ഏഴാംക്ലാസ് വിദ്യാഭ്യാസമുള്ള ഭിന്നശേഷിക്കാരനായ ഒരാള്‍ സ്വന്തമായി വിമാനം നിര്‍മ്മിക്കുക, അതില്‍ പറക്കുക, പിന്നീടതൊരു സിനിമയാകുക. വളരെ അപൂര്‍വ്വം ചിലര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യത്തിനരികിലാണ് സജി തോമസെന്ന ഇടുക്കിക്കാരന്. ഉയരത്തില്‍ നില്‍ക്കുമ്പോഴും സജിയുടെ സ്വപ്നങ്ങള്‍ക്ക് അവസാനമില്ല. അത് പുതിയ പുതിയ കണ്ടുപിടിത്തങ്ങള്‍ തേടി അലയുകയാണ്.
മനസ്സിലെ അടങ്ങാത്ത ആഗ്രഹവും അര്‍പ്പണ ബോധവുമാണ് ഇദ്ദേഹത്തെ മലയാളികളുടെ അഭിമാനമാക്കി ഉയര്‍ത്തിയത്. ബധിരനും മൂകനുമായ തൊടുപുഴ തട്ടക്കുഴ അഴകനാലില് സജി തോമസിന്റെ ജീവിതമാണ് ക്രിസ്തുമസിന് പുറത്തിറങ്ങിയ ‘വിമാനം’ എന്ന സിനിമയ്ക്ക് ആധാരമായത്. സിനിമ ഇറങ്ങിയ അന്ന് തന്നെ കുടുംബ സമേതമെത്തി കണ്ടിരുന്നു. മികച്ച തിരക്കഥയെന്നാണ് ഇതിനെ സജി തന്റെ ഭാഷയില്‍ വിലയിരുത്തിയത്. ഭിന്നശേഷിക്കാരനായ ആദ്യ വിമാന നിര്‍മ്മാതാവ് എന്ന നിലയില്‍ യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ റെക്കോര്‍ഡ് സ്വന്തമായുള്ള ആളാണ് സജി. ഇത്തരം നേട്ടം കൊയ്ത ഒമ്പതുപേരിലൊരാളായി 2015 നവംബര്‍ 30ന് ഡിസ്കവറി ചാനല്‍ അരമണിക്കൂര്‍ നീണ്ട പരിപാടിയിലൂടെ സജിയുടെ ജീവിത വിജയം കാഴ്ച്ചക്കാരിലെത്തിച്ചിരുന്നു. ജര്‍മ്മന്‍ കമ്പനിയിലെ ജോലി ആരോഗ്യ പ്രശ്നം മൂലം ഉപേക്ഷിച്ച സജി നാട്ടിലൊരു ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഒപ്പം അടച്ചുറപ്പുള്ള ഒരു നല്ല വീട് വേണമെന്നും ഈ കുടുംബം ആഗ്രഹിക്കുന്നു.
പറക്കുകയെന്നത് ജീവിതമാക്കി സജി
അത്ര വേഗം ആര്‍ക്കും അനുകരിക്കാനോ കടന്ന് വരാനോ കഴിയുന്ന വഴിയിലൂടെയല്ല സജിയെന്ന നാല്‍പ്പത്തിയെട്ടുകാരന്‍ നാളിതുവരെയും നടന്നത്. ഏറെ കഷ്ടതകളും അവഗണനകളും നിറഞ്ഞ ദുരിതപൂര്‍ണ്ണമായ പാതയായിരുന്നു അത്. 1987ല്‍, 17 വയസുള്ള കാലം. അന്ന് സജിയുടെ കുടുംബം വെള്ളിയാമറ്റത്തായിരുന്നു താമസിച്ചിരുന്നത്. റബ്ബര്‍ മരത്തിന് തുരിശടിയ്ക്കാനെത്തിയ ഹെലികോപ്ടര്‍ സജിയെ വല്ലാതെ ആകര്‍ഷിച്ചു. ഏറെ നേരം അടുത്ത് പോയി നിന്ന് അതിനെ നിരീക്ഷിച്ചു. ചെറുപ്പത്തിലെ മുതല്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുമായിരുന്ന സജി പിറ്റേവര്‍ഷം ഹെലികോപ്ടറെത്തിയപ്പോള് ഇതിന്റെ ഒരു ചെറു മാതൃക നിര്‍മ്മിച്ച് പൈലറ്റുമാരെ കാണിച്ചു. ഇത് സജിക്ക് അതില്‍ പറക്കാനുള്ള അവസരമാകുകയായിരുന്നു.
1990 മുതലാണ് ഹെലികോപ്ടര്‍ നിര്‍മ്മാണം തുടങ്ങുന്നത്. നിന്നിടത്ത് നിന്ന് പൊങ്ങുന്ന ഹെലികോപ്ക്ടര്‍ നിര്‍മ്മിക്കുന്നതിന് പണച്ചിലവ് കൂടുമെന്ന് മനസ്സിലാക്കിയ സജി പിന്നീടാണ് വിമാനത്തിലേക്ക് ചുവടുമാറുന്നത്. ഇതിനായി സജി അന്ന് തുരിശടിക്കാനെത്തിയ പൈലറ്റുമാരെ തിരക്കി ബോംബെയിലുമെത്തി. ഇവിടെ നിന്നും ഏതാനും പുസ്തകങ്ങളുമായി നാട്ടിലെത്തി. ഇംഗ്ലീഷിലായിരുന്ന ഇവ ഏറെ പണിപ്പെട്ട് പഠിച്ചെടുത്തു. ഇതിനിടെ 1993ല്‍ കുടുംബം വെള്ളിയാമറ്റത്ത് നിന്ന് വീട് മാറി തട്ടക്കുഴയിലെത്തി.
2000 ലാണ് സജിയുടെ ശബ്ദവും വഴികാട്ടിയുമായ പഴയ അയല്‍പ്പക്കകാരി മരിയ ജീവിത പങ്കാളിയായി എത്തുന്നത്. 2005ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വിമാനം പറക്കാതായതോടെ കോട്ടയം മറ്റക്കര വിശ്വേശ്വരയ്യ എഞ്ചിനീയറിങ് കോളേജിന് വിറ്റു. ഇതില്‍ നിന്ന് ലഭിച്ച പണം കൊണ്ട് നല്ലൊരു എഞ്ചിന് വാങ്ങി. മറ്റു സാധനങ്ങള്‍ വാങ്ങിക്കാന്‍ പണമില്ലാതെ വന്നതോടെ ഓടി നടന്ന് പണിയെടുത്തു. വര്‍ഷങ്ങളോളം ഫോട്ടോഗ്രാഫറായും ഇലക്ടോണിക്സ് സാധനങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന ആളായും നാട്ടില്‍ തൊഴില്‍ കണ്ടെത്തി. ലക്ഷ്യം പറക്കുകയെന്നത് മാത്രമായിരുന്നു. സ്വന്തം ഇച്ഛാശക്തികൊണ്ട് പിന്നോട്ടില്ലെന്ന് ഉറച്ച് നില്‍ക്കുമ്പോഴാണ് നാവിക സേന വിങ് കമാന്‍ഡര്‍ എസ്.കെ.ജെ നായരെ പരിചയപ്പെടുന്നത്. അത് ജീവിതത്തിലെ നിര്‍ണ്ണായക വഴിത്തിരിവായി.
2009 ഓടെ വീട്ടുമുറ്റത്ത് ഒരു പടുത വലിച്ചുകെട്ടി സജി വിമാനത്തിന്റെ നിര്‍മാണമാരംഭിച്ചു. മരം വിലയ്ക്കുവാങ്ങി അറുത്തെടുത്ത് സ്വന്തമായി തന്നെ ലക്ഷങ്ങള്‍ വിലവരുന്ന വിമാനത്തിന്റെ പങ്ക നിര്‍മ്മിച്ചു. വിമാനത്തിന്റെ ചിറകുകള് പൊതിയാന്‍ അമേരിക്കന്‍ നിര്‍മിത സെയില്‍ ക്ലോത്ത് തന്നെ വേണ്ടിവന്നു. അതിന് ചിലവായത് 3.5 ലക്ഷം രൂപ. അലുമിനിയം പാട്ടകള്‍ നിശ്ചിത അളവില്‍ മുറിച്ചെടുത്ത് നട്ടും ബോള്‍ട്ടും പിടിപ്പിച്ച് വിമാനത്തിന്റ ബോഡിയുണ്ടാക്കി. ഫൈബര്‍ ഗ്ലാസ് മെറ്റീരിയലുപയോഗിച്ച് വിമാനത്തിന്റെ ഫ്രണ്ട് ബോഡിയും നിര്‍മിച്ചു. അങ്ങനെ വിപണിയില്‍ 30 ലക്ഷത്തിനുമുകളില്‍ വിലവരുന്ന എക്സ് എയര്‍ വിമാനം അഞ്ചുവര്‍ഷംകൊണ്ട് 13 ലക്ഷം രൂപയ്ക്ക് ഈ യുവാവ് നിര്‍മിച്ചു.
പറക്കുമോ എന്നായി പിന്നീടുള്ള സംശയം. ഇത് എസ്.കെ.ജെ. നായരുടെ സഹായത്തോടെ ആ സംശയവും ദൂരീകരിച്ചു. വിമാനം പലഭാഗങ്ങളായി അഴിച്ചാണ് മണിമുത്താറിലേക്ക് കൊണ്ടുപോയത്. ഒടുവില്‍ വിജയകരമായ പരീക്ഷണപ്പറക്കല്‍. ആദ്യം എസ്.കെ.ജെ. നായരും തുടര്‍ന്ന് സജിയും വിമാനം പറത്തി. അവസാനം സജിയുടെ വിമാനം ഒറിജിനലിനെ വെല്ലുമെന്ന അഭിപ്രായമായിരുന്നു എസ്.കെ.ജെ. നായര്‍ക്ക് ഉണ്ടായിരുന്നത്. പക്ഷേ അത് അവിടെ തീര്‍ത്തു. കൂടുതല്‍ ഉയരത്തില്‍ പറക്കാന്‍ സജിക്കായില്ല. വിമാനത്തിന് രജിസ്ട്രേഷന് എടുക്കാനുള്ള സാമ്പത്തികമില്ല എന്നത് തന്നെ കാരണം.
ജോലിക്കായി അപേക്ഷ നല്കി
ഉയരങ്ങള്‍ കീഴടക്കിയപ്പോഴും സ്വന്തമായൊരു ജോലിയെന്ന സ്വപ്നം സജിക്ക് അന്യമാകുന്നു. 2016ല്‍ ജര്‍മ്മന്‍ കമ്പനിയില്‍ മികച്ച ശമ്പളത്തോടെ ജോലി ലഭിച്ചിരുന്നു. വിമാനത്തിന്റെ പങ്ക നിര്‍മ്മിച്ചതിലെ കരവിരുതാണ് ജോലിക്ക് ക്ഷണിക്കാന്‍ കാരണമായത്. എന്നാല്‍ നവംബറില്‍ പനി പിടിച്ചതിനെ തുടര്‍ന്ന് ഈ ജോലി വേണ്ടന്നു വച്ച് നാട്ടിലേക്ക് മടങ്ങി. കമ്പനി അവിടെ താമസിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വീടുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ചെയ്തു തരാത്തതാണ് ജോലി ഉപേക്ഷിക്കാന്‍ കാരണമെന്ന് മരിയ പറയുന്നു. നിലവില്‍ ജോലിക്കായി മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ നല്കി കാത്തിരിക്കുകയാണ് ഈ കുടുംബം. വിമാനം ഇറങ്ങിയതോടെ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വിവരങ്ങള്‍ അന്വേഷിച്ച് ഫോണ്‍ വിളികള്‍ വരുന്നുണ്ട്. വിളിക്കുന്നതില്‍ ഏറെയും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളാണെന്ന് മരിയ പറയുന്നു. വിമാനത്തിന്റെ പാതിയോളം ഭാഗം നിലവില്‍ ഇവര്‍ വീട്ടിലെത്തിച്ചിട്ടുണ്ട്. ബാക്കി കൂടി കൊണ്ടുവന്ന ശേഷം ഇത് പിറവത്തെ വിജ്ഞാന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി കോളേജില്‍ സൂക്ഷിക്കാനാണ് തീരുമാനം. ആവശ്യക്കാരുണ്ടെങ്കില്‍ വില്‍ക്കാനും സജി തയ്യാറാണ്.
എല്ലാറ്റിനും ഒപ്പം ജോഷ്വ
ഏക മകന് ജോഷ്വ മുതലക്കോടം സെന്റ്. ജോര്‍ജസ് ഹയര്‍സെക്കന്ററി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. എട്ടാം ക്ലാസില്‍ വച്ചുതന്നെ ശാസ്ത്ര മേഖലയില്‍ കഴിവ് തെളിയിച്ച ജോഷ്വ അടുത്തിടെ താന്‍ നിര്‍മ്മിച്ച ഡ്രോണുമായി ഇടുക്കി ജില്ലാ തല ശാസ്ത്രോത്സവത്തിലെത്തി പ്രശംസ നേടിയിരുന്നു. ഭാവിയില്‍ എഞ്ചിനീയറിങിനി പഠിക്കാനാണ് താല്പര്യം. അച്ഛന് ജോലി ഇല്ല എന്നത് പഠനത്തിനും തടസ്സമാകുന്നുണ്ട്. എങ്കിലും അച്ഛന് എല്ലാ സഹായവുമായി ജോഷ്വ കൂടെയുണ്ട്.
‘വിമാനം’ സിനിമയെപ്പറ്റി
2014 ഏപ്രില്‍ 10നാണ് സജി നിര്‍മ്മിച്ച വിമാനം തിരുനെല്‍വേലി അംബാസമുദ്രത്തിന് മുകളിലൂടെ ആദ്യമായി പറക്കുന്നത്. ഈ വാര്‍ത്ത അന്ന് ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് വിമാനത്തിന്റെ തിരക്കഥയുമായി സജിയെ തിരക്കഥാകൃത്തും നവാഗത സംവിധായകനുമായ പ്രദീപ് എം.നായര്‍ സമീപിക്കുന്നത്. പിന്നീട് അങ്ങോട്ട് എല്ലാം വേഗത്തിലായിരുന്നു. യഥാര്‍ത്ഥ ജീവിത കഥയുടെ അന്തഃസത്ത ചോരാതെ സിനിമയെ മനോഹരമായി അണിയിച്ചൊരുക്കാന്‍ സംവിധായകനായി. വെങ്കിടി എന്ന വെങ്കിടേഷായി പൃഥ്വിരാജ് നിറഞ്ഞ് അഭിനയിച്ചതോടെ സിനിമയെ പുതിയ തലത്തിലേക്കുയര്ത്താന് പിന്നണി പ്രവര്‍ത്തകര്‍ക്കായി. വൈകല്യങ്ങളെ മറി കടന്ന് വിമാനം നിര്‍മ്മിക്കുന്ന യുവാവിന്റെ കഥപറയുന്ന സിനിമയില്‍ അത്രതന്നെ പ്രാധാന്യത്തോടെ പ്രണയവും ഇടകലര്‍ത്താന്‍ സംവിധായകന് സാധിച്ചു. സിനിമയുടെ ക്ലൈമാക്സിന് തൊട്ടുമുമ്പ് നായകനൊപ്പം മെക്കാനിക്കിന്റെ വേഷത്തില്‍ യഥാര്‍ത്ഥ നായകനും വെള്ളിത്തിരയിലെത്തിയിട്ടുണ്ട്.
മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് സിനിമയുടെ നിര്‍മ്മാണം. പുതുമുഖ നടി ദുര്‍ഗാ കൃഷ്ണയാണ് നായിക. സിനിമയുടെ രണ്ട് ഷോയില്‍ നിന്ന് ലഭിക്കുന്ന പണം യഥാര്‍ത്ഥ നായകന് കൈമാറുമെന്ന് നിര്‍മ്മാതാവ് കുടുംബത്തെ നേരത്തെ അറിയിച്ചിരുന്നു. ഇത് പൃഥ്വിരാജ് നേരിട്ടെത്തി നല്‍കുമെന്നാണ് സജിയുടെ ഭാര്യ മരിയയെ അറിയിച്ചിരിക്കുന്നത്.
വിവാദമുണ്ടാക്കി ‘എബി’
2017 ഫെബ്രുവരി 27നാണ് വിനീത് ശ്രീനിവാസന് ചിത്രമായ എബി പുറത്തിറങ്ങുന്നത്. സജി വിമാനം പറത്തിയതറിഞ്ഞ് ആദ്യമെത്തിയത് എബിയുടെ അണിയറ പ്രവര്‍ത്തകരാണ്. കഥ വിശദമായി ചോദിച്ചറിയുകയും തിരക്കഥ വരെ എത്തുകയും ചെയ്തെങ്കിലും ഇടയ്ക്ക് വച്ച് സിനിമ നിന്നുപോയി.
ഇതേ കുറിച്ച് തിരക്കി സജിയുടെ കുടുംബം ബന്ധപ്പെട്ടെങ്കിലും ഇനി സിനിമ ഉണ്ടാകാന്‍ സാധ്യതയില്ല എന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞാണ് വിമാനം എന്ന സിനിമയുമായി പ്രദീപ് എം. നായര്‍ എത്തുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് ശേഷം തങ്ങളാണ് ആദ്യം സജിയെ സമീപിച്ചതെന്ന് പറഞ്ഞ് എബിയുടെ ആളുകള്‍ വീണ്ടും എത്തി. ഇത് ചൂടേറിയ ചര്‍ച്ചയായെങ്കിലും പിന്നീട് വിമാനത്തിന്റെ പ്രമേയം എബിയുമായി സാമ്യമില്ല എന്ന് പറഞ്ഞ് പ്രശ്നം പരിഹരിക്കുകയായിരുന്നു. എബിയുടെ 75 ശതമാനവും തങ്ങളുടെ ജീവിതമാണെന്നും കഥാപാത്രങ്ങളില്‍ പലരും ജീവിച്ചിരിക്കുന്നവരാണെന്നും മരിയ സാക്ഷ്യപ്പെടുത്തുന്നു. ഇരു സിനിമകളുടെയും പ്രചോദനം സജിയാണെങ്കിലും പ്രമേയത്തില്‍ കാര്യമായ മാറ്റമുണ്ട്.
ഒരേയൊരു സ്വപ്നം, വീട്
ഏറെക്കാലമായി ജീവിതത്തോട് പൊരുതുന്ന സജിയുടെ നിലവിലെ സ്വപ്നം ഇപ്പോഴത്തെ വീട് വിറ്റ് സൗകര്യമുള്ളിടത്തൊരു കൊച്ചു വീട് വച്ച് താമസിക്കണം. ഇതിനായി എന്ത് ജോലി ചെയ്യാനും സജി തയ്യാറാണ്. വീട്ടിലെ കൃഷിയിടത്തില്‍ നിന്നുള്ള ചെറിയ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. പഴയ ഒരു കാറും ആസ്ബസ്റ്റോസ് മേഞ്ഞ രണ്ട് മുറി വീടുമാണ് ആകെയുള്ള സമ്പാദ്യം.
റിമോട്ടുകൊണ്ട് നിയന്ത്രിക്കുന്ന ആളില്ലാ ചെറുവിമാനവും ഹെലികോപ്ടറും നിര്‍മ്മിക്കുന്ന തിരക്കിലാണ് അച്ഛനും മകനുമിപ്പോള്‍. നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും ഇവ ഓടിച്ച് നോക്കാന്‍ ഒരു നല്ല ഗ്രൗണ്ട് പോലും ഇല്ലാത്തത് ഇവരെ വലയ്ക്കുന്നുണ്ട്. കണ്ടുപിടിത്തങ്ങള്‍ ഉയര്‍ന്ന് പൊങ്ങുമ്പോള്‍ തന്റെ സ്വപ്നങ്ങള്‍ക്ക് ഇത് കരുത്താകുമെന്ന പ്രതീക്ഷയിലാണ് ഈ നാട്ടുംപുറത്തുകാരന്‍.
ഒ.ആര്. അനൂപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: