കൊച്ചി: ഓഖി ദുരന്ത നിവാരണത്തിനുളള ഫണ്ട് എടുത്ത് പാർട്ടി സമ്മേളനത്തിന് പോയ ഹെലികോപ്റ്ററിന് വാടക നൽകിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി മിതമായ ഭാഷയിൽ പറഞ്ഞാൽ കണ്ണിൽ ചോരയില്ലാത്തതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
ഓഖി ദുരന്തത്തോടും തീരദേശ ജനങ്ങളോടും സർക്കാർ ആദ്യം മുതൽ സ്വീകരിച്ചു വന്ന മനോഭാവത്തിന്റെ തുടർച്ചയാണ് ഇതും. യഥാസമയം മുന്നറിയിപ്പ് നൽകാഞ്ഞതും, ദുരന്തം ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാഞ്ഞതും, മത്സ്യത്തൊഴിലാളികളെ അവഹേളിച്ച സഹപ്രവർത്തകരെ തിരുത്താഞ്ഞതും എല്ലാം ദുരിത ബാധിതരോടുള്ള മുഖ്യമന്ത്രിയുടെ നിഷേധാത്മക മനോഭാവം വെളിപ്പെടുത്തുന്നു. അനുതാപമില്ലാതെ സഹതാപം മാത്രം പ്രകടിപ്പിക്കുന്ന ഭരണാധികാരിക്കേ ഇങ്ങനെ പെരുമാറാനാകൂവെന്നും തന്റെ ഫേസ്ബുക്ക് പേജിലൂടെ കുമ്മനം വ്യക്തമാക്കി.
ഉറ്റവരേയും ഉടയവരേയും നഷ്ടമായ നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ തീരാ ദുരിതത്തിൽ കിടന്ന് വലയുമ്പോഴാണ് അവർക്ക് അവകാശപ്പെട്ട പണം മുഖ്യമന്ത്രി ധൂർത്തടിക്കുന്നത്. മനസാക്ഷിയുള്ള ആർക്കെങ്കിലും ഇത് സാധ്യമാണോ? ഭരണം ഉപയോഗിച്ച് പാര്‍ട്ടി വളർത്തുക എന്ന നയം ഇഎംഎസിന്റെ കാലം മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി അനുവർത്തിച്ചു വരുന്ന നയമാണ്. കേരളത്തിലും ത്രിപുരയിലും മാത്രം ഭരണം കയ്യാളുന്ന സിപിഎം രാജ്യത്ത് ഏറ്റവും കൂടുതൽ സംഭാവന സ്വീകരിച്ച രാഷ്ട്രീയ പാർട്ടികളിൽ ഒന്നാണ്. നൂറുകണക്കിന് കോടി രൂപ കയ്യിലുള്ള ഉള്ള സിപിഎം ഹെലികോപ്റ്റർ വാടക നൽകാൻ പൊതു പണം ഉപയോഗിച്ചു എന്നത് ക്രിമിനൽ കുറ്റമാണ്.
നഗ്നമായ അധികാര ദുർവിനിയോഗമിണിത്. മോഷണം കയ്യോടെ പിടിച്ചപ്പോള്‍ അത് തിരികെ തന്നില്ലേ എന്ന കള്ളന്റെ ന്യായമാണ് ഉത്തരവ് റദ്ദാക്കിയതിലൂടെ സിപിഎം കാണിക്കുന്നത്. വാർത്ത പുറത്തു വന്നില്ലായിരുന്നുവെങ്കിൽ പാവങ്ങളുടെ വയറ്റത്തടിക്കുമായിരുന്നില്ലേ? ഉത്തരവ് റദ്ദാക്കിയതിലൂടെ ഉത്തരവാദിത്വത്തിൽ നിന്ന് മുഖ്യമന്ത്രിക്കോ സിപിഎമ്മിനോ ഒഴിഞ്ഞുമാറാനാകില്ല.
സുനാമി ദുരിതാശ്വാസത്തിന് കിട്ടിയ കോടികൾ ധൂർത്തടിച്ച ഒരു അനുഭവം കേരളത്തിന് മുന്നിലുണ്ട്. അതേ പാതയിലാണ് പിണറായി വിജയനും എന്ന് ഈ സംഭവത്തോടെ തെളിഞ്ഞിരിക്കുകയാണ്. ഓഖി ദുരിതാശ്വാസത്തിന് കേന്ദ്രം നൽകുന്ന പണം അർഹതപ്പെട്ടവർക്ക് തന്നെ കിട്ടുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണം. അതിന് കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യമാണ്. ഇല്ലായെങ്കിൽ ഓഖി ദുരന്തത്തിന്റെ പേരിൽ കേരളത്തിലെ സിപിഎം നേതാക്കളുടെ കീശയാകും വീർക്കുക. പിച്ചച്ചട്ടിയിൽ മാത്രമല്ല മൃതദേഹത്തിന്റെ പേരിൽ പോലും കയ്യിട്ടു വാരാൻ മടിക്കാത്തവരാണ് ഇക്കൂട്ടർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: