വെള്ളം വെള്ളം സര്‍വത്രവെള്ളം ഒരുതുള്ളി കുടിക്കാനില്ലേ്രത എന്നത് ആപ്തവാക്യമായി തീരുകയാണോ. സൗത്ത് ആഫ്രിക്കയിലെ കേപ്ടൗണില്‍നിന്നും കേള്‍ക്കുന്ന ജലക്ഷാമം കൊണ്ടുള്ള തൊണ്ട വറ്റിയ വിലാപങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്. ലോകത്തിലെ ആദ്യ ജലമില്ലാ നഗരമായി തീരാന്‍ കേപ്ടൗണിന് 90 ദിവസങ്ങള്‍ മാത്രം എന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. അടുത്തമാസംമുതല്‍ ജല ഉപയോഗം നിലവിലുള്ളതിനെക്കാള്‍ പകുതിയായി കുറക്കുകയാണ ഇവിടെ. നിത്യേനെ 80ലിറ്റര്‍ എന്നത് 56 ആയി ചുരുങ്ങും. ഭാവിയില്‍ വെള്ളം കണികാണാന്‍പോലും സാധിക്കാത്തവിധം ഇവിടം മാറിപ്പോകാമെന്നും പറയപ്പെടുന്നു.ജലോപയോഗത്തെക്കുറിച്ചുള്ള പുതിയ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ജലച്ചോര്‍ച്ച തടയുന്നതിനും മറ്റും പുതിയ നടപടികള്‍ ഭരണകൂടം ഏര്‍പ്പെടുത്തിയേക്കാം.
കാലങ്ങളായി ജലക്ഷാമത്തെക്കുറിച്ച് നാം ആവര്ത്തിപറയുന്ന കാരണങ്ങള്‍ ഒന്നുകൂടി വിപുലമായെന്നുമാത്രം. ജനസംഖ്യാ വര്‍ധനവ്, ജലച്ചോര്‍ച്ച, ജലസ്രോതസുകളെ ഇല്ലാതാക്കല്‍, കാര്‍ഷിക-വ്യവസായങ്ങള്‍ക്കുള്ള വെള്ളം പങ്കുവെക്കല്‍, ജലചൂഷണം എന്നിങ്ങനെ നീണ്ടുപോകുന്ന കാരണങ്ങള്‍. ഇതൊക്കെ ഏതുകുഞ്ഞിനും അറിയാവുന്ന കാരണങ്ങള്‍ തന്നെയാണ്. കാലം മാറിയിട്ടും കുടിവെള്ളത്തിനു വേണ്ടിമാത്രം നെട്ടോട്ടമോടുന്നതിന്റെ കഥകള്‍മാത്രം മാറുന്നില്ല. മെട്രോ കൊച്ചിയുടെ വലിയ പ്രശ്നവും കുടിവെള്ള ദൗര്‍ലഭ്യം തന്നെയാണ്. കുടിവെള്ളമില്ലാതെ എന്ത് മെട്രോ. പൈപ്പിന് ചുവട്ടിലെ പ്രണയം എന്ന സിനിമ തന്നെ ഒരിക്കലും മാറാത്ത ജലരഹിത പൈപ്പിന് ചുവടായി നമുക്കുള്ളില്‍ വരണ്ടു നില്‍ക്കുകയാണ്.
ജലക്ഷാമം ഒരിടത്തെമാത്രം പ്രശ്നമല്ല. എല്ലായിടത്തേയും പ്രശ്നമാണ്. അതുകൊണ്ടുതന്നെ അതിനൊരു ജനാധിപത്യ സ്വഭാവമുണ്ട്. പക്ഷേ അതു പരിഹരിക്കാത്ത ജനവിരുദ്ധ നിലപാടാണ് എവിടേയും. ജലസമൃദ്ധികൊണ്ട് അഹങ്കരിച്ചിരുന്ന കേരളം ഇന്ന് കുപ്പിവെള്ള കച്ചവടത്തിന്റെ ഹബ്ബായിത്തീര്ന്നിരിക്കുന്നു. ജലക്ഷാമത്തിന് കുടുവെള്ള ദൗര്‍ലഭ്യം എന്നുതന്നെയാണ് വ്യാപകമായ അര്‍ഥം. കുടിക്കാനും കുളിക്കാനും എന്നു പറയും പോലെ ഒന്നിനും ജലമില്ലാത്ത അവസ്ഥയാണിന്ന്. വെള്ളം എന്നും കൂടുതലുണ്ടായിരുന്ന സ്ഥലങ്ങളില്‍ തന്നെയാണ് ഇപ്പോള്‍ തുള്ളികാണാനില്ലാതെ കൊടും വരള്‍ച്ച വന്നിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന ചിറാപ്പൂഞ്ചി ഇപ്പോള്‍ വരള്ച്ചയിലാണെന്ന വൈരുദ്ധ്യം നമ്മെ അല്‍ഭുതപ്പെടുത്തുന്നു.
ഇന്ത്യയിലെവിടേയും ഏറിയും കുറഞ്ഞു ഈ ജലക്ഷാമമുണ്ട്. ഉത്തരേന്ത്യയെക്കാളും ജലദൗര്‍ലഭ്യം കൂടുതല്‍ മധ്യേന്ത്യയിലാണ്. നഗര പ്രാന്തകളും ജലശോഷണത്തിന്റെ കഥകള്‍ തന്നെയാണ് പറയുന്നത്. ദക്ഷിണേന്ത്യയില്‍ ചെന്നൈയും ബാംഗ്ളൂരും ജലക്ഷാമത്തിന്റെ കൊടുംകക്ഷ്ടപ്പാടിലാണെന്നുതന്നെ പറയണം. ചെന്നൈയില്‍ 60ശതമാനവും ബാംഗ്ലൂരില്‍ 40മാണ് ഈ ക്ഷാമം. ഇങ്ങനെ ജലക്ഷാമം നേരിടുമ്പോള്‍ വെള്ളം പാഴാക്കുന്നതിന്റെ ഗുരുതരകഥകള് വേറേയുമുണ്ട്. ദല്‍ഹിയാണ് ഇക്കാര്യത്തില്‍ മുന്നില്‍. 30ശതമാനവും വെള്ളം ദല്‍ഹിയില്‍ ഇങ്ങനെ പാഴാകുന്നുണ്ട്. ഓരോ 83 കിലോമീറ്ററിനുള്ളിലും ഇതു സംഭവിക്കുന്നു. മുംബൈയില്‍ ഇത് 20 ശതമാനമാണ്. ചോരാത്ത നല്ല പൈപ്പുകളിട്ടാല് പരിഹരിക്കുവുന്ന ഈ പ്രശ്നം എവിടേയും നീണ്ടുപോകുകയാണ്.
ഒരു കുടുംബത്തിന് ദിവസം നൂറുമുതല്‍ ഇരുന്നൂറു ലിറ്റര്‍വരെ ആവശ്യത്തിനു വേണമെന്നിരിക്കെ അത് എണ്‍പതും തൊണ്ണൂറുമായി കുറയുന്നുണ്ട്. ഇതൊക്കെ അത്യാവശ്യത്തിനു വെള്ളംകിട്ടുന്നിടങ്ങളിലെ കഥ. ഒട്ടും തന്നെ ജലമില്ലാത്തിടത്ത് ഇക്കഥ കേള്‍ക്കുമ്പോള്‍ അസൂയയുടെ കലിപ്പായി അത് പൊട്ടിപ്പുറപ്പെട്ടേക്കാം. വെള്ളം പാഴാക്കുമ്പോള്‍ ഓരോ തുള്ളിയും ഒരുകുടം പോലെയെന്ന് ഇനിയും നമ്മള് മനസിലാക്കാത്തത് മനസാക്ഷിയുടെ ക്ഷാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: