കേരളത്തിലെ കൊലപാതക രാഷ്‌ട്രീയത്തിന്റെ തുടക്കത്തെക്കുറിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ വെളിപ്പെടുത്തല്‍ സത്യത്തെ എക്കാലവും മൂടിവെക്കാന്‍ പറ്റില്ലെന്നതിന്റെ തെളിവാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായിരുന്ന കൊലപാതകത്തില്‍ സിപിഎമ്മിന്റെ പങ്ക് വെളിപ്പെടുത്തിക്കൊണ്ടാണ് കണ്ണൂര്‍ ധര്‍മ്മടത്ത് നടന്ന പൊതുസമ്മേളനത്തില്‍ പി. ജയരാജന്‍ പ്രസംഗിച്ചത്. ധര്‍മ്മടം മേഖലയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്നുണ്ടായ തിരിച്ചടിയിലാണ് രാമകൃഷ്ണന്‍ കൊല്ലപ്പെട്ടതെന്നും, ഇത് വരമ്പത്ത് നല്‍കിയ കൂലിയായിരുന്നുവെന്നും പി. ജയരാജന്‍ വെളിപ്പെടുത്തി.
1969 ഏപ്രില്‍ 28ന് നടന്ന ക്രൂരമായ കൊലപാതകമായിരുന്നു വാടിക്കല്‍ രാമകൃഷ്ണന്റെത്. പാവപ്പെട്ട തുന്നല്‍ തൊഴിലാളിയായിരുന്ന വാടിക്കല്‍ രാമകൃഷ്ണനെ സിപിഎമ്മുകാര്‍ നിഷ്‌കരുണം കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക സംഭവത്തെക്കുറിച്ച് അന്നത്തെ പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് വായിച്ചതിന് ശേഷം കൊലപാതകം നടത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് പി. ജയരാജന്‍ യോഗത്തില്‍ സംസാരിച്ചത്. കൊലപാതകം നേരില്‍ കണ്ട ചിലര്‍ സംഭവത്തെക്കുറിച്ച് ഈയിടെ വെളിപ്പെടുത്തിയത് കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടതുണ്ട്. സെഷന്‍സ് കോടതിയില്‍ നിന്ന് സംശയത്തിന്റെ ആനുകൂല്യത്തിലാണ് ആറു പ്രതികളും രക്ഷപ്പെട്ടത്. അന്വേഷണവും കുറ്റപത്രം തയ്യാറാക്കലും നീതിയുക്തമാക്കുകയല്ല, മറിച്ച് പാര്‍ട്ടി ഗുണ്ടകളെ സംരക്ഷിക്കാനാണ് സിപിഎം സര്‍ക്കാര്‍ ശ്രമിക്കുക എന്നതിന് കൂടുതല്‍ തെളിവുകള്‍ അന്വേഷിച്ചു പോകേണ്ടതില്ല. കണ്ണൂര്‍ ജില്ലയിലെ സുപ്രധാനമായ കേസുകളില്‍ പ്രതികളെ രക്ഷിക്കുന്ന തരത്തില്‍ കുറ്റപത്രം തയ്യാറാക്കാനാണ് പാര്‍ട്ടിയും ഭരണകൂടവും പോലീസിനു നല്‍കുന്ന നിര്‍ദ്ദേശം. ഇത് അക്ഷരം പ്രതി അനുസരിച്ച് തങ്ങളുടെ പാര്‍ട്ടി കൂറ് വെളിപ്പെടുത്തിയതിന്റെ ചരിത്രവും കേരളം ചര്‍ച്ച ചെയ്തതാണ്.
യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തുകയും പ്രോസിക്യൂഷനെയും കേസന്വേഷണത്തെയും അട്ടിമറിച്ച് അക്രമികളെ സംരക്ഷിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നതാണ് ജയരാജന്റെ പുതിയ വെളിപ്പെടുത്തല്‍. അത് സിപിഎമ്മില്‍ നിലനില്‍ക്കുന്ന വിഭാഗീയ രാഷ്‌ട്രീയത്തിന്റെ പ്രതിഫലനം എന്നതിനേക്കാള്‍ ഗൗരവമായ തലത്തില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. കൊലപാതകത്തെക്കുറിച്ച് സുപ്രധാനമായ വെളിപ്പെടുത്തല്‍ നടത്തിയ ജയരാജനില്‍ നിന്ന് കൂടുതല്‍ തെളിവെടുക്കേണ്ടതുണ്ട്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി പ്രതിസ്ഥാനത്ത് നില്‍ക്കുകയും മുഖ്യമന്ത്രി തന്നെ കേസില്‍ പ്രതിയാണെന്ന വസ്തുതയും നിലവിലുള്ളപ്പോള്‍ സര്‍ക്കാരില്‍ നിന്ന് നീതി പ്രതീക്ഷിക്കുക വയ്യ.
എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കി കമ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ തുടക്കമാണ് കൊലപാതക പരമ്പരകള്‍. ധര്‍മ്മടത്ത് തുടക്കം കുറിച്ച കൊലപാതക പരമ്പര നിര്‍ബാധം സിപിഎം തുടരുകയാണ്. ആദ്യ കൊലപാതക കേസില്‍ ഒന്നാം പ്രതിയായ ആള്‍ തന്നെ ധര്‍മ്മടം മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് കേരളത്തിന്റെ മുഖ്യമന്ത്രിയായി മാറിയിരിക്കുന്നു. എന്നാലും നിരവധി കുടുംബങ്ങളെ അനാഥമാക്കിയ ഈ പാപത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സിപിഎമ്മിനാവില്ല. കാലം എത്ര കടന്നുപോയാലും പാപത്തിന്റെ ശമ്പളം ഒടുക്കേണ്ടിവരുമെന്ന സത്യം സിപിഎം തിരിച്ചറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: