വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ചാനല്‍ ചര്‍ച്ചയില്‍ അവതാരകനായിരിക്കെ ചര്‍ച്ചയില്‍ പങ്കെടുത്ത രാജ്യത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ജെ.ഗോപീകൃഷ്ണന് ആര്‍എസ്എസിനെക്കുറിച്ച് പറഞ്ഞത് ഇപ്പോള്‍ ഓര്‍ത്തുപോവുകയാണ്. അന്ധന് ആനയെ കണ്ടതുപോലെയാണ് രാജ്യത്തെ ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും ആര്‍എസ്എസിനെ കാണുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. രാജ്യത്ത് എവിടെ ദളിത് പീഡനം നടന്നാലും അതെല്ലാം ‘ബ്രാഹ്മണാധീശത്വ’മുള്ള ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് വിമര്‍ശകരും മാധ്യമങ്ങളും മത്സരിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതില്‍നിന്നെല്ലാം അകലെയാണെന്ന് ഈ സംഘടനയെ അടുത്തറിയുന്നവര്‍ക്ക് മനസ്സിലാകും.
കേരളത്തില്‍ ഇന്നുവരെ ആര്‍എസ്എസിന്റെ നേതാക്കളോ, സ്വയംസേവകരോ ഏതു ജാതിക്കാരാണെന്ന് ചോദിക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ല. അതിന് പ്രധാന കാരണം അങ്ങനെ തരംതിരിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ ആ സംഘടനയുടെ പക്കല്‍ ഇല്ലെന്നതുതന്നെ. നിരന്തരമായി ദളിത് പീഡനത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്ന ഈ സംഘടനയ്ക്ക് ജാതിയെന്നൊന്നില്ല എന്നതാണ് സത്യം.
1942-ല്‍ തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് ആര്‍എസ്എസ് പ്രവര്‍ത്തനം കേരളത്തില്‍ ആദ്യമായി ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് മധു ഓഖും കോഴിക്കോട് ദത്തോപാന്ത് ഠേംഗ്ഡിയുമാണ് ശാഖാ പ്രവര്‍ത്തനം തുടങ്ങിയത്. ഠേംഗ്ഡിക്കൊപ്പം ശങ്കര്‍ ശാസ്ത്രിയും സജീവ പ്രവര്‍ത്തനത്തിലുണ്ടായിരുന്നു. ഇവര്‍ രണ്ടുപേരും നാഗ്പൂരില്‍ നിന്നുവന്ന ബ്രാഹ്മണ സമുദായാംഗങ്ങളാണ്. വേണമെങ്കില്‍ ഈ സംഘടനയെ അവര്‍ക്ക് ഉന്നത ജാതിക്കാരായ വ്യക്തികള്‍ നേതൃത്വം നല്കുന്ന സംഘടനയാക്കി മാറ്റാമായിരുന്നു.
സംഘത്തിന്റെ പ്രചാരം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഉണ്ടായപ്പോള്‍ അതില്‍ പങ്കെടുത്തവരില്‍ വലിയൊരു വിഭാഗം ഉയര്‍ന്ന ജാതിക്കാരായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ കേരളത്തിലെ അവസ്ഥ ഏറെ വ്യത്യസ്തമായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ കേരളത്തില്‍ ഉണ്ടായ സാമൂഹ്യ നവോത്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ച് സംഘടന പടുത്തുയര്‍ത്താനുള്ള സാധ്യത ദത്തോപാന്ത് ഠേംഗ്ഡി മുന്നില്‍ കണ്ടു. അതുകൊണ്ടുതന്നെയാണ് കോഴിക്കോട്ട് രാജകുടുംബങ്ങളുടെ ഇടയില്‍ ശാഖ തുടങ്ങിയ അതേസമയത്തുതന്നെ കടപ്പുറങ്ങളിലും ശാഖ തുടങ്ങിയത്.
തുടര്‍ന്നിങ്ങോട്ട് പൂര്‍ണമായും ജാതി രഹിത സംഘടനയായാണ് ആര്‍എസ്എസ് കേരളത്തില്‍ വളര്‍ന്നത്. കേരളത്തില്‍നിന്ന് ആദ്യമായി സംഘശിക്ഷാ വര്ഗിനുപോയ വ്യക്തി പിന്നാക്ക വിഭാഗത്തില്‍പ്പെട്ട അമ്പാളി കരുണാകരനായിരുന്നു. 1955-ല്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കൃഷ്ണന് കുട്ടിയെന്ന പ്രചാരകന് സംഘത്തിനുണ്ടായി. അദ്ദേഹമാണ് മലപ്പുറം ജില്ലയുടെ പല സ്ഥലങ്ങളിലും സംഘത്തിന് വേരോട്ടമുണ്ടാക്കിക്കൊടുത്തത്. പിന്നീട് പ്രചാരക പദവിയില്‍ നിന്ന് മാറിയെങ്കിലും സംഘപഥത്തില്നിന്ന് ഒരിക്കലും വ്യതിചലിച്ചില്ല.
ശ്രീനാരായണഗുരു, അയ്യന്‍കാളി, സഹോദരന് അയ്യപ്പന്, അയ്യാ വൈകുണ്ഠപാദര് തുടങ്ങിയവര്‍ ഉഴുതിട്ട ഈ മണ്ണില്‍ മികച്ച വിളവുകിട്ടിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്ക്കാണെന്നത് വസ്തുതയാണ്. അധഃസ്ഥിതരുടെ സാമ്പത്തികമായ ഉച്ചനീചത്വങ്ങളെ നേരിടാന്‍ പാര്‍ട്ടി മുന്കയ്യെടുത്തപ്പോള് അവര്‍ക്ക് രാഷ്ട്രീയമായ നേട്ടം ഉണ്ടായി. പക്ഷേ ആത്മീയമായ സ്വാഭിമാനം അവശ ജനവിഭാഗങ്ങള്‍ക്ക് നേടിക്കൊടുത്തത് രാഷ്ട്രീയ സ്വയംസേവക സംഘം തന്നെയാണ്.
ദേവസ്വം ബോര്‍ഡില്‍ അബ്രാഹ്മണരായ പൂജാരിമാര്‍ക്ക് അനുമതി നല്‍കിയത് പിണറായി സര്‍ക്കാരിന്റെ പൊന്‍തൂവലായി കൊട്ടിഘോഷിക്കുമ്പോള്‍ പി. മാധവന് എന്ന ഉന്നതകുലജാതനായ ആര്‍എസ്എസ് പ്രചാരകനെയും, പറവൂര്‍ ശ്രീധരന് തന്ത്രിയെന്ന പിന്നാക്ക വിഭാഗക്കാരനായ വേദപണ്ഡിതനെയും ഓര്‍ക്കാതിരിക്കുന്നതെങ്ങനെ. അവശ വിഭാഗങ്ങളുടെ ആത്മീയമായ സ്വാഭിമാനം വീണ്ടെടുക്കാന്‍ കേരളത്തില്‍ നടന്ന ഏറ്റവും വലിയ സാമൂഹ്യ വിപ്ലവമായിരുന്നു പാലിയം വിളംബരം. അബ്രാഹ്മണര്‍ക്കും ക്ഷേത്ര പൂജാവിധികള്‍ ചെയ്യാമെന്ന വിളംബരം പാലിയത്ത് നടക്കുമ്പോള്‍ അതില്‍ കേരളത്തിലെ താന്ത്രികാധികാര സ്ഥാനമുള്ള 18 ബ്രാഹ്മണ കുടുംബങ്ങളും പങ്കുചേര്‍ന്നു. തുടര്‍ന്നാണ് ആലുവയില്‍ തന്ത്ര വിദ്യാപീഠം സ്ഥാപിതമാകുന്നത്.
പറവൂര്‍ ശ്രീധരന് തന്ത്രിയും പി. മാധവ്ജിയും വൈദിക കുടുംബങ്ങളുമായി നിരവധി തവണ കൂടിയാലോചനകള്‍ നടത്തിയതിനുശേഷമാണ് ഈ ചരിത്ര വിളംബരത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. വൈദിക ശ്രേഷ്ഠരെപ്പോലും അമ്പരപ്പിക്കുന്ന വിധത്തിലാണ് ശ്രീധരന് തന്ത്രി വേദങ്ങളെയും മറ്റ് ഗ്രന്ഥങ്ങളെയും ഉദ്ധരിച്ച് എതിര്‍പ്പുകളെ നേരിട്ടത്. ഹൈക്കോടതി വിധിവഴി ശ്രീധരന് തന്ത്രിയുടെ മകന് രാകേഷ് ദേവസ്വം ബോര്‍ഡ് അംഗീകാരമുള്ള തന്ത്രിയായി മാറി. സാമൂഹ്യവും ആത്മീയവുമായ പശ്ചാത്തലത്തില്‍ ഈ മുന്നേറ്റത്തിനുള്ള പ്രാധാന്യം മനഃപൂര്‍വം കണ്ടില്ലെന്നു നടിക്കാനാണ് മുഖ്യധാരാ മാധ്യമങ്ങള്‍ക്കും നിരീക്ഷകര്ക്കുമിഷ്ടം.
ആര്‍എസ്എസ് നേതൃത്വത്തില്‍ ആരൊക്കെ, ഏത് ജാതി എന്നത് ഈ സംഘടനയ്ക്ക് ഒരിക്കലും വിഷയമായിട്ടില്ല. പക്ഷേ അതിന് ബ്രാഹ്മിണിക്കല്‍ മുദ്രകുത്താന്‍ മത്സരിക്കുന്നവര്‍ക്ക് അതൊരു വിഷയമായിരിക്കും. അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് ശേഷം പലപ്പോഴും സംഘടനയുടെ സംസ്ഥാന നേതൃത്വത്തില്‍ മാറ്റങ്ങളുണ്ടാകാറുണ്ട്. ഈ സമയത്ത് പല മാധ്യമ സുഹൃത്തുക്കളും രഹസ്യമായി ഇവരുടെയെല്ലാം ജാതിയേതെന്ന് ഈ ലേഖകനോട് അന്വേഷിച്ചിട്ടുണ്ട്. ഒഴിവാകാനായി അറിയില്ലെന്നു പറയും. അതിന്റെ ഉത്തരം അവര്‍ക്ക് ഒരിക്കലും കിട്ടില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.
മലപ്പുറത്ത് താഴ്ന്ന ജാതിയില്‍പ്പെട്ടവരെന്ന് മുദ്രകുത്തിയവര്‍ക്ക് ചായ ചിരട്ടയില്‍ നല്‍കിയിരുന്ന കാലമുണ്ടായിരുന്നു. ആര്‍എസ്എസ് ശാഖ കഴിഞ്ഞ് ഗണവേഷത്തില്‍ വരുന്ന സ്വയംസേവകരാണ് ഈ ഉച്ചനീചത്വം അവിടെ അവസാനിപ്പിച്ചത്. സംഘപരിവാര്‍ സംഘടനകളുടെ അഖില ഭാരതീയ ചുമതലകളില്‍ വരെ അധഃകൃതരെന്നു മുദ്രകുത്തപ്പെട്ട ജനവിഭാഗങ്ങളെ എത്തിക്കാനായത് സംഘത്തിന്റെ ഔന്നത്യം തന്നെയാണ്. ”കേരളത്തിലും പുറത്തും നിരവധി ബ്രാഹ്മണ വീടുകളില്‍ താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്.” ആ കുടുംബങ്ങളിലെ സ്ത്രീകള്‍ എനിക്ക് ഭക്ഷണം വിളമ്പിത്തരുന്നതും എന്റെ പാത്രം കഴുകിവയ്ക്കുന്നതും കാണാന്‍ സാധിച്ചു. സംഘ സ്വയംസേവകനായതുകൊണ്ടാണ് തനിക്കിത് അനുഭവിക്കാന്‍ സാധിച്ചതെന്ന് പരിവാര്‍ സംഘടനയുടെ അഖില ഭാരതീയ ഉത്തരവാദിത്തം വഹിച്ചിരുന്ന വ്യക്തി പറയുമ്പോള്‍ താഴേക്കിടയിലെന്ന് സമൂഹം മുദ്രകുത്തിയ ജനവിഭാഗത്തിന്റെ സ്വാഭിമാനം വീണ്ടെടുക്കാന്‍ സംഘം നടത്തിയ അദൃശ്യ സംഭാവനകളാണ് ആദരിക്കപ്പെടുന്നത്.
പക്ഷേ അദ്ദേഹം ചൂണ്ടിക്കാട്ടുന്ന മറ്റൊരു വലിയ യാഥാര്‍ത്ഥ്യമുണ്ട്. സംഘത്തിന്റെ ഭ്രമണപഥത്തില്‍ നിന്നു മാറിയാല്‍ ലോകം വീണ്ടും പഴയ പടിയിലേക്ക് പോകുന്നു. അതിന് ജാതിയില്ലാ സമൂഹത്തിനുവേണ്ടി ഇനിയുമധികം കാര്യങ്ങള്‍ ചെയ്യണം. സംഘമെന്ന മരത്തണലില്‍ നില്‍ക്കുമ്പോഴുള്ള സമത്വം അതിനു പുറത്തും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ദളിത് പീഡനങ്ങളുടെ പേരില്‍ ആര്‍എസ്എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവര്‍ക്ക് ഒരു കാര്യം നന്നായി അറിയാം. എത്ര വിമര്‍ശനം ഏറ്റുവാങ്ങിയാലും സംഘടനയിലെ അംഗങ്ങളുടെ ജാതിപറഞ്ഞുള്ള കണക്ക് എത്ര വലിയ നേട്ടത്തിനായാലും പുറത്തുവിടില്ല. അത് പുറത്തുവിട്ടാല്‍ ഒരുപക്ഷേ ഇവരുടെ നാവ് എന്നെന്നേക്കുമായി നിലച്ചുപോയേക്കാം. പക്ഷെ പ്രസ്ഥാനത്തേക്കാളും ആദര്‍ശത്തേക്കാളും വലുതല്ല താത്കാലികമായ വിജയങ്ങള്‍ എന്ന തിരിച്ചറിവ് ഒമ്പത് ദശകങ്ങളുടെ അനുഭവ സമ്പത്തുള്ള ഈ സംഘടനയ്ക്കുണ്ട്. കാരണം ജാതിയോ മതമോ, ഭാഷയോ നിറമോ നോക്കാതെ രാഷ്ട്രനിര്‍മ്മാണത്തിനുവേണ്ടിയുള്ള സപര്യ സംഘം തുടരുകതന്നെ ചെയ്യും.
അനു നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: