ന്യൂദല്‍ഹി: ഐഎസ്ആര്‍ഒയെ (ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന്) നയിക്കാന്‍ ഇനി റോക്കറ്റ് സ്പെഷ്യലിസ്റ്റ് കെ. ശിവന്. തിരുവനന്തപുരം വിഎസ്എസ്സി ഡയറക്ടറായ അദ്ദേഹത്തെ ഐഎസ്ആര്‍ഒ ചെയര്‍മാനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കുള്ള നിയമനത്തിന് മന്ത്രിതല സമിതി അംഗീകാരം നല്കി. നിലവിലെ ചെയര്മാന് എ.എസ്. കിരണ്‍ കുമാറിന്റെ കാലാവധി ഈ മാസം 14ന് അവസാനിക്കും. നിരവധി മഹാരഥന്മാര് വഹിച്ച ചുമതല വിനയത്തോടെ ഏറ്റെടുക്കുന്നതായി ശിവന് പ്രതികരിച്ചു.
നാഗര്‍കോവില്‍ വല്ലന്കുമാരവിളൈ സ്വദേശിയായ ശിവന് ക്രയോജനിക് എന്ജിന് വികസിപ്പിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രമാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ലോക റെക്കോര്‍ഡോടെ ഒരു ദൗത്യത്തില്‍ 104 സാറ്റലൈറ്റുകള്‍ ഭ്രമണപഥത്തിലെത്തിച്ചതിനും നേതൃത്വം നല്കി.
മദ്രാസ് ഐഐടിയില്‍നിന്ന് എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും 1980ല്‍ ബിരുദാനന്തരബിരുദവും നേടി. മുംബൈ ഐഐടിയില്‍ ഗവേഷണം പൂര്‍ത്തിയാക്കി. 1982ല്‍ ഐഎസ്ആര്‍ഒയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2012 മുതല്‍ വിഎസ്എസ്സി ഡയറക്ടറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: