ന്യൂദൽഹി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആറ് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തുന്നു. സാമ്പത്തിക സൈനിക ഉഭയകക്ഷി ബന്ധങ്ങൾക്ക് ശക്തി പകരുന്നതായിരിക്കും നെതന്യാഹുവിന്റെ സന്ദർശനമെന്നാണ് പൊതുവെ വിലയിരുത്തുന്നത്.
ഇസ്രായേലിന്റെ ഏറ്റവും വലിയ ആയുധക്കച്ചവട കേന്ദ്രമാണ് ഇന്ത്യ. വർഷം തോറും 1 ബില്ല്യൻ ഡോളറിന്റെ വിവിധ ആയുധ ഉപകരണങ്ങളും സാങ്കേതിക വിദ്യകളുമാണ് ഇന്ത്യ ഇസ്രായേലിൽ നിന്നും വാങ്ങുന്നത്. ഈ മാസം 72 മില്ല്യൻ ഡോളർ ചെലവ് വരുന്ന 131 ബറാക്ക് സർഫസ് എയർ മിസൈൽ ഇന്ത്യ റാഫേൽ ഗ്രൂപ്പിൽ നിന്നും വാങ്ങാനൊരുങ്ങുകയാണ്. അതേ സമയം ഇന്ത്യ 500 മില്ല്യൻ ഡോളറിന്റെ ‘സ്പൈക്ക് ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ’ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ചിരുന്നു. ഇന്ത്യയിൽ തദ്ദേശിയമായി തന്നെ ഇത്തരത്തിലുള്ള മിസൈലുകൾ രൂപകൽപന ചെയ്യാൻ സാധിക്കുമെന്നതിനാലാണ് കരാർ റദ്ദാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2014ൽ അധികാരത്തിലെത്തിയതിനു ശേഷം ഇസ്രായേലുമായി വളരെ മികച്ച ബന്ധമാണ് പുലർത്തിവരുന്നത്. പ്രധാനമായും സൈനിക സാങ്കേതിക രംഗത്ത് ഇന്ത്യയും ഇസ്രായേലും നിരവധി കരാറുകൾക്കാണ് തുടക്കം കുറിച്ചത്. 130 ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് നെതന്യാഹുവിനൊപ്പമുള്ളത്. ന്യൂദൽഹിക്കു പുറമെ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും നെതന്യാഹു സന്ദർശനം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: