മഞ്ഞുസുനാമിയുടെ തണുത്തുറഞ്ഞ ഭീതിദമായ വാര്‍ത്തകളാണ് പലരാജ്യങ്ങളില്‍നിന്നും കേള്‍ക്കുന്നത്. വേനലിന്റെ കഠോരമായ തീപ്പൊള്ളല്പോലുള്ള കഥകള്‍ക്കു പകരമായി ചോര തണുത്തുറയുന്നമാതിരിയുള്ളവ കേള്‍ക്കുന്നു. സുനാമിത്തിരകള്‍ ആഞ്ഞടിക്കുംപോലെ മറ്റൊരു തരത്തില്‍ നൂറ്റന്പതും ഇരുന്നൂറും കിലോമീറ്റര്‍ വേഗതയിലാണത്രെ വന്കാറ്റില് ചിലയിടങ്ങളില്‍ മഞ്ഞു പാഞ്ഞുവരുന്നത്. തണുപ്പു രാജ്യങ്ങളിലെല്ലാം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മഞ്ഞുവീഴ്ച അപകടകരമാംവിധം അധികമാണ്. കുറച്ചു നാളുകളായി യൂറോപ്യന്‍ രാജ്യങ്ങളിലെ മഞ്ഞുവീഴ്ച ഇടവിട്ടുള്ള വാര്‍ത്തയായിരുന്നു.
കഴിഞ്ഞ ആഴ്ചകളില്‍ റഷ്യയിലെ സൈബീരിയയിലെ ഗ്രാമങ്ങളില്‍ വലിയമഞ്ഞുവീഴ്ചയായിരുന്നു. കണ്പോളകളില് മഞ്ഞുമൂടിയവരുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. മഞ്ഞില്‍ ജീവിച്ചു പരിചയമുള്ള ഇവിടത്തെ ഗ്രാമീണര്‍ക്കുപോലും താങ്ങാനാവാത്തവിധം ദുസഹമായിരുന്നു ഇക്കാലത്തെ മഞ്ഞുപതനം. അതുപോലെ ലോകത്തിലെ തണുപ്പുരാജ്യങ്ങള് പലതും ഇപ്പോള്‍ ഇത്തരം അവസ്ഥയിലാണ്. ലോക സാമ്പത്തിക ഫോറം നടക്കുന്ന സ്വിറ്റ്സര്‍ലന്റിലെ ദാവോസില്‍ ഉള്‍പ്പെടെ കനത്ത മഞ്ഞുവീഴ്ചയാണ്. 3000ത്തോളം പ്രതിനിധികളാണ് ഇവിടെ എത്തുന്നത്.
ഈ മാസം തന്നെ രണ്ടുതവണയാണ് ഇങ്ങനെ മഞ്ഞുവീഴ്ച സംഭവിച്ചത്. ഒന്നു കഴിഞ്ഞ് ആശ്വസിക്കാമെന്നു വിചാരിക്കുമ്പോഴാണ് അതിനെക്കാള്‍ കടുത്തതുണ്ടായത്. ആല്‍പ്സ് പര്‍വത പ്രദേശത്തിനു സമീപമുള്ള ഗ്രാമങ്ങളിലെ ജനജീവിതംതന്നെ താറുമാറായിരിക്കുകയാണ്. അട്ടിക്കണക്കിനു മഞ്ഞുവീണ് നിരത്തുകളും വഴികളും അറിയാത്ത അവസ്ഥയിലാണ്. വീടിനു പുറത്ത് വീടിനെക്കാള്‍ വലുപ്പമുള്ള മഞ്ഞിന് കട്ടിയാണുള്ളത്. ആയിരക്കണക്കിനു ടൂറിസ്റ്റുകളോടും തദ്ദേശീയരോടും മുറിക്കകത്തുതന്നെ തങ്ങാനാണ് നിര്‍ദേശം. അതിനിടയില്‍ ലോക സാമ്പത്തിക ഫോറത്തിനുവന്നവരും പരിചയമില്ലാത്ത തണുപ്പില്‍ പ്രയാസപ്പെടുന്നുണ്ട്.
പത്തടിയോളം കനത്തില്‍ ഇവിടെ പലഭാഗങ്ങളിലും ഒരാഴ്ചയായി മഞ്ഞിന്റെ അട്ടിയുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യവാരംമുതലാണ് ആല്പ്സിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച കനത്തുതുടങ്ങിയത്. ഫ്രഞ്ച് ആല്‍പ്സ് ഭാഗങ്ങളിലും ആസ്ട്രിയായുടെ പലപ്രദേശങ്ങളിലും റോഡും റെയില്‍ പാതകളും സ്തംഭനാവസ്ഥയിലാണ്. സെര്‍മാറ്റ് ഭാഗത്ത് ഭൂരിഭാഗം വാഹനസൗകര്യങ്ങളും തടസപ്പെട്ടിരിക്കുകയാണ്. താല്‍ക്കാലികമായി ഒരു തൂക്കുപാലം ഇവിടെ ടൂറിസ്റ്റുകള്‍ക്കായി തുറന്നിട്ടുണ്ട്. ഹെലികോപ്റ്റര്‍ സേവനവും ഇവര്ക്കൊരുക്കിയിട്ടുണ്ട്.
മഞ്ഞുവീഴ്ചയുടേയും അതിന്റെ ശമനവും മറ്റും പ്രവചനാതീതമാണെന്നാണ് അധികൃതര്‍ പറയുന്നത്.പഴയ നിലയിലെത്താന്‍ അനേകം ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: