സ്വന്തം നാടിനെ വ്യത്യസ്തമായി നിരീക്ഷിക്കുകയും എഴുതുകയും ചെയ്ത അമേരിക്കന്‍ എഴുത്തുകാരന് ഫിലിപ്പ് റോത്ത് തന്റെ എഴുത്തു ജീവിതത്തില്‍ നിന്നും സ്വയം പിരിഞ്ഞെങ്കിലും ഇന്നും പറയുന്ന കാര്യങ്ങളിലെ പുതുമയും ഗൗരവവും എഴുതാതെ എഴുതുന്ന ഒരു എഴുത്തുകാരനെ അദ്ദേഹത്തില്‍ കാണിച്ചു തരുന്നു. ന്യൂയോര്‍ക്ക് ടൈംസില്‍ ഫിലിപ്പ് റോത്തുമായി ചാള്‍സ് മാക്ഗ്രത്ത് നടത്തുന്ന അഭിമുഖത്തില്‍ 85 കാരനായ ഈ എഴുത്തുകാരന് ചിന്തകൊണ്ട് കൂടുതല്‍ ചെറുപ്പമാകുന്നുവെന്ന് മനസിലാകും. അമേരിക്കയുടെ വകതിരുവുകേടുകളെ നര്‍മ്മങ്ങളിലൂടെ നിശിതമായി വിമര്‍ശിക്കുന്ന റോത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൊള്ളരുതാത്തവന്‍ എന്നാണ് വിളിക്കുന്നത്.
2012ല്‍ തന്നെ റോത്ത് എഴുത്തു നിര്‍ത്തുകയാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞിരുന്നു. നിഴലിന്റെ താഴ്വരയിലേക്കെന്നപോലെ പ്രായക്കൂടുതലിലേക്കു താന്പോകുകയാണ്, റോത്ത് പറയുന്നു. പ്രായമാകുന്നത് എങ്ങനെയാണ് അനുഭവിക്കുന്നതെന്ന ചാള്‍സിന്റെ ചോദ്യത്തിനാണ് റോത്തിന്റെ ഈ മറുപടി. ഈ സത്യം ഓരോ ദിവസവും അറിയുന്നു. രാത്രിയില്‍ ചിരിയോടെ കിടക്കയിലേക്കു ചായുമ്പോള്‍ പുതിയൊരു ദിവസത്തില്‍ ജീവിക്കുകയാണെന്നു തോന്നും. ഓരോ ദിവസത്തേയും അതിജീവിക്കുകയാണെന്ന് അങ്ങനെ മനസിലാക്കുന്നു. ആ ചിന്തകള്‍ എന്നെ ഒന്നുകൂടി ചിരിപ്പിക്കുന്നു. ചിരിച്ചുകൊണ്ട് ഉറങ്ങുന്നു . ചിരിച്ചുകൊണ്ടുതന്നെ ഉണരുന്നു. തന്റെ കഴിവും ഊര്‍ജവും ശൂന്യതയുമൊക്കെ എഴുത്തുകാരനെന്ന നിലയില്‍ ഫിലി്പ്പ് റോത്ത് തിരിച്ചറിയുന്നുണ്ട്. എല്ലാവര്ക്കും എല്ലാക്കാലവും ഫലപുഷ്ടമാവില്ലല്ലോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
അന്‍പതു വര്‍ഷങ്ങള്‍ക്കിടയില്‍ 31 കൃതികള്‍ ഫിലിപ്പ്റോത്ത് വായനക്കാര്‍ക്കു സമ്മാനിച്ചു. അതില്‍ ഓപ്പറേഷന് ഷൈലോക്, എവരി മാന്‍, അമേരിക്കന്‍ പാസ്റ്ററല്‍, ദ പ്ളോട്ട് എഗെയ്ന്‍സ്റ്റ് അമേരിക്ക തുടങ്ങി ലോക പ്രശസ്തങ്ങളായ നോവലുകളുമുണ്ട്. അമേരിക്കയെ ശക്തമായി വിമര്‍ശിക്കുമ്പോഴും നല്ലൊരു അമേരിക്കയെ സ്വപ്നം കണ്ടിരുന്ന വ്യക്തികൂടിയായിരുന്നു റോത്ത്. വില്യം ഫോക്നര്‍, ജോണ്‍ അപ്ഡെക്, കാഫ്ക തുടങ്ങിയ എഴുത്തുകാരുടെ സ്വാധീനങ്ങള്‍ റോത്തില്‍ കാണാം.
എഴുത്തുകാര്‍ക്കിടയിലെ വലിയ വായനക്കാരനായ റോത്ത് തന്റെ ഫിക്ഷനുകള്ക്കു വേണ്ടി ധാരാളമായി വായിച്ച കാര്യം പറയുന്നുണ്ട്. ഫിക്ഷന്‍ വായിക്കുന്നു. പഠിപ്പിക്കുന്നു. പഠിക്കുന്നു. എഴുതുന്നു എന്നാണ് ഫിക്ഷനെക്കുറിച്ചു ആവേശംകൊള്ളുന്നത്. അതിനൊപ്പം ചരിത്രം വായിക്കാനും നിത്യവും സമയം കണ്ടെത്തുന്നു. അമേരിക്കന്‍ ചരിത്രം മാത്രമല്ല, യൂറോപ്പിന്റെ പുതിയ ചരിത്രവും വായിക്കുന്നുണ്ട്. വായനയില്‍ ഏറ്റവും പുതിയതുമുണ്ട്. അഭിമുഖത്തില്‍ വെര്‍ജീനിയ വൂള്‍ഫും ടോള്‍സ്റ്റോയിയും ജയിംസ് ജോയിസുമൊക്കെ കടന്നുവരുന്നുണ്ട്. ജയിംസ് ജോയിസിന്റെ ജീവചരിത്രവും ജൂതനായ പഴയൊരു പെയിന്ററുടെ ആത്മകഥയുമാണ് പോയവാരത്തില്‍ റോത്ത് വായിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: