Categories: Football

ഇനിയില്ല കരിയിലകിക്കുകള്‍; റൊണാള്‍ഡീഞ്ഞോ ബൂട്ടഴിച്ചു

Published by

ബ്രസീലിയ: ആരാധകരെ ആവേശത്തിലാഴ്‌ത്തുന്ന കരിയില ഫ്രീകിക്കുകള്‍ ഇനിയില്ല. ഇനി ആ കിക്കുകള്‍ ആരാധകരുടെ മനസ്സില്‍ മാത്രമേ അവശേഷിക്കൂ. കാരണം ഇതിന്റെ ഉപജ്ഞാതാവായ ബ്രസീലിന്റെ സൂപ്പര്‍താരം റൊണാള്‍ഡീഞ്ഞോ കളിക്കളത്തിനോട് വിടപറഞ്ഞു. ഇതോടെ 20 വര്‍ഷത്തെ കരിയറിനാണ് അവസാനമായത്. 2015ന് ശേഷം ഒരു മത്സരത്തില്‍ പോലും ബൂട്ടു കെട്ടാതെയാണ് ഈ ഇതിഹാസതാരത്തിന്റെ വിടപറയല്‍. താരത്തിന്റെ സഹോദരനും ഏജന്റുമായ റോബര്‍ട്ടോ അസ്സിസാണ് വിരമിക്കല്‍ വാര്‍ത്ത പുറത്തുവിട്ടത്.

1998-ല്‍ ബ്രസീലിയന്‍ ക്ലബ് ഗ്രെമിയോയിലൂടെ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ച ഈ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഫ്രീ കിക്കുകളുടെ രാജകുമാരനായാണ് അറിയപ്പെട്ടത്. എതിര്‍നിര ഉയര്‍ത്തുന്ന പ്രതിരോധമതിലിനു മുകളിലൂടെ റൊണാള്‍ഡീഞ്ഞോ എടുക്കുന്ന ഫ്രീകിക്കുകള്‍ കരിയിലകള്‍ പറക്കുന്നപോലെ എതിര്‍ പോസ്റ്റില്‍ കയറുന്നത് ഏറെ അത്ഭുതത്തോടെയാണ് ഫുട്‌ബോള്‍ ലോകം നോക്കിനിന്നത്. 

1996 ല്‍ അണ്ടര്‍17 ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിലൂടെയാണ് റൊണാള്‍ഡീഞ്ഞോ എത്തുന്നത്. തൊട്ടടുത്ത വര്‍ഷം ബ്രസീല്‍ ക്ലബ്ബായ ഗ്രെമിയോയുടെ സീനിയര്‍ ടീമിലേക്കും എത്തും. വൈകാതെ തന്നെ ഗ്രെമിയോ, റൊണാള്‍ഡീഞ്ഞോ എന്ന വണ്ടര്‍ കിഡിന്റെ വിലയറിഞ്ഞു തുടങ്ങി. 1999-ല്‍ നടന്നൊരു മത്സരത്തില്‍ റൊണാള്‍ഡീഞ്ഞോയുടെ ബൂട്ടുകള്‍ ഇന്ദ്രജാലം കാണിച്ചു. ബ്രസീല്‍ ടീം ക്യാപ്റ്റന്‍ ഡുംഗ ഉള്‍പ്പെട്ട ക്ലബ്ബിനെയാണ് റൊണാള്‍ഡീഞ്ഞോ വിസ്മയിപ്പിച്ചത്. ഡൂംഗയെ രണ്ടു തവണ കബളിപ്പിച്ച റൊണാള്‍ഡീഞ്ഞോ ഒരു വട്ടം ഡൂംഗയുടെ തലയ്‌ക്കു മുകളിലൂടെ പന്ത് കോരിയിട്ടു കുതിച്ചത് അവിശ്വസനീയതയോടെയാണ് നോക്കിനിന്നത്.

ഇതോടെ യൂറോപ്യന്‍ വമ്പന്മാരായ ബാഴ്‌സലോണ, എസി മിലാന്‍ ക്ലബ്ബുകള്‍ റൊണാള്‍ഡീഞ്ഞോയെ സ്വന്തമാക്കാനൊരുങ്ങി. എന്നാല്‍ താരം എത്തപ്പെട്ടത് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയില്‍. പിഎസ്ജിയിലെത്തിയതോടെ മത്സരങ്ങള്‍ക്ക് ശേഷം നിശാപാര്‍ട്ടികളായി റൊണാള്‍ഡീഞ്ഞോയുടെ ലോകം. ഇതോടെ പിഎസ്ജിക്ക് റൊണാള്‍ഡീഞ്ഞോ അധികപ്പറ്റതായി. ഇതിനിടെ 2002ലെ ലോകകപ്പ് ബ്രസീലിന് നേടിക്കൊടുക്കുന്നതില്‍ റൊണാള്‍ഡീഞ്ഞോ നിര്‍ണായക പങ്കുവഹിച്ചു. പ്രശസ്തി റൊണാള്‍ഡിഞ്ഞോയെ റാഞ്ചിയതോടെ പിഎസ്ജിക്ക് മടുത്തു തുടങ്ങി.

തുടര്‍ന്ന് 2003-ല്‍ ബാഴ്‌സലോണയിലേക്ക്. 2008 വരെ കറ്റാലന്‍ പടയുടെ മുന്നണിപ്പോരാളായി വിലസി. അഞ്ചു വര്‍ഷം ബാഴ്‌സയുടെ ജഴ്‌സിയില്‍ കളിച്ച റൊണാള്‍ഡീഞ്ഞോ രണ്ട് ലാ ലീഗ കിരീടങ്ങള്‍, ചാമ്പ്യന്‍സ് ലീഗ് കിരീടം എന്നിവ നേടി. 2004, 2005 വര്‍ഷങ്ങളില്‍ ലോകത്തിലെ മികച്ച കളിക്കാരനുള്ള അവാര്‍ഡും നേടി. 2008-ല്‍ മിലാനിലേക്ക് റൊണാള്‍ഡീഞ്ഞോ ചേക്കേറി. 2010-11 സീസണില്‍ മിലാന്‍ സീരി എ ചാമ്പ്യന്മാരായത് റൊണാള്‍ഡീഞ്ഞോയുടെ മികവിലായിരുന്നു. 2011-ല്‍ മിലാന്‍ വിട്ടശേഷം ഫ്‌ളെമിംഗോയ്‌ക്കും അത്‌ലറ്റിക്കോ മിനെയര്‍ക്കുമെല്ലാം റൊണാള്‍ഡീഞ്ഞോ കളിച്ചു. 1999 മുതല്‍ ബ്രസീല് ജഴ്‌സിയില്‍ കളിക്കാനിറങ്ങിയ റൊണാള്‍ഡീഞ്ഞോ 97 മത്സരങ്ങളില് നിന്ന് 33 ഗോളുകള്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by