കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും വിദ്യാര്‍ത്ഥിയുമായ ശ്യാം പ്രസാദിനെ കൊലപ്പെടുത്തിയ കേസില്‍ നാല് എസ്ഡിപിഐക്കാരെ പിടികൂടിയതില്‍ സിപിഎം ആഹ്ലാദിക്കുകയാണ്. നാലുപേരെ പിടിച്ചില്ലേ എന്നാണ് സമൂഹമാധ്യമങ്ങളില്‍ അഭിമാനിക്കുന്നത്. സിപിഎമ്മിന്റെ നോട്ടപ്പുള്ളിയായിരുന്നു ശ്യാംപ്രസാദ് എന്ന കാര്യത്തില്‍ സംശയമില്ല. മറ്റാരേക്കാളും ശ്യാമിനെ ഇല്ലാതാക്കാന്‍ ആഗ്രഹിച്ചവരാണ് സിപിഎമ്മുകാര്‍. ആ കൃത്യം നടത്തിയത് എസ്ഡിപിഐക്കാരായതില്‍ സിപിഎം ആഹ്ലാദിക്കുന്നുണ്ടാകാം. പക്ഷേ ആ കൊടുംകൊലപാതകം നടത്താന്‍ പ്രേരണയും പിന്തുണയും നല്‍കിയത് സിപിഎം അല്ലേ എന്ന സംശയം ബാക്കിനില്‍ക്കുകയാണ്. കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ എസ്ഡിപിഐയും സിപിഎമ്മും സയാമിസ് ഇരട്ടകളാണ്. ഇരുവരും പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് പ്രവര്‍ത്തിക്കുന്നത്. ജിഹാദി-സിപിഎം ഭീകരതയാണ് കേരളത്തിലുള്ളതെന്ന് ബിജെപി പറഞ്ഞപ്പോള്‍ അതിനെ പരിഹസിച്ചവര്ക്ക് ഇപ്പോഴെങ്കിലും സത്യം ബോധ്യപ്പെട്ടിട്ടുണ്ടാകാം. സിപിഎം ശത്രുസംഹാരത്തിന് എസ്ഡിപിഐക്കാരെ നിയോഗിക്കുന്നു. അതാണ് സമീപകാലത്ത് കണ്ടുവരുന്നത്.
കണ്ണൂര്‍ ജില്ലയില്‍ ജിഹാദി പ്രവര്‍ത്തനം ശക്തമായി തുടരുന്നത് സിപിഎം തണലിലാണെന്നത് ഒരു രഹസ്യമല്ല. നാറാത്ത് ഭീകര പരിശീലനം നടന്നത് ഏറെ മുമ്പല്ല. സിപിഎമ്മിന് നല്ലശക്തിയും സ്വാധീനവുമുള്ള മേഖലയാണ് നാറാത്ത്. അടുത്തിടെ ഭീകരപരിശീലനം നടന്ന കനകമലയും സിപിഎം സ്വാധീന മേഖലയിലാണ്. ഭീകരരെ പിടികൂടിയ പോലീസ് ഓഫീസറെ അജ്ഞാതവാസത്തിനയച്ചത് സിപിഎം സര്‍ക്കാരാണ്. കേരളത്തെ കാശ്മീരാക്കാന്‍ തുനിഞ്ഞവര്‍ക്ക് ഒത്താശ ചെയ്യുകയാണിവര്‍. കണ്ണൂര്‍ കാക്കയങ്ങാട്ടെ ഐടിഐയിലെ വിദ്യാര്‍ത്ഥിയും എബിവിപി പ്രവര്‍ത്തകനുമായിരുന്ന ശ്യാം തീവ്ര ഇസ്ലാമിക സംഘടനകള്‍ നടത്തുന്ന രാഷ്ട്രവിരുദ്ധവും, സാമൂഹ്യവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ നിരന്തരം പരിശ്രമിച്ച യുവാവാണ്. സിപിഎമ്മും എസ്ഡിപിഐയും നിരവധി തവണ സാമൂഹ്യമാധ്യമങ്ങളില്‍ കൂടി ശ്യാമിനെതിരെ വധഭീഷണി മുഴക്കിയിരുന്നു. ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും പോലീസ് ഗൗരവത്തിലെടുത്തില്ല. ഇതാണ് കൊലപാതകത്തിന് വഴിയൊരുക്കിയത്. ഈ സംഘടനയുമായി സിപിഎമ്മിനുള്ള ബന്ധവും സംശയകരമാണ്. കണ്ണവം പോലീസാകട്ടെ സിപിഎമ്മിന്റെ ഒരു ബ്രാഞ്ചുപോലെയാണ് പ്രവര്‍ത്തിക്കുന്നത്.
കൊല നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ ഉപയോഗിച്ച വാഹനമുള്‍പ്പെടെ നാല് പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരെ പിടിച്ചതിലും ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തിയതിലും ദുരൂഹതയുണ്ട്. ഉത്തരവാദിത്വം നാലു പേരില്‍ ഒതുക്കാനും കൂട്ടുപ്രതികളെ രക്ഷിക്കാനും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട സംസ്ഥാന-ജില്ലാ നേതാക്കളിലേക്ക് അന്വേഷണം എത്താതിരിക്കാനുമുളള നീക്കമാണ് ഇതെന്നാണ് സംശയം. കൊലപാതക രീതിയും ആസൂത്രിത ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പരിശീലനം സിദ്ധിച്ച സംഘമാണ് കൊല നടത്തിയത്. കണ്ണൂര്‍ ജില്ലയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് നടത്തിയ കൊലപാതകങ്ങള്‍ക്ക് സമാന രീതിയിലാണ് ശ്യാമിനേയും വെട്ടിക്കൊന്നത്. തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയ അതേരീതിയില്‍ ശ്യാമിന്റെയും ഒരു കൈവെട്ടി മാറ്റാന്‍ ശ്രമിച്ചു. ഈ കൈ അറ്റുതൂങ്ങിയ നിലയിലായിരുന്നു. തലയുടെ ഒരു ഭാഗം വെട്ടിപ്പിളര്‍ന്നിരുന്നു. സഞ്ചരിക്കുന്ന വാഹനം ഇടിച്ചിട്ടും തടഞ്ഞ് നിര്‍ത്തിയും അക്രമം നടത്തുന്ന രീതിഇവിടെയും ആവര്‍ത്തിച്ചു. ശ്യാം സഞ്ചരിച്ച ബൈക്ക് ഇടിച്ചിട്ട ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനറായിരുന്ന പുന്നാട്ടെ ടി.അശ്വിനി കുമാറിനെ മത ഭീകരര്‍ വെട്ടിക്കൊന്നത് സ്വകാര്യ ബസ്സ് തടഞ്ഞ് നിര്‍ത്തിയാണ്. അശ്വിനികുമാറിന്റെയും ശ്യാം പ്രസാദിന്റെയും ദാരുണ കൊലപാതകത്തില്‍ ദുഃഖം പ്രകടിപ്പിക്കാത്ത സിപിഎമ്മും കോണ്‍ഗ്രസും ഭീകരതയെ വെള്ളപൂശുകയാണ്. എസ്ഡിപിഐയെ വാടക കൊലയാളികളാക്കി വളര്‍ത്താനാണ് മുന്നണികള്‍ രണ്ടും ശ്രമിക്കുന്നത്. അതുവഴി സ്വയം ശവക്കുഴി തോണ്ടുകയാണ് ഇവര്‍ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: