രഹണത്തിന്റെ കാരണം. അതിന് ഭുവനേശ്വരിദേവിയെ സേവിക്കുന്നത് ഉചിതമായ ഒരു പരിഹാരമായിരിക്കും. ഇന്ന് അസ്തമനത്തിന് മുമ്പ് തുടങ്ങുന്ന ചന്ദ്രഗ്രഹണത്തിന് വൈകീട്ട് 6.59നാണ് മധ്യകാലം. രാത്രി 8.40ന് ഗ്രഹണത്തില്‍ നിന്ന് മോക്ഷം ലഭിക്കും. എന്നാല്‍ ഗ്രഹണമോക്ഷത്തിന് ശേഷവും മൂന്നു ദിവസത്തേയ്‌ക്ക് ഗ്രഹണദോഷം നിലനില്‍ക്കും.
പുണര്‍തം, പൂയം, ആയില്യം, അനിഴം, ഉത്രട്ടാതി, തൃക്കേട്ട, രേവതി, ഉത്രാടം, തിരുവോണം, കാര്‍ത്തിക, രോഹിണി, ഉത്രം, അത്തം എന്നീ നക്ഷത്രക്കാര്‍ക്കാണ് ഗ്രഹണം ദോഷം കൂടുതലായി ബാധിക്കുക. ഈ നക്ഷത്രക്കാര്‍ പ്രത്യേകം പരിഹാരങ്ങള്‍ ചെയ്യുന്നത് ഉചിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: