ജനാധിപത്യ സംവിധാനത്തോട് ഉത്തരവാദിത്വമുള്ള സമുന്നതര്‍ പെരുമാറേണ്ട രീതിയിലല്ല സുപ്രീംകോടതി ചീഫ്ജസ്റ്റിസിനെതിരെ ലഹള നയിച്ച സു്രപീംകോടതിയിലെ നാല് തലമുതിര്‍ന്ന ജഡ്ജിമാര്‍ പെരുമാറിയത്. ഇതുമൂലം ജനാധിപത്യ സംവിധാനത്തില്‍ അവിശ്വാസം ജനിപ്പിക്കാനും പരമോന്നത നീതിപീഠത്തിന്റെ നിഷ്പക്ഷതെയ സംശയിക്കാനും സാധാരണ പൗരന് നിര്‍ബന്ധിതനായി. ഭരണഘടനാ ശില്പികളില് പ്രമുഖനായ അംബേദ്കര്‍ പറഞ്ഞത് എത്രയോ ശരി. നമ്മുടെ ഭരണഘടന മഹത്തരമാണ്. പക്ഷേ, അതിന്റെ മഹത്വം അത് കൈകാര്യംചെയ്യുന്നവരെ ആശ്രയിച്ചു മാത്രമേ വെളിവാകുകയുള്ളൂ.
സുപ്രീംകോടതി ജഡ്ജിമാരോടുള്ള എല്ലാ ബഹുമാനവും സൂക്ഷിച്ചുകൊണ്ടുതന്നെ പറയട്ടെ നിങ്ങള്‍- ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്ലാകുര്, കുര്യന് ജോസഫ്- തലമുതിര്‍ന്ന ന്യായാധിപര്‍ വകതിരിവില്ലായ്മയാണ് കാണിച്ചത്. വഹിക്കുന്ന പദവിയുടെ മഹത്വത്തിന് യോജിക്കുന്നതല്ല നിങ്ങളുടെ പ്രവൃത്തികള്‍. മഹാന്മാരെ, നിങ്ങളുടെ പ്രവൃത്തികള്‍ അനുചിതമാണ്. അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടുന്ന വിപണീവിഭവമല്ല ഔചിത്യം.
നിങ്ങള്‍ പത്രസമ്മേളനത്തിലൂടെ മാലോകരെ അറിയിച്ചതും ചീഫ്ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എഴുതിയതുമായ കത്തില്‍ പരാമര്‍ശിക്കുന്ന വിഷയങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.
ഒന്ന്: സുപ്രീംകോടതിയിലെ ഇരുപത്തിയഞ്ച് ജഡ്ജിമാരും തുല്യരാണ്. ആ തുല്യരില്‍ മുന്പന് മാത്രമാണ് ചീഫ്ജസ്റ്റിസ്. അതില്‍ ഒട്ടും കൂടുതലുമില്ല, കുറവുമില്ല.
രണ്ട്: മൂപ്പിളമപ്രകാരം മൂത്തവരായ തങ്ങള്‍ പറയുന്ന അഭിപ്രായങ്ങളെ മാനിക്കാതെ തന്നിഷ്ടപ്രകാരം ബെഞ്ചുകള്‍ രൂപീകരിക്കുകയും വാദം കേള്‍ക്കാനും വിധി പറയാനുമായി കേസുകള്‍ വീതിച്ചുനല്‍കുകയും ചെയ്യുന്നു.
മൂന്ന്: ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന വ്യവഹാരങ്ങളില്‍ വാദം കേള്‍ക്കാനും വിധി പ്രസ്താവിക്കാനുമായി നിക്ഷിപ്ത താല്പര്യമുള്ള ജഡ്ജിമാരെയും ബെഞ്ചിനേയും ഏല്പിക്കുന്നു. ഇത് കോടതിയുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന പ്രവൃത്തിയാണ്.
നാല്: ഓരോ വ്യവഹാരവും അവയുടെ മെരിറ്റിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ ബെഞ്ച് വാദം കേള്‍ക്കുകയും വിധി പ്രസ്താവിക്കുകയും ചെയ്യുന്നതാണ് ശരി.
അഞ്ച്: ചില പ്രത്യേക കാര്യങ്ങള്‍ പ്രത്യേക രീതിയില്‍ നടത്തണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവ നടത്തപ്പെട്ടപ്പോള്‍ കോടതിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റു.
ആറ്: തെറ്റ് തിരുത്തിക്കുന്നതിനുവേണ്ടി ചീഫ്ജസ്റ്റിസില്‍ തങ്ങള്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ ജനാധിപത്യ സംവിധാനത്തെ സംരക്ഷിക്കുന്നതിന് വേണ്ടി മറ്റുവഴികള്‍ ഇല്ലാഞ്ഞിട്ടാണ് പത്രസമ്മേളനം നടത്തി മാേലാകരെ കാര്യങ്ങള്‍ അറിയിക്കുന്നത്. ചീഫ്ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണോ വേണ്ടയോ എന്ന കാര്യം മാലോകര്‍ തീരുമാനിക്കട്ടെ.
ഇതില്‍നിന്നും ഉറപ്പായ ഒരു കാര്യം, പത്രസമ്മേളനത്തിന് എത്തിയ നാല് ജഡ്ജിമാര്‍ക്കും ചീഫ്ജസ്റ്റിസില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ്. ഈ നാലുപേര്‍ക്കും വ്യക്തമായി അറിയാവുന്നതും മാലോകര്‍ക്ക് അറിയാത്തതുമായ ചില കേസുകള്‍ നിക്ഷിപ്ത താല്പര്യമുള്ള ബെഞ്ച് കേള്‍ക്കുകയും വിധി പറയുകയും ചെയ്തിട്ടുണ്ട്. ജുഡീഷ്യറിയില്‍ അഴിമതിയും സ്വജനപക്ഷപാതവും നിക്ഷിപ്തതാല്പര്യവും ഉണ്ട് എന്ന് ആക്ഷേപിച്ചതാണ് ജസ്റ്റിസ് കര്ണ്ണന് ജയില്‍ശിക്ഷ ലഭിക്കാനുള്ള മൂലകാരണം. കര്ണ്ണന് ജയില്‍ശിക്ഷ വിധിച്ചത് ചീഫ്ജസ്റ്റിസും ഈ നാല് ജഡ്ജിമാരും ഒരുമിച്ചു ചേര്‍ന്നാണ് എന്നതും ഓര്‍ക്കണം. മാത്രമല്ല, കോടതിവിധി പത്രങ്ങള്‍ പ്രസിദ്ധീകരിക്കണം എന്നു പറഞ്ഞ കോടതി, കര്ണ്ണന് പറയാനുള്ളത് ഒരു മാധ്യമവും പ്രസിദ്ധീകരിക്കരുത് എന്ന് വിലക്കുകയും ചെയ്തു. കര്‍ണ്ണന്റെയും മാധ്യമങ്ങളുടേയും പൗരാവകാശം നിഷേധിക്കപ്പെട്ട വിധിന്യായമായിരുന്നു അത്. ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കാവുന്ന ഈ വിധിന്യായം ഇവരെല്ലാം ഒരുമിച്ചു ചേര്‍ന്ന് നടത്തിയതായതുകൊണ്ട് അതില്‍ കുഴപ്പമൊന്നുമില്ല എന്നു കരുതാം.
‘ഒട്ടേറെ അറിവുള്ള പട്ടേരി പറഞ്ഞാലും പട്ടാഗം ഒത്തില്ലേ തെറ്റെന്നേ പറയാവൂ.’ ഈ പഴംചൊല്ലില്‍ പതിരില്ല….. അതുകൊണ്ട് ബഹു. ജഡ്ജിമാരുടെ പത്രക്കുറിപ്പിലെ യുക്തിഭംഗം ചൂണ്ടിക്കാണിക്കട്ടെ. എല്ലാ ജഡ്ജിമാരും തുല്യരാണെന്നു സമ്മതിച്ചാല്‍ മൂപ്പിളമയുടെ പേരില്‍ തുല്യതയില്‍ വ്യത്യാസം വരുമെന്നു സമ്മതിക്കാനാവില്ല. അതുകൊണ്ട് മൂപ്പിളമയുടെ അടിസ്ഥാനത്തില്‍ മൂപ്പുള്ള തങ്ങള്‍ക്ക് കോടതിയുടെ ഭരണപരമായ കാര്യങ്ങളില്‍ മേല്‍ക്കൈ വേണമെന്ന വാദം അയുക്തികമാണ്. ഭരണഘടനയില്‍ ചീഫ് ജസ്റ്റിസിന്റെ പദവി പ്രത്യേകം പറയുന്നതുകൊണ്ടും സുപ്രീംകോടതിയുടെതന്നെ വിധിപ്രകാരം സുപ്രീംകോടതിയുടെ ഭരണത്തലവന് ചീഫജസ്റ്റിസായതുകൊണ്ടും, വ്യവഹാരങ്ങള്‍ വീതംവച്ചു നല്‍കാനും അവ ഏതെല്ലാം ബെഞ്ചുകള്‍ കേള്‍ക്കണമെന്നു നിശ്ചയിക്കാനുമുള്ള അധികാരം ചീഫ്ജസ്റ്റിസില്‍ നിക്ഷിപ്തമായതുകൊണ്ടും ആ ജോലി ചീഫ്ജസ്റ്റിസ് ചെയ്യുന്നതിനെ ചോദ്യംചെയ്യുന്നത് നിയമപ്രകാരം ശരിയല്ല.
എല്ലാ ജഡ്ജിമാരും തുല്യരായിരിക്കെ പത്രസമ്മേളനം നടത്തിയ ഈ നാല് ജഡ്ജിമാരെപ്പോലെ ബാക്കിയുള്ള ഇരുപത് ജഡ്ജിമാര്‍ക്കും അവകാശമുണ്ടെന്നു സമ്മതിക്കുന്നതാണ് ശരി. അങ്ങനെ വരുമ്പോള്‍ ഓരോ ജഡ്ജിയോടും ഓരോ കാര്യത്തിലും അഭിപ്രായം തേടുകയും അങ്ങനെ ലഭിക്കുന്ന അഭിപ്രായങ്ങളില്‍ ഭൂരിപക്ഷം ഏതിനാണോ ലഭിക്കുന്നത് അതുപ്രകാരം കാര്യങ്ങള്‍ ചെയ്യുന്നതുമാകും ജനാധിപത്യരീതി അനുസരിച്ച് ശരിയാവുക. അവ്വിധം കാര്യങ്ങള്‍ െചയ്യണമെന്നാണോ ലഹളക്കാരായ ജഡ്ജിമാര്‍ അഭിപ്രായപ്പെടുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
സുപ്രീംകോടതി ഫയലില്‍ സ്വീകരിക്കുന്ന എല്ലാ വ്യവഹാരങ്ങളിലും ഒരു നിയമപ്രശ്നമെങ്കിലും ഉണ്ടാകും. അതുകൊണ്ട് ഓരോ വ്യവഹാരത്തിലുമുണ്ടാകുന്ന വിധിയും ചുരുങ്ങിയ പക്ഷം സുപ്രീംകോടതിയെ സംബന്ധിച്ചെങ്കിലും തുല്യപ്രാധാന്യമുള്ളവയായിരിക്കണം. പക്ഷേ ഇതില്‍നിന്നും വ്യത്യസ്തമായി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന വ്യവഹാരങ്ങളും അവ്വിധമല്ലാത്ത വ്യവഹാരങ്ങളും ഉണ്ടെന്നും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന വ്യവഹാരങ്ങള്‍ തങ്ങളോ തങ്ങള്‍ നിര്‍ദ്ദേശിക്കുന്നവരോ കേള്‍ക്കണമെന്ന് വാശിപിടിക്കുന്നതും നിക്ഷിപ്ത താല്പര്യംതന്നെയെന്ന് ആക്ഷേപിക്കാവുന്നതാണ്. ചീഫ്ജസ്റ്റിസ് ചില വ്യവഹാരങ്ങള്‍ തെരഞ്ഞുപിടിച്ച് ചിലരെ മാത്രം ഏല്‍പ്പിക്കുന്നു എന്നാണ് ലഹളക്കാര്‍ ആേക്ഷപിക്കുന്നത്. അതിന് പകരം തങ്ങള്‍ നിര്‍ദ്ദേശിക്കുന്നവരെ ഏല്‍പ്പിച്ചാല്‍ അത് നീതിപൂര്‍വ്വകമാകും എന്നു പറയുന്നത് തങ്ങളും തങ്ങള്‍ നിര്‍ദ്ദേശിക്കുന്നവരും മാത്രം ശരിയായ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവര്‍; മറ്റുള്ളവര്‍ അനീതിയിലൂടെയാണ് നീങ്ങുന്നത് എന്നു പറയുന്നതിന് തുല്യമാണ്. ഈ നിലപാട് ഫലത്തില്‍ ലഹളക്കാരായ നാലുപേര്‍ ഒഴികെയുള്ള മറ്റെല്ലാ ജഡ്ജിമാരേയും അവഹേളിക്കുന്നതിന് തുല്യമായി.
ഓരോ വ്യവഹാരവും അവയുടെ മെരിറ്റിന്റെയും ഔചിത്യത്തിന്റേയും അടിസ്ഥാനത്തില്‍ ഉചിതമായ ബെഞ്ച് കേള്‍ക്കുന്നതാണ് ശരി എന്ന വാദം അംഗീകരിച്ചാല്‍ മെരിറ്റും ഔചിത്യവും ആര് നിശ്ചയിക്കും എന്ന ചോദ്യം പ്രസക്തമാകും. അത്തരം തീരുമാനം ചീഫ്ജസ്റ്റിസ് നിശ്ചയിക്കുന്നതാണ് ശരി എന്നുള്ളതാണ് ഇതുവരെയുള്ള കീഴ്വഴക്കം. അതാണ് ശരിയായ രീതി എന്നു പ്രഖ്യാപിക്കുന്ന സുപ്രീംകോടതി വിധിയും ഉണ്ട്. ഇക്കാര്യം ലഹളകൂട്ടിയ ജഡ്ജിമാര്‍ക്കും നിശ്ചയമുള്ള കാര്യമാണ്. എന്നിട്ടും ചില പ്രത്യേക വ്യവഹാരങ്ങള്‍ പ്രത്യേക രീതിയില്‍ പ്രത്യേകമായ ബെഞ്ചിനെ ഏല്‍പ്പിക്കണമെന്ന് ഈ നാല്‍വര്‍ സംഘം ശഠിക്കുകയും അവ്വിധം നടക്കാതെ വന്നപ്പോള്‍ നിരാശരായി എല്ലാ കീഴ്വഴക്കങ്ങളെയും ലംഘിച്ചുകൊണ്ട് പത്രസമ്മേളനം നടത്തുകയും ചെയ്യുമ്പോള്‍ ഈ നാല്‍വര്‍ സംഘത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. മാത്രമല്ല ചീഫ്ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണോ വേണ്ടയോ എന്ന് ജനം തീരുമാനിക്കട്ടെ എന്നു പറയുന്നതിലെ രാഷ്ട്രീയം എളുപ്പം മനസ്സിലാകുമെങ്കിലും അതിന്റെ നിയമവശം സംശയാസ്പദമാണ്.
തുടര്‍ന്നുള്ള നടപടികള്‍ ഈ സംഭവത്തിന്റെ രാഷ്ട്രീയത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പത്രസമ്മേളനം കഴിഞ്ഞ ഉടന്‍ ഡി. രാജ എന്ന സിപിഐ നേതാവ്, ജസ്റ്റിസ് ചെലമേശ്വറെ അദ്ദേഹത്തിന്റെ വസതിയില്‍, അക്ഷരാര്‍ത്ഥത്തില്‍ പിന്‍വാതിലിലൂടെ ചെന്നു കാണുന്നു. ചെലമേശ്വര്‍-രാജ സമാഗമം ക്യാമറക്കണ്ണുകളിലൂടെ പുറംലോകം കണ്ടു. എന്തായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം എന്ന ചോദ്യത്തിന് തന്റെ പാര്‍ട്ടിക്കാരെ കണ്ടതിനുശേഷം പറയാമെന്നു പറഞ്ഞ് രാജ തടിതപ്പി. ആരാണ് ഈ ഡി. രാജ? ഒരു സംസ്ഥാനത്തെ കൊള്ളയടിച്ച് പണം സമ്പാദിച്ചു എന്ന അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിതയ്ക്ക് അക്ഷരാര്‍ത്ഥത്തില്‍ പാദപൂജ ചെയ്തു നേടിയെടുത്തതാണ് രാജയുടെ രാജ്യസഭാംഗത്വം. അഴിമതിക്ക് ശിക്ഷിക്കപ്പെട്ട ഒരാളുടെ ഔദാര്യം പറ്റി പദവി നേടിയ ഒരാളെ ആദര്ശധീരന് എന്ന് വിശേഷിപ്പിക്കാന്‍ സിപിഐക്കാര്‍ക്ക് പോലും കഴിയും എന്ന് തോന്നുന്നില്ല.
അങ്ങനെയുള്ള രാജ എന്തിനാണ് സുപ്രീംകോടതിയിലെ സിറ്റിംഗ് ജഡ്ജിയായ ചെലമേശ്വറെ ധൃതിപിടിച്ച് പിന്‍വാതിലിലൂടെ ചെന്നുകണ്ടത്? ചെലമേശ്വറുമായി ദീര്‍ഘകാല സൗഹൃദമുണ്ട്. അദ്ദേഹവുമായി നിരന്തര ബന്ധമുണ്ട്. സൗഹൃദത്തിന്റെ പേരില്‍ (തന്റെ സുഹൃത്തിന് ഒരു വിഷമാവസ്ഥയുണ്ടായപ്പോള്) സന്ദര്‍ശനം നടത്തി എന്നാണ് രാജയുടെ വിശദീകരണം. ഈ വിശദീകരണം ചില സംശയങ്ങള്‍ ഉണര്‍ത്തുന്നു. ഒരു സിറ്റിംഗ് സുപ്രീംകോടതി ജഡ്ജി, രാജയെപ്പോലെയുള്ള രാഷ്ട്രീയക്കാരുമായി നിരന്തര സുഹൃദ്സംഗമം നടത്തുന്നത് ഉചിതമാണോ? രാഷ്ട്രീയനേതാക്കള്‍ സുഹൃത്തുക്കളാണെങ്കിലും സാധാരണഗതിയില്‍ ജഡ്ജിമാര്‍ രാഷ്ട്രീയക്കാരുടേയോ രാഷ്്രടീയക്കാര്‍ ജഡ്ജിമാരുടേയോ വീടുകള്‍ സന്ദര്‍ശിക്കാറില്ല. മാത്രമല്ല, പത്രസമ്മേളനം കഴിഞ്ഞ ഉടനെ നാല്‍വര്‍ സംഘ ജഡ്ജിമാരുടെ നേതാവായ ചെലമേശ്വറെ ഡി. രാജ കണ്ടത് എന്തിനുവേണ്ടിയായിരുന്നു എന്ന് ചെലമേശ്വര്‍ പത്രസമ്മേളനത്തിലൂടെ തന്നെ വെളിവാക്കുന്നതാകും ഉചിതം.
ചെലമേശ്വര്‍-രാജ സംഗമവും തുടര്‍ന്ന് രാഷ്ട്രീയകക്ഷി നേതാക്കളുടെ പ്രതികരണവും ജഡ്ജിമാരുടെ പത്രസമ്മേളനവും ചില ജഡ്ജിമാരും രാഷ്ട്രീയകക്ഷികളും തമ്മിലുള്ള രഹസ്യബാന്ധവത്തിലേക്കു വിരല്‍ചൂണ്ടുന്നു. ജുഡീഷ്യറി-രാഷ്ട്രീയ ബാന്ധവം ജനാധിപത്യത്തിന് ഭീഷണിതന്നെയാണ്; സംശയമില്ല.
(പിഎസ്സി മുന്‍ ചെയര്‍മാനാണ് ലേഖകന്‍
ഫോണ്‍: 9447134401)
പ്രതികരിക്കാൻ ഇവിടെ എഴുതുക: