ബീജിങ്: സഭയുമായി ഇടഞ്ഞതിനെ തുടര്‍ന്ന് ചൈനയില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം ക്രിസ്ത്യന്‍ പള്ളി തകര്‍ത്തു. ഷാന്‍സി പ്രവിശ്യയിലെ ലിന്‍ഫണിലുള്ള ഗോള്‍ഡന്‍ ലാംപ്സ്റ്റാന്‍ഡ് പള്ളിയാണ് തകര്‍ത്തത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലുള്ള ചൈനയില്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് പുതിയ സംഭവം.
ഒരു മാസത്തിനുള്ളില്‍ ഇത്തരത്തില്‍ ചൈനയില്‍ അരങ്ങേറുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. മണ്ണുമാന്തി യന്ത്രവും ഡൈനമൈറ്റും അടക്കമുള്ളവ ഉപയോഗിച്ച് പോലീസാണ് പള്ളി തകര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഭൂമിക്കടിയിലുള്ള പള്ളി ഹാളില്‍ സ്‌ഫോടകവസ്തുക്കള്‍ വച്ച് പൊട്ടിക്കുകയായിരുന്നു.
30 ലക്ഷം ഡോളര്‍ ചെലവിട്ടാണ് പള്ളി നിര്‍മ്മിച്ചത്. പള്ളിക്ക് കീഴില്‍ അരലക്ഷം വിശ്വാസികളാണ് ഉള്ളത്. വര്‍ഷങ്ങള്‍ക്കു മുന്‍പു പണിത പള്ളി പെര്‍മിറ്റില്ലെന്ന കാരണം പറഞ്ഞാണ് തകര്‍ത്തത്. ആദ്യം പള്ളിക്ക് ചുറ്റും വലിയ പോലീസ് സംഘങ്ങളെ കണ്ടു. പിന്നെ വലിയ സ്‌ഫോടന ശബ്ദം കേട്ടു. അപ്പോഴാണ് പള്ളി പൊളിച്ചതറിഞ്ഞത്. ഒരു പാതിരി പറഞ്ഞു.
92 മുതല്‍ സുവിശേഷം പ്രസംഗിക്കുന്ന ദമ്പതികളാണ് വലിയ പിരിവുകള്‍ നടത്തി പള്ളി പണിതത്. പള്ളി പണിതപ്പോള്‍ ഒരെതിര്‍പ്പും കാണിച്ചിരുന്നില്ല.
കഴിഞ്ഞ മാസം ഷാന്‍സിയിലെ തന്നെ മറ്റൊരു പള്ളിയും ഇത്തരത്തില്‍ തകര്‍ക്കപ്പെട്ടിരുന്നു. ഈ പള്ളി തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിട്ട് യഥാര്‍ത്ഥത്തില്‍ 20 വര്‍ഷം മാത്രമേ ആയിട്ടുള്ളു.
കടലാസില്‍ മാത്രമാണ് ചൈനയുടെ മതസ്വാതന്ത്ര്യം ഒതുങ്ങുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മതപരമായ കാര്യങ്ങളിലേയ്‌ക്കുള്ള കടന്നു കയറ്റമാണ് ഇവിടെ നടക്കുന്നത്.
പള്ളികള്‍ക്ക് ഔദ്യോഗികമായ അംഗീകാരം വേണം. പാസ്റ്റര്‍മാര്‍ ഗവണ്‍മെന്റിന്റെ നിര്‍ബന്ധിതമായ നിയമങ്ങള്‍ പാലിച്ചിരിക്കണം എന്നിവയാണ് ചൈനീസ് സര്‍ക്കാരിന്‍റെ നയങ്ങള്‍. ഇത്തരം നയങ്ങളുടെ പേര് പറഞ്ഞ് ഔദ്യോഗിക അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന പള്ളികള്‍ പൊളിച്ചുമാറ്റിയും പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്തും സര്‍ക്കാര്‍ കടന്നു കയറ്റം നടത്തുകയാണ്.
സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നിയന്ത്രിത നയങ്ങള്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള ആരാധനാലയങ്ങളെയും അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളെയും വളര്‍ത്താന്‍ ഉതകുന്നു.
ഔദ്യോഗികവും അനൗദ്യോഗികവുമായ മത സംഘടനകളെ പീഡിപ്പിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അമേരിക്കയുടെ വാര്‍ഷിക റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്.
2009ല്‍ നൂറിലധികം വരുന്ന പോലീസും കൊള്ളക്കാരും ചേര്‍ന്ന് പള്ളി തകര്‍ക്കുകയും ബൈബിളുകള്‍ കൊള്ളയടിക്കുകയും ചെയ്തിരുന്നു. 60 ദശലക്ഷം ക്രിസ്ത്യാനികള്‍ ചൈനയിലുള്ളതായാണ് കണക്കുകള്‍.
ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ പുതിയ നിയമങ്ങള്‍ക്കും അവര്‍ക്കെതിരെ വ്യാപക പ്രചാരണത്തിനും ചൈനയില്‍ കളമൊരുങ്ങുന്നുണ്ടെന്നതും ആശങ്കാജനകമാണ്.
















