നിരത്തില്‍ എത്തുന്ന അത്ഭുത വണ്ടികളും വാഹന ലോകത്തെ പുതുമകളും അറിയാന്‍ ഇനി അധികനാള്‍ കാത്തിരിക്കേണ്ട. വാഹന പ്രേമികള്‍ കാത്തിരുന്ന 2018 ഓട്ടോ എക്സ്പോയ്ക്ക് ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില് ഫെബ്രുവരി ഒന്‍പതിന് തുടക്കമാകും. 14 വരെ നീളുന്ന എക്സ്പോയില്‍ വിവിധ മോട്ടോര്‍ വാഹന കമ്പനികള്‍ പുതുമയാര്‍ന്ന ഒട്ടേറെ വാഹനങ്ങള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഇലക്ട്രിക്കല്‍, സിഎന്‍ജി വാഹനങ്ങള്‍ക്കായിരിക്കും എക്സ്പോ പ്രാധാന്യം നല്‍കുന്നതെന്നാണ് സൂചന. മലിനീകരണം കുറവുള്ള വാഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന കേന്ദ്രനിര്‍ദ്ദേശം ഒട്ടുമിക്ക കമ്പനികളും പ്രാവര്‍ത്തികമാക്കും.
1.85 ലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലത്താണ് ഓട്ടോ എക്സ്പോ നടക്കുന്നത്. ഗ്രേറ്റര്‍ നോയ്ഡയിലെ ഇന്ത്യ എക്സ്പോ മാര്‍ട്ടിലും പ്രഗതി മൈതാനിലുമായാണ് എക്സ്പോ നടക്കുക. ഇന്ത്യയിലെ വാഹനനിര്മ്മാതാക്കള്ക്കുപുറമെ വിവിധ രാജ്യങ്ങളിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളും പങ്കെടുക്കും.
എക്സ്പോയില്‍ എത്തുന്നവരുടെ അഭിപ്രായവും നിര്‍ദ്ദേശവും കണക്കിലെടുത്ത് വാഹനങ്ങളുടെ അന്തിമ ഡിസൈന്‍ രൂപകല്‍പ്പന ചെയ്യുന്നതിനെക്കുറിച്ചും കമ്പനികള്‍ ആലോചിക്കുന്നുണ്ട്. ആളുകളുടെ അഭിരുചിക്ക് ഇണങ്ങുന്ന വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ ലക്ഷ്യമിട്ടാണിത്. എന്നാല്‍, ചില വാഹന നിര്‍മ്മാതാക്കള്‍ ഓട്ടോ എക്സ്പോയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. എങ്കിലും ഓട്ടോ എക്സ്പോ സന്ദര്‍ശക ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്.
ഡ്രൈവര്‍മാര്‍ ധരിച്ചോളൂ… തലച്ചോര്‍ തരംഗം അളക്കുന്ന ഉപകരണം
തലച്ചോറിലെ തരംഗങ്ങള്‍ അളക്കുന്ന ഉപകരണം ഡ്രൈവര്‍മാര്‍ ധരിച്ചാല്‍ എങ്ങനെയിരിക്കും? വാഹനങ്ങളുടെ നിയന്ത്രണത്തില്‍ കുറേക്കൂടി കരുതലോടെ ശ്രദ്ധിക്കാനാകും. ഉദാഹരണത്തിന് വണ്ടി ഓടിക്കുന്നതിനിടയില്‍ ഒരു നായ കുറുകെ ചാടിയെന്ന് സങ്കല്‍പ്പിക്കുക. തലച്ചോര്‍ തരംഗങ്ങള്‍ അളക്കുന്ന ഉപകരണമുണ്ടെങ്കില്‍ ബ്രേക്കില്‍ കാലമര്‍ത്താന്‍ അധികസമയമെടുക്കില്ല. ഇതുവഴി അപകടമൊഴിവാക്കാനാകും.
ഡ്രൈവര്‍ ചിന്തിക്കുന്നത് അപ്പോള്‍ തന്നെ കാറിന്റെ ഗതിയെ നിര്‍ണ്ണയിക്കുന്ന സാങ്കേതിക വിദ്യയുമായി നിസ്സാനാണ് രംഗത്ത് വന്നിട്ടുള്ളത്. ബ്രെയിന്‍ ടു വെഹിക്കിള്‍ (ബി2വി) എന്നാണ് പേര്. തലച്ചോറിലെ തരംഗങ്ങള്‍ ഉപകരണത്തിലൂടെ വിശകലനം ചെയ്യുന്നതു വഴി വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാകും. സ്റ്റിയറിങ് വീല്‍ തിരിക്കുക, കാറിന്റെ വേഗം കുറയ്ക്കുക തുടങ്ങിയ വിവിധ കാര്യങ്ങളാണ് ചെയ്യുക. ചിന്തയ്ക്കൊപ്പം 0.2 മുതല്‍ 0.5 സെക്കന്റു വരെ കൂടുതല്‍ വേഗത്തില്‍ കാറിന്റെ ഗതി നിര്‍ണ്ണയിക്കാന്‍ പുതിയ സാങ്കേതികവിദ്യ സഹായിക്കും. ഇതുവഴി അപകടങ്ങള്‍ കുറയ്ക്കാനാകും.
പറ പറക്കാം… മൂന്ന് കോടിയുടെ ഇറ്റാലിയന്‍ കാറില്‍
ഒരു കാറിന് മൂന്ന് കോടി രൂപയോ? കേള്‍ക്കുന്നവര്‍ അത്ഭുതപ്പെട്ടുപോകും. അപ്പോള്‍, ആ കാറില്‍ കയറി ഒന്ന് യാത്ര ചെയ്താലോ? ശരിക്കും ഞെട്ടും. 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കാറിന് വെറും 3.6 സെക്കന്റ് മതി. പരാമവധി വേഗമാകട്ടെ 305 കിലോമീറ്ററും. ലോകത്തിലെ ഏറ്റവും വേഗമേറിയ എസ് യുവിയാണ് ഇനി ഇന്ത്യന്‍ നിരത്തില്‍ ചീറിപ്പായുക. വാഹന പ്രേമികളെ ഞെട്ടിക്കാന്‍ ഇറ്റലിയില്‍ നിന്നാണ് ഈ അത്ഭുത കാറിന്റെ വരവ്.
ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി കാറിന് നല്കിയ പേര് ഉറുസ്. ഇന്ത്യന്‍ വാഹനപ്രേമികള്‍ക്കായി ഇന്നലെ ഉറുസ് അവതരിപ്പിച്ചു. മൂന്നു കോടി രൂപയാണ് ഈ പെര്‍ഫോമന്‍സ് എസ്യുവിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില. നിരത്തിലിറങ്ങുമ്പോള്‍ മൂന്നരക്കോടിയാകും വില. മോട്ടോര്‍ വാഹനവകുപ്പിന് നികുതിയായി മാത്രം 37.5 ലക്ഷം രൂപ നല്‍കണം. ഇന്‍ഷുറന്‍സ് തുകയാകട്ടെ 10 ലക്ഷത്തോളം വരും. ഇന്ത്യക്കാര്‍ക്കായി ഇഎംഐ സംവിധാനവും കമ്പനി ഒരുക്കിയുട്ടുണ്ട്. ഒരു മാസത്തെ അടവ് 6.34 ലക്ഷം രൂപ.
പക്ഷേ, ഇത്ര വില കൂടിയ കാറിന് ഇന്ത്യയില്‍ എത്രമാത്രം സ്വാധീനം ഉറപ്പിക്കാനാകുമെന്ന് അറിയില്ല. മൂന്നരക്കോടി വിലയുള്ള കാര്‍ ഇറക്കി കമ്പനി ലക്ഷ്യമിടുന്നത് ഇന്ത്യയിലെ വന്‍ ബിസിനസ് മാഗ്നെറ്റുകളെയാണെന്നത് ഉറപ്പ്. ഇന്ത്യന്‍ റോഡ് സാഹചര്യത്തിന് ഇണങ്ങുന്നതാണോ ഈ കാര്‍ എന്ന സംശയം വാഹന പ്രേമികള്ക്കുണ്ടാകാം. എന്നാല്‍, ഓണ്‍ റോഡിലൂം ഓഫ് റോഡിലും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയും. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്നതാണ് കാര്‍.
4 ലിറ്റര്‍ വിഎട് ബൈടര്‍ബോ എഞ്ചിന് 3996 സിസിയാണ്. 6000 ആര്‍പിഎമ്മില്‍ 641 ബിഎച്ച്പി കരുത്തും 2250-4500 ആര്‍പിഎമ്മില്‍ 850 എന്‍എം ടോര്‍ക്കുമേകാന്‍ ശേഷിയുള്ളതാണ് എഞ്ചിന്. ശരിക്കും സൂപ്പര്‍ കാര്‍.
കാത്തിരിക്കുക; യാത്ര ഫ്യൂച്ചറിലാക്കാം
ഭാവിയില്‍ ഏത് കാറില്‍ യാത്ര ചെയ്യണം? മാരുതി സുസുക്കിയുടെ ആരാധകരോടാണ് ഈ ചോദ്യമെങ്കില്‍ അവര്‍ക്ക് ഒറ്റ ഉത്തരമേ കാണൂ. ഭാവിയിലെ യാത്ര ഫ്യൂച്ചര്‍ എസ്സിലായിരിക്കും. കിടിലന്‍ ഡിസൈനുമായി വരുന്ന ഫ്യൂച്ചര്‍ എസ്സിന്റെ കൂടുതല്‍ വിവരങ്ങള്‍ ഓട്ടോ എക്സ്പോയിലൂടെ വാഹന പ്രേമികള്‍ക്ക് മുന്നിലെത്തും.
വിറ്റാര ബ്രെസ്സയുടെയും സ്വിഫ്റ്റിന്റെയും ഇടയിലാണ് മൈക്രോ എസ്യുവിയായ ഫ്യൂച്ചര്‍ എസ്സിന്റെ സ്ഥാനം. പുറം മേനിയഴകിനൊപ്പം ഇന്റീരിയറിനും കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് ഫ്യൂച്ചര്‍ എസ് വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തിക്കുക. പരമ്പരാഗത ഡിസൈനുകളില്‍ നിന്ന് മാറിയായിരിക്കുമിത്. കോംപാക്ട് കാര്‍ സെഗ്മെന്റില്‍ ഞെട്ടിക്കുന്ന ഡിസൈനിലായിരിക്കും ഇത്. കുറഞ്ഞ ചെലവില്‍ എസ്.യു.വിയുടെ ആഡംബരം വാഹന പ്രേമികള്‍ക്ക് നല്‍കുകയാണ് ലക്ഷ്യം. ബ്രെസ്സയേക്കാള്‍ 200 എം.എം. നീളം കുറവായിരിക്കും. സീറ്റിന്റെ വലിപ്പവും ലെഗ് സ്പേസും ആവശ്യത്തിന് നല്‍കിയാണ് ഡിസൈന്‍ ചെയ്യുക.
വാണിജ്യാടിസ്ഥാനത്തില്‍ കാര്‍ നിരത്തിലെത്തിക്കുന്നതിന് മുമ്പ് വാഹന പ്രേമികളുടെ നിര്‍ദ്ദേശങ്ങളും പരിഗണിക്കും. ഓട്ടോ എക്സ്പോയില്‍ കാര്‍ മോഡല്‍ അവതരിപ്പിക്കുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനാണ് പരിപാടി. ഒന്നരവര്‍ഷത്തിനകം വാണിജ്യാടിസ്ഥാനത്തില്‍ കാര്‍ ഉത്പാദനം ആരംഭിച്ചേക്കും. 1.2 ലിറ്റര്‍ കെ. സീരീസ് പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായിരിക്കും കാറില്‍. വില നാലര ലക്ഷം രൂപ മുതല്‍. പുതിയ കാര്‍ ഡിസൈന്റെ ടീസര്‍ മാരുതി പുറത്തിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: