ഫോട്ടോമ്യൂസ്… ഫോട്ടോഗ്രാഫിയെ ഗൗരവമായി സമീപിക്കുന്നവര്ക്കുവേണ്ടിയുള്ളതാണ്. ഇത്തരത്തില്‍ ഭാരതത്തിലെ ആദ്യത്തെ മ്യൂസിയമാണ് തൃശൂര്‍ കൊടകര കോടാലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം. കല, സംസ്കാരം, മാനവികത, പ്രകൃതി എന്നിവയെക്കുറിച്ചുള്ള അറിവുകള്‍ ഫോട്ടോഗ്രാഫി ഉപയോഗിച്ച് ശേഖരിക്കുകയും, ശാസ്ത്രീയമായി സൂക്ഷിക്കുകയും, ആ അറിവുകള്‍ സമൂഹത്തിന്റെ സമഗ്രപുരോഗതിക്കായി ഉപയോഗിക്കുക എന്നതും ഫോട്ടോമ്യൂസിന്റെ ലക്ഷ്യമാണ്. ഭാരതത്തിലെയും, പുറത്തെയും പ്രശസ്തരായ ഫോട്ടോഗ്രാഫര്‍മാരുടെ ഐക്യപ്പെടലും, മാര്‍ഗദര്‍ശനവുമാണ് ഫോട്ടോമ്യൂസിന്റെ വിജയം. ദേശദേശാന്തരങ്ങളിലായി ഫോട്ടോപ്രദര്‍ശനവും നടത്തിവരുന്നുണ്ട് ഫോട്ടോമ്യൂസ്.
വിവിധ സ്ഥലങ്ങളില്‍, വിവിധകാലങ്ങളില്‍ ഛായാഗ്രാഹകര്‍ വ്യത്യസ്തമായതും പ്രത്യക്ഷത്തില്‍ സമാനതകള്‍ ഇല്ലാത്തതുമായ ചിത്രങ്ങള്‍ സൃഷ്ടിക്കുന്നു. എങ്കിലും ഗഹനമായ അന്വേഷണത്തിലൂടെ കണ്ടെത്താവുന്ന ഒരു രസനൂലുകൊണ്ട് അത്തരം ചിത്രങ്ങള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നു കാണാം. ഫോട്ടോഗ്രാഫിയുടെ സാര്‍വ ലൗകിക ഭാഷയിലൂടെ ഉണ്ടാകുന്ന അത്തരം പാരസ്പര്യത്തെയും, ബന്ധങ്ങളെയും കണ്ടെത്താനാണ് സ്വതന്ത്രജന്മങ്ങള്‍…തുറന്ന ലക്ഷ്യങ്ങള്‍ എന്ന ഫോട്ടോപ്രദര്‍ശനത്തിലൂടെ ഫോട്ടോമ്യൂസ് ശ്രമിക്കുന്നതെന്ന് ക്യുറേറ്റര്‍ ഡോ. ഉണ്ണികൃഷ്ണന് പുളിക്കല്‍, മാനേജര്‍ ഡോ. ബിജുരാമന്കുട്ടി എന്നിവര്‍ പറയുന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ സ്വതന്ത്രമായി സൃഷ്ടിക്കപ്പെട്ട ചിത്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ദൃശ്യപരവും,പ്രതീകാത്മകവുമായ ബന്ധങ്ങളിലാണ് പ്രദര്‍ശനം ഊന്നല്‍ നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.
രണ്ടോ അതിലധികമോ ചിത്രങ്ങള്‍ ചേര്‍ന്നിരിക്കുമ്പോള്‍ ഉണ്ടാകാവുന്ന സാന്ദര്‍ഭികമായ അര്‍ത്ഥങ്ങളും, അതു തുറന്നുതരുന്ന വ്യാഖ്യാന സാധ്യതകളും പ്രദര്‍ശനം അന്വേഷിക്കുന്നുണ്ട്. അങ്ങനെ ഒരു ചിത്രത്തിന്റെ പ്രാഥമിക അര്‍ത്ഥവും ആ ചിത്രം അവതരിപ്പിക്കപ്പെടുന്ന വിശാല സാഹചര്യങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന സാന്ദര്‍ഭിക അര്‍ത്ഥങ്ങളും തമ്മിലുള്ള സംവാദം പ്രദര്‍ശനത്തിന്റെ കാതലും ഫോട്ടോമ്യൂസിന്റെ വിജയവുമാകുകയാണെന്നുമാണ് അണിയറ ശില്പികളുടെ അഭിപ്രായം. 45,000 ചിത്രങ്ങളില്‍ നിന്നും തിരഞ്ഞെടുത്തവ ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശനം. images scattered; emotions connected… ഫോട്ടോപ്രദര്‍ശനത്തിലൂടെ… ഫോട്ടോമ്യൂസിയത്തിലൂടെ കാണികള്‍ അനുഭവിക്കുന്നതും അതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: