ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്നു തുടങ്ങും. ഔദ്യോഗിക പക്ഷത്ത് ശക്തമായ വിഭാഗീയത ഉള്ളതിനാല്‍ പോളിറ്റ്ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കും.
ഭരണ പരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദനെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പിണറായി അനുവദിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയ അച്യുതാനന്ദനെ മുതിര്‍ന്ന നേതാവെന്ന വിശേഷണം നല്‍കിയാണ് പങ്കെടുപ്പിക്കുന്നത്. ദീപശിഖ കൊളുത്തലില്‍ വിഎസിന്റെ റോള്‍ അവസാനിക്കും.
സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടകനായി വിഎസിനെ പ്രഖ്യാപിച്ചിരുന്നെങ്കിലും അദ്ദേഹം ബഹിഷ്ക്കരിച്ചു. ഇന്ന് രാവിലെ കായംകുളം മികാസ് കണ്വന്ഷന് സെന്ററില്‍ പ്രതിനിധി സമ്മേളനം കോടിയേരി ബാലകൃഷ്ണനും തിങ്കളാഴ്ച സമാപന സമ്മേളനം പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. വിഎസ് വിഭാഗത്തെ പൂര്‍ണമായും തുടച്ചു നീക്കിയ ശേഷം നടക്കുന്ന ആദ്യ സമ്മേളനത്തില്‍ തോമസ് ഐസക്കിനെതിരായ ആക്രമണമായിരിക്കും പ്രധാന അജണ്ട.
ധന, കയര്‍ മന്ത്രിയെന്ന നിലയില്‍ ഐസക്ക് പൂര്‍ണ പരാജയമാണെന്ന് ഏരിയ സമ്മേളനങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാകും ജില്ലാ സമ്മേളനത്തില്‍ അരങ്ങേറുക. സിപിഎമ്മിലെ വിഭാഗീയതയ്ക്ക് പ്രോത്സാഹനം നല്കുന്ന നിലപാടാണ് ജില്ലയില്‍ സിപിഐ കൈക്കൊള്ളുന്നതെന്നും വിമര്‍ശനം ഉണ്ട്.
എംഎല്‍എ പ്രതിഭാഹരിക്കെതിരെയും രൂക്ഷവിമര്‍ശനമുയരും. എംഎല്‍എ ഇന്നലെ സെമിനാറുകളില്‍ പങ്കെടുക്കാതെ ആലപ്പുഴയിലെത്തിയിരുന്നു. കുടുംബ കോടതിയില്‍ കേസിനായാണ് ഇന്നലെ അവര്‍ ആലപ്പുഴയിലെത്തിയത്. നാളുകളായുള്ള കുടുംബപ്രശ്നം പാര്‍ട്ടി ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: