ന്യൂദൽഹി: യുപിയിലെ സംഘർഷം അടിച്ചമർത്താൻ പ്രദേശങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. കാസ്ഗഞ്ചിൽ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് ദേശീയ പതാകയുമായി മടങ്ങിയ ബൈക്ക് റാലി സംഘത്തിന് നേരെ ആസിഡ് ബൾബ് ആക്രമണം നടത്തിയതിനു ശേഷം ഉടലെടുത്ത കലാപം മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കികൊണ്ടാണ് അക്രമികൾ ബൈക്ക് റാലി സംഘത്തിന് നേർക്ക് ആസിഡ് ബൾബുകൾ എറിഞ്ഞത്.
കലാപത്തെ തുടർന്ന് ഒരു ആൺകുട്ടി കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് രണ്ട് ബസുകൾക്കും ഒരു കാറിനും അക്രമികൾ തീയിട്ടിരുന്നു. ഉത്തർപ്രദേശിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇതേ തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. നവമാധ്യമങ്ങളിൽ കലാപം വ്യാപിക്കുന്ന സന്ദേശങ്ങൾ തടയുന്നതിനായി താത്കാലികമായി ഇന്റർനെറ്റ് സേവനം അവസാനിപ്പിച്ചിട്ടുണ്ട്.
കലാപം തടയുന്നതിനായി അഞ്ച് കമ്പനി സായുധ സേനയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഇതുവരെ അക്രമികളായ 50ഒളം പേരെ അറസ്റ്റ് ചെയ്തതായി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് അറിയിച്ചു. അക്രമികളെ അടിച്ചമർത്തുകയും പ്രദേശങ്ങളിൽ സമാധാനം വീണ്ടെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















