കേരളത്തില്‍ മലയാളി സൂപ്പര്‍ താരചിത്രങ്ങളെക്കാള് ആഘോഷമായിട്ടാണ് ചില തമിഴ് ചിത്രങ്ങള്‍ റിലീസാവുന്നത്. രജനി, വിജയ്, സൂര്യ എന്നീ തമിഴ് സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം കാത്തിരുന്നാണ് പാലഭിഷേകവും പൂജയുമൊക്കെ നടത്തി റിലീസ് ചെയ്യുന്നത്. വലിയൊരുകൂട്ടം തമിഴര്‍ കേരളത്തില്‍ ഉണ്ടെന്നും തൊഴിലെടുക്കുന്നതുപോലെയും ഭക്ഷിക്കുന്നതുപോലെയുമാണ് അവര്‍ സിനിമയെ കാണുന്നതെന്നുംപ്രത്യക്ഷത്തില് ന്യായങ്ങള്‍ നിരത്താനാവും. അവര്‍ സിനിമാ ഭ്രാന്തരാണെന്നുകൂടി പറഞ്ഞുവെച്ച് വാദങ്ങള്‍ ശക്തിപ്പെടുത്താം. പക്ഷേ ഇപ്പറഞ്ഞ വന്താരങ്ങള്ക്കു ഇവിടെ ആര്‍പ്പുവിളിക്കുന്നത് തമിഴരോടൊപ്പം മലയാളി പ്രേക്ഷകര്‍ കൂടിയാണ്. മമ്മൂട്ടി,മോഹന്‍ ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളെപ്പോലെ തന്നെ രജനി,വിജയ്,സൂര്യ തുടങ്ങിയവരുടേയും സിനിമകളെ ഒരുപോലെ ആരാധിക്കുന്ന മലയാളികളുമുണ്ട്.
കേരളത്തിലാദ്യമായി വെളുപ്പാന്‍ കാലത്തു തിയറ്ററില്‍ റിലീസ് ചെയ്ത സിനിമ തമിഴായിരുന്നു, രജനിയുടെ കബാലി. തമിഴരെപോലെ തന്നെ മലയാളികളും കബാലിക്ക് ഇടിച്ചുകേറി. എന്നാല്‍ മലയാളി സൂപ്പര്‍ താര ചിത്രങ്ങള്ക്കൊരിക്കലും ഇവിടെ തമിഴന്റെ തള്ളിക്കേറ്റം ഉണ്ടായിട്ടില്ല. ആരെങ്കിലും കേറിയാലായി. പ്രാദേശിക പ്രേമം, തമിഴ് ഭാഷാ പ്രണയം എന്നൊക്കെ പറഞ്ഞ് തമിഴന്റെ സിനിമാ ഭ്രമത്തെ നാം സാധൂകരിക്കാറുണ്ട്. പക്ഷേ ഇതിനപ്പുറവുമുണ്ട് കാര്യങ്ങള്‍. മലയാളി സിനിമാക്കാര്‍തന്നെ രഹസ്യമായും ചിലപ്പോഴൊക്കെ പരസ്യമായും പറയുന്ന ഒരുകാര്യം ഇന്നും മലയാളം തമിഴ് സിനിമയോളം വളര്‍ന്നിട്ടില്ലെന്നാണ്. അമിതാഭിനയമോ മെലോ ഡ്രാമയോ ഉണ്ടാകാമെങ്കിലും ഓരോ തമിഴ് സിനിമയിലും നാടന്‍ ജീവിതമുണ്ട്. തട്ടുപൊളിപ്പന്‍ അടിയിടി പടങ്ങളിലും നഗര ജീവിത പരിസരങ്ങളില്‍പ്പോലും തമിഴിന്റെ മുദ്രകാണാനാവും. തമിഴന് ആധുനിക നഗരവാസിയാകുമ്പോഴും പാരമ്പര്യവും ഗ്രാമീണതയും അവനെ വിട്ടുപോകാറില്ല. അതു സിനിമയിലും കാണാം.
മലയാളി കൂടുതല്‍ നഗരവാസിയായ ആധുനികനായിക്കഴിഞ്ഞു. അത് ജീവിതത്തിലും സിനിമയിലും പ്രകടമാണ്. നാട്ടിന്‍പുറങ്ങളിലേക്ക് നഗരം കൈയ്യേറുന്നതാണ് മലയാളിക്ക് പുരോഗതിയും വികസനവും. അതിന്റെ പുറംമോടിയില്‍ പാരമ്പര്യങ്ങളും ഗ്രാമീണതയും മലയാളി മറക്കാന്‍ ശ്രമിക്കുകയാണ്. അത് അവന്റെ സിനിമയിലും സ്വാഭാവികമായും വന്നേക്കാം. മലയാളത്തിലെ മിക്കവാറും സിനിമകളും കൃത്രിമത്വത്തിന്റെ അടുക്കളയില്‍ രുചിയെന്നപേരില് വിവിധതരം മസാലകള്‍ കൂട്ടിച്ചര്‍ത്ത ഇതിവൃത്തങ്ങളാണ്. ഏച്ചുകെട്ടാത്ത ഒരു കുടുംബാന്തരീക്ഷമോ സത്യസന്ധമായ ഒരു പ്രണയമോ മലയാള സിനിമയില്‍ കണ്ടിട്ടെത്രകാലമായിഎന്നു പരിതപിക്കുന്നവരുണ്ടാകാം. തിരക്കഥാകൃത്തുകളുടെ ഭാവനാവിലാസത്തിനു മാത്രം ആധിക്യമുള്ള പ്രണയമാണ് മലയാളത്തിലേറേയും കാണാന്‍ കഴിയുന്നത്.
പ്രണയം എങ്ങനേയും ആകാം എന്ന മുന്‍കൂര്‍ ജാമ്യം ഉള്ളതുകൊണ്ട് മലയാള സിനിമയിലെ എല്ലാപ്രണയവും നമുക്കു പഥ്യമാണ്! ഇതറിഞ്ഞുകൊണ്ടുതന്നെ ഒന്നുമാറ്റിപ്പിടിക്കാമെന്ന പേരില്‍ പുതുതലമുറക്കാര് ചിലതെല്ലാം ചെയ്യുന്നുണ്ട്. പ്രേമം, എന്ന് നിന്റെ മൊയ്തീന്, മായാനദി തുടങ്ങിയ പ്രണയ സിനിമകള്‍ മറക്കുന്നില്ല. അതില്‍ പ്രേമം സിനിമയിലെ പ്രണയം വലിയ കൃത്രിമ ചുവയുണ്ടെങ്കിലും നാളുകള്‍ക്കുശേഷം അങ്ങനെ ഒരു ജനുസില്‍ ഉണ്ടായതാണെന്ന പേരില്‍ രക്ഷപെട്ടതാണെന്ന് പറയുന്നവരുണ്ട്.മൊയ്തീന്റെ ഗംഭീര വിജയം അത് യഥാര്‍ഥ പ്രണയത്തിന്റെ ആവിഷ്ക്കാരമായിരുന്നു എന്നതാണ്. മൊയ്തീന് ആദ്യം ഇറങ്ങിയിരുന്നുവെങ്കില്‍ പ്രേമം കാണില്ലായിരുന്നുവെന്ന് രണ്ടും കണ്ടവര്‍ പറഞ്ഞിരുന്നു.ഇത് പ്രേമത്തിന്റെ അതി ഭാവുകത്വംതന്നെയാണ് വിളിച്ചു പറയുന്നത്.മായാനദിയിലേത് ന്യൂജന്‍ പ്രണയമാണെങ്കിലും അത് ഏറെക്കുറെ സത്യസന്ധമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു.
അതിശയത്തിന്റെ അതിഭാവനകള്‍ നിറഞ്ഞു നില്‍ക്കുമ്പോഴും ഗ്രാമീണത, നാട്ടുഭാഷ, കുടുംബാന്തരീക്ഷം, വേഷം, പാരമ്പര്യം, ആചാരം ,അനുഷ്ഠാനം തുടങ്ങിയ തമിഴ് അടയാളങ്ങള്‍ വേണ്ടുവോളമുണ്ടാകും തമിഴ് സിനിമകളില്‍.തമിഴര്‍ ഇന്നും ഭൂരിപക്ഷവും കഴിയുന്നത് ഗ്രാമങ്ങളിലാണ്.അവരാണ് തമിഴ് സിനിമയെ തീറ്റിപ്പോറ്റുന്നത്. അതുകൊണ്ട് തമിഴ് മക്കളെ മറന്ന് സിനിമയെടുക്കാന്‍ തമിഴനാകില്ല.നമ്മള് ഇല്ലാത്ത ഗ്രാമങ്ങളെപ്പറ്റി പറയുകയും നഗരജീവിതംമാത്രം പിന്തുടരാന് ആഗ്രഹിക്കുകയും ചെയ്യുന്നതുകൊണ്ട് തനി മലയാളിത്തം മലയാള സിനിമയ്ക്കാവുക സാധ്യവുമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: