സര്‍ക്കാര്‍ തലത്തിലെ അമിത ചെലവിനെയും സാമ്പത്തിക പ്രതിസന്ധിയെയും അതിനുള്ള പരിഹാരത്തെയുംപറ്റി മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാഗോപിനാഥ് പറഞ്ഞ അഭിപ്രായം സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കണ്ണുതുറപ്പിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ പദ്ധതി ചെലവ് കുറയ്ക്കേണ്ടി വരുമെന്ന ചിലരുടെ വാദം ശരിയല്ല.
ആകെ വരുമാനത്തിന്റെ സിംഹഭാഗവും പദ്ധതിയിതര ഇനങ്ങളായ ശമ്പളം, പെന്ഷന്, പലിശ എന്നിവയ്ക്കായാണ് ചെലവഴിക്കുന്നത്. ഗീതാ ഗോപിനാഥ് പറഞ്ഞതുപോലെ ഇവയിലാണ് കുറവു വരേണ്ടത്. വസതി, വാഹനം, ഇതര സൗകര്യങ്ങള്‍ തുടങ്ങി ഉന്നതതലത്തിലുള്ള ആര്‍ഭാടങ്ങള്‍ അവസാനിപ്പിക്കണം.ഒരു ലക്ഷത്തിനുമേല്‍ ശമ്പളം നല്‍കേണ്ട സാമൂഹ്യ ആവശ്യകത കേരളത്തില്‍ നിലവിലില്ല. തനിക്ക് ഒരു ലക്ഷത്തിനുമേല്‍ ശമ്പളത്തിനു യോഗ്യതയുണ്ടെന്ന് കേരളത്തിലെ ഒരുദ്യോഗസ്ഥനും, ചീഫ് സെക്രട്ടറി പോലും, അവകാശപ്പെടില്ല. പരമാവധി ശമ്പളം ഒരു ലക്ഷമായി നിജപ്പെടുത്തിയേ പറ്റൂ. അതിനു മുകളിലെ എല്ലാ ശമ്പളവും ഒരു ലക്ഷമായി കുറയ്ക്കണം . അന്‍പതിനായിരത്തിനു മുകളിലെ എല്ലാ ശമ്പളവും
അന്‍പതിനായിരം ആയി കുറയ്ക്കണം. വന്‍തുക ശമ്പളം നല്കുമ്പോള് അതിന്റെ പകുതിയുടെയെങ്കിലും പ്രയോജനം സര്‍ക്കാരിനുണ്ടാകണം.
ശമ്പളപരിഷ്കരണം ആവശ്യമെങ്കില്‍ പത്തു വര്‍ഷത്തില്‍ മതി. എല്ലാ തലത്തിലും വാര്‍ഷിക വര്‍ധന ആയിരം രൂപമതി എന്നു നിശ്ചയിക്കണം. പെന്ഷന് നിയന്ത്രിക്കണം. സിവില്‍ സര്‍വീസുകാര്‍ക്ക് 30000, മറ്റുളളവര്‍ക്ക് 20000 രൂപ പരമാവധി പെന്‍ഷനായി നിജപ്പെടുത്തണം. പൊതുജനത്തിന്റെ യജമാനന്മാരല്ല, അവരുടെ കനിവില്‍ ജീവിക്കുന്ന സേവകരാണ് സര്‍ക്കാര്‍ സേവകര്‍ എന്ന സത്യം ബോധ്യപ്പെടണം.
മറ്റൊരിടത്തും ഇല്ലാതെ, കേരളത്തില്‍ മാത്രമുള്ള ചെലവാണ് എയ്ഡഡ് മേഖലയ്ക്കായി വര്‍ഷം തോറും നല്കുന്ന 16000 കോടി രൂപ. വര്‍ഷം 6000 കോടിയുടെ നിയമന കോഴ ഇടപാടു നടക്കുന്ന എയ്ഡഡിനായുള്ള സര്‍ക്കാര്‍ വിഹിതം വന്‍തോതില്‍ കുറയണം. സര്‍ക്കാര്‍തന്നെ ശമ്പളം നല്കട്ടെ. പക്ഷേ സര്‍ക്കാര്‍ നിരക്കില്‍ നല്‍കേണ്ട ആവശ്യമെന്ത്? പരമാവധി 30000 രൂപയായി എയ്ഡഡില്‍ ശമ്പളം പരിമിതപ്പെടുത്തണം. തൊഴിലുടമയായ മാനേജര്‍ നല്‍കേണ്ട ഗ്രാറ്റുവിറ്റി സര്‍ക്കാര്‍ നല്‍കുന്നതെന്തിന്? പെന്ഷന് നിര്‍ത്തലാക്കുകയോ 5000 – 10000 ആയി ചുരുക്കുകയോ വേണം.
മുസ്ലിം ലീഗും സിപിഎമ്മും പോലുള്ള കക്ഷികളും നേതാക്കളുമൊക്കെ എയ്ഡഡിന്റെ ഉടമകളും ഗുണഭോക്താക്കളുമായിരിക്കെ, മുന്നണികള്‍ മാറി മാറി ഭരിച്ചാലും എയ്ഡഡ് മേഖലയെ മല്‍സരിച്ചു പോഷിപ്പിക്കുന്നതാണു കേരളത്തില്‍ കാണുന്നത്.
സര്‍ക്കാര്‍ നയം എന്നതിനേക്കാള്‍ പ്രാധാന്യം സംസ്ഥാനത്തിന്റെ ഭാവിക്കു നല്‍കണം. ഇന്നത്തെ രീതിയില്‍ മുന്നോട്ടു പോയാല്‍, വരുമാനത്തിന്റെ എഴുപതു ശതമാനവും കേവലം ഏഴു ശതമാനം പേരിലേക്കു ചുരുങ്ങുകയും വിഭവ – ഉല്പന്ന- വിനിമയ മേഖലകള്‍ അപ്രസക്തമായി, കേരളത്തിന്റെ നിലനില്പുതന്നെ അപകടത്തിലാവുകയും ചെയ്യാം.
ജോഷി ബി. ജോണ്‍
മണപ്പള്ളി, കൊല്ലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: