ചിത്രകാരനും കലാനിരൂപകനുമായ ശിവന്‍ജി ഒരു ഒറ്റയാനാണ്. ദുരന്തങ്ങള്‍ നിഴല്‍പോലെ കൂടെയുള്ളപ്പോഴും ചിത്രകല എന്ന ആശ്വാസത്തുരുത്തിലാണ് അദ്ദേഹം സാന്ത്വനം കണ്ടെത്തുന്നത്. തിരക്കുള്ള രാജപാതവിട്ട് കലയുടെ തിരക്കു കുറഞ്ഞ വഴികളിലൂടെ മുന്നോട്ടുപോകാനിഷ്ടപ്പെടുന്നു ഈ ചിത്രകാരന്.
മാവേലിക്കര ഗവണ്മെന്റ് രവിവര്‍മ്മ കോളേജ് ഓഫ് ഫൈനാര്‍ട്സിലെ ചിത്രകലാപഠനത്തിനുശേഷം അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ തുടങ്ങിയ ഓഫ്സെറ്റ് പ്രസിന്, ‘ഹിറ്റ്ലര്‍’ എന്നു പേരിട്ടു. ശിവന്‍ജിയുടെ കാഴ്ചപ്പാടില്‍ ഹിറ്റ്ലര്‍ നല്ലൊരു ചിത്രകാരനായിരുന്നു.
സ്വതന്ത്രമായി ചിന്തിക്കുകയും പഠിക്കുകയും ചെയ്യുന്ന ഏതൊരുവനും ചരിത്രത്തിന്റെ ഇടവഴികളിലൂടെക്കൂടിയും നടന്നുവേണം ചരിത്രം പഠിക്കാന്‍ എന്ന് ശിവന്‍ജി അഭിപ്രായപ്പെടുന്നു.
ചിത്രകല ഒരു ഭാഷയാണ്. അതിലൂടെ സംവദിക്കുന്നതിന് ആ ഭാഷ മനസ്സിലാക്കേണ്ടതുണ്ട്. രാജകൊട്ടാരങ്ങളില്‍ എല്ലാവരാലും ബഹുമാനിതരായും സുഖലോലുപതയിലും കഴിഞ്ഞിരുന്ന ചിത്രകാരന്മാരെന്ന വര്‍ഗ്ഗം, ഫോട്ടോഗ്രഫിയുടെ വരവോടെ ചിത്രകലയെ വേറിട്ട വഴികളിലൂടെ നടത്താന്‍ തുടങ്ങി.
ഒരു ശരാശരി കേരളീയന് 1906-ല്‍ രാജാ രവിവര്‍മ്മയുടെ മരണത്തോടെ ചിത്രകലാ സംസ്കാരം തീര്‍ന്നു എന്നു കരുതുന്നു. രവിവര്‍മ്മയില്‍ നിന്നും നാം പിന്നീട് മുന്നോട്ടുപോയിട്ടില്ല. ചിത്രകലയില്‍ നടന്ന വിസ്ഫോടനങ്ങളും കുത്തൊഴുക്കുകളും ചലനങ്ങളും നാമറിയാതെ പോകുന്നത് എന്തുകൊണ്ടാണ്?. രണ്ട് കോടി രൂപയ്ക്കു വീടുവയ്ക്കുന്ന ഒരു മലയാളി 20,000 രൂപ മുടക്കി ഒരു പെയിന്റിംഗ് വാങ്ങാന്‍ മടിക്കുന്നു. വിദ്യാഭ്യാസമുണ്ടെങ്കിലും സാംസ്കാരിക വിദ്യാഭ്യാസത്തിന്റെ കുറവിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
കേരളം ചിത്രകലയ്ക്കു വളക്കൂറുള്ള മണ്ണല്ല. ഇവിടെ ചിത്രകലകൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാനുമാവില്ല. അവിടെയാണ് ശിവന്‍ജി എന്ന ചിത്രകാരന്റെ അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടം. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിയായ അദ്ദേഹം തന്റെ ജീവിത പ്രാരാബ്ധങ്ങളിലുടക്കിയ ചിത്രകലയെ കൈവിടാതെ കാത്തുസൂക്ഷിക്കുന്നു. കേരള ലളിതകലാ അക്കാദമിയുടെ അവാര്‍ഡ് രണ്ടു തവണ ഇദ്ദേഹത്തെ തേടിവന്നിട്ടുണ്ട്.
ജലച്ചായം അത്ര പെട്ടെന്നൊന്നും ആര്‍ക്കും വഴങ്ങുന്ന ഒന്നല്ല. എന്നാല്‍ ശിവന്‍ജിയുടെ ജലച്ചായ ചിത്രങ്ങള്‍ മനസ്സിനു കുളിര്‍മ്മ നല്കുന്ന വര്‍ണ്ണങ്ങള്‍കൊണ്ട് സമൃദ്ധമാണ്. അതിന് നല്ല ഉദാഹരണമാണ് പൂക്കള്‍ തേടിപ്പോകുന്ന പെണ്‍കുട്ടികള്‍. ഈ ചിത്രം നമ്മുടെ സംസ്കൃതിയിലേക്കൊരു തിരിച്ചുപോക്കാവശ്യപ്പെടുന്നു.
കോയയും ബീവിമാരും എന്ന ചിത്രം കാലത്തിനൊത്ത് ജീവിതത്തില്‍ മാറ്റം വരുത്താത്ത ഒരു കുടുംബത്തിന്റെ നേര്‍ച്ചിത്രമാണ്. തുരുമ്പിച്ച തകരപ്പെട്ടിയും മുനിഞ്ഞുകത്തുന്ന റാന്തലും പര്‍ദ്ദയണിഞ്ഞ സ്ത്രീകളും ഉള്‍പ്പെട്ട അക്രിലിക് കളറില്‍ റിയലിസ്റ്റിക് സങ്കേതങ്ങള്‍ ഉപയോഗിച്ചു വരച്ചിരിക്കുന്ന കോമ്പോസിഷന്‍ വളരെ മനോഹരമാണ്.
കയ്പേറിയ ജീവിത നിമിഷങ്ങള്‍ ഒരുപാടനുഭവിച്ചിട്ടുള്ള ഈ കലാകാരന്, ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് മുമ്പ് സമ്മാനമായി കൊടുത്തിരുന്നു. എന്നാല്‍ രണ്ടു ചിത്രങ്ങള്‍ ഓഫീസിലേക്കുവേണ്ടി സൗജന്യമായി വാങ്ങിക്കൊണ്ടുപോയ സുഹൃത്തുക്കളെ കാണാന്‍ ഒരു മാസം കഴിഞ്ഞ് യാദൃച്ഛികമായി അവരുടെ ഓഫീസിലെത്തിയപ്പോള്‍ വേസ്റ്റുകളുടെ കൂടെ തന്റെ പെയിന്റിംഗും കിടക്കുന്നതു കാണാന്‍ ഇടയായപ്പോള്‍ ഹൃദയ വേദനയോടെ തന്റെ ചിത്രമെഴുത്ത് വളരെക്കാലം വേണ്ടന്നുവച്ചിരുന്നു. പിന്നീട് അഞ്ചു വയസ്സുള്ള മകളുടെ വരകളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് വരയുടെ ലോകത്തേക്ക് മടങ്ങി വരികയായിരുന്നു.
ശിവന്ജിയുടെയുള്ളില് ചാരം മൂടികിടന്ന കലയുടെ കനലുകളെ ഊതിത്തെളിച്ച് യഥാര്‍ത്ഥ അഗ്നിയാക്കിയ എം.കെ വിനോദ്കുമാര്‍ എന്ന ഒരു വലിയ മനുഷ്യനുണ്ട്. ഉദ്യോഗത്തില്‍ ഉയര്‍ന്ന തിരക്കുള്ള അദ്ദേഹം ദൂരത്തെങ്കിലും കരുനാഗപ്പള്ളി വഴി പോകുമ്പോഴെല്ലാം അദ്ദേഹത്തിന്റെ സന്ദര്‍ശനവും പ്രേരണയും ഈ കലാകാരന് മറക്കാനാവില്ല. വരയ്ക്കാനുള്ള പ്രേരണയും എക്സിബിഷനുകള്‍ക്കുള്ള സാഹചര്യമൊരുക്കലുമെല്ലാം അദ്ദേഹം ചെയ്തു കൊടുക്കാറുണ്ട്.
‘അവളുടെ നഷ്ടം'(ഒലൃ ഹീ)ൈ എന്ന ജലച്ചായചിത്രം സ്ത്രീയുടെ പവിത്രത അവള്‍തന്നെ സൂക്ഷിക്കേണ്ടതിനെപ്പറ്റി ഓര്‍മ്മിപ്പിക്കുന്നു. വാര്‍ദ്ധക്യത്തില്‍ എല്ലാം നഷ്ടപ്പെട്ട് വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന ഒരു വൃദ്ധനുസമീപം വിശ്വസ്തനായ വളര്‍ത്തുനായ മാത്രമായിരിക്കുന്ന കാത്തിരിപ്പ് എന്ന ചിത്രം, തകര്‍ന്നടിയുന്ന കുടുംബബന്ധങ്ങളുടെ ഒരു നേര്‍ചിത്രമാണ്.
നിറങ്ങളിലൂടെ, നിറമാറ്റങ്ങളിലൂടെ ദൃശ്യവത്ക്കരിക്കപ്പെടുന്ന നിത്യനൂതനമായ മനോഭാവങ്ങളുടെയും ആശയങ്ങളുടെയും അര്‍ത്ഥാന്തരങ്ങള്‍ ചിത്രകലയുടെ ആത്മാവാണ്. ആവര്ത്തിച്ചുകാണുംതോറും പുതുമയുടെ പുലരികളിലേക്ക് കണ്ണുകളെ നയിക്കുന്ന പ്രതിഭയുടെ പ്രകാശം ചിത്രകലയെ കാലത്തിനും ഭാഷയ്ക്കും ദേശത്തിനുമതീതമാക്കുന്നു.
സൗന്ദര്യ ശാസ്ത്രത്തിന്റെ ഒരു പൊളിച്ചെഴുത്താണ് കൗരവസഭയിലെ ദ്രൗപദി. രജസ്വലയായ ദ്രൗപദിയെ വലിച്ചിഴച്ച് കൗരവസഭയിലെത്തിച്ച് തന്റെ സ്ത്രീത്വത്തെ അപമാനിച്ചവരോടുള്ള പ്രതികാരമാണ് മഹാഭാരതയുദ്ധമെന്ന് ചിത്രകാരനായ ശിവന്‍ജി പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ദുശ്ശാസനന്റെ മാറുപിളര്‍ന്നുള്ള രക്തമല്ലാതെ മറ്റൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ദ്രൗപദി, ദൂതിനായി പോകാന്‍ തയ്യാറെടുക്കുന്ന ഭഗവാന് കൃഷ്ണനോട് തന്റെ അഴിഞ്ഞുലഞ്ഞ മുടി കാട്ടി ഓര്‍മ്മിപ്പിക്കുന്നു. ‘നോക്കൂ കൃഷ്ണാ, എന്റെ ഈ മുടി, ദുശ്ശാസനന്റെ രക്തമല്ലാതെ മറ്റൊന്നും ആഗ്രഹിക്കുന്നില്ല.’ ആടയാഭരണങ്ങളില്ലാത്ത തന്റെ അഴിഞ്ഞ് വീണ വസ്ത്രത്തെയും, വില്ലാളിവീരന്മാരാണെങ്കിലും നിസ്സാഹായതയുടെ തടവറയിലായ പാണ്ഡവരെയും ഗുരുനാഥന്മാരെയും, കൗരവ സഭയുടെയും സര്‍വ്വ ചരാചരങ്ങളെയും സാക്ഷി നിര്‍ത്തി രണ്ടു കൈകളുയര്‍ത്തി പ്രാര്‍ത്ഥിക്കുന്ന പാഞ്ചാലി സാധാരണക്കാരനിലേക്ക് പെട്ടെന്ന് ഇറങ്ങി ചെല്ലുന്നില്ല. അഴിഞ്ഞു വീണ ചേലയെ ചിത്രീകരിച്ചിരിക്കുന്നതും, കാമാര്‍ത്തനായ ദുര്യോധനന് തന്റെ തുട കാട്ടി, ഇവിടെ വന്നിരിക്കാന്‍ ദ്രൗപദിയെ ക്ഷണിക്കുന്നതും മനോഹരമായി ശിവന്‍ജി വരച്ചിടുന്നു. റിയലിസ്റ്റിക് ചിത്രങ്ങള്‍ വരയ്ക്കാതെതന്നെ റിയലിസ്റ്റിക് സങ്കേതങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്ന ചിത്രകാരന്, വര്‍ണ്ണങ്ങളുടെ സന്നിവേശത്തില്‍ കാണിക്കുന്ന കരവിരുത് അവര്‍ണ്ണനീയമാണ്. അക്രിലികില്‍ ആണ് വരച്ചിരിക്കുന്നത്.
ചിത്രകലയുടെ ലാളിത്യഭംഗികള് ആത്മാര്‍ത്ഥമായി അന്വേഷിക്കുന്നവയാണ് ശിവന്‍ജിയുടെ ചിത്രങ്ങള്‍. വര്‍ണ്ണങ്ങള്‍ ലുബ്ധമായി ഉപയോഗിക്കാതെ വര്ണ്ണാഭമാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. നാനാവര്‍ണ്ണ ചമത്കൃതവും ഔചിത്യ ശുദ്ധിയുമുള്ള ഒരു സൗന്ദര്യസമ്മേളനത്തിന്റെ തെളിമയും പൊലിമയും ആര്‍ദ്രതയും ഇദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും ദൃശ്യമാണ്.
മൗലികമായ ആശയങ്ങളും വ്യത്യസ്തവും ശക്തവുമായ രേഖകളും അദ്ദേഹത്തിന്റെ ചിത്രങ്ങളെ മറ്റു ചിത്രകാരന്മാരില് നിന്നും വേറിട്ടു നിര്‍ത്തുന്നു. അതു തന്നെയാണ് ഇറച്ചിവെട്ടുകാരന്റെ സ്വപ്നം എന്ന ചിത്രത്തിന്റെ മിഴിവ്. 2015ല്‍ കേരള ലളിതകലാ അക്കാദമി വാര്‍ഷിക ചിത്രപ്രദര്‍ശനത്തിന് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: