ന്യൂദല്‍ഹി: ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ജെഎന്‍യുവിലെ ഇടത്-ജിഹാദി സഖ്യത്തിന്റെയും കോണ്‍ഗ്രസ്സിന്റെയും പിന്തുണയോടെ ജിഗ്നേഷ് മേവാനി എംഎല്‍എ നടത്തിയ മഹാറാലി പൊളിഞ്ഞു. ‘യുവ ഹുങ്കാര്‍ റാലി’യില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്ന് ദല്‍ഹി പ്രസ്ക്ലബ്ബിലെ പത്രസമ്മേളനത്തില്‍ ജിഗ്നേഷ് പ്രഖ്യാപിച്ചിരുന്നു. ഇന്നലെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ റാലിക്കെത്തിയത് മുന്നൂറോളം പേര് മാത്രം. രാവിലെ പത്ത് മണിക്ക് നടത്തേണ്ട പരിപാടി ആളില്ലാത്തതിനാല്‍ ഒരു മണിക്കാണ് തുടങ്ങിയത്.
അനുമതി ഇല്ലാതെ നടത്തിയ റാലിയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അര്‍ദ്ധ സൈനികരുള്‍പ്പെടെ രണ്ടായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ജലപീരങ്കിയുള്‍പ്പെടെ വന്‍ സന്നാഹമൊരുക്കിയിരുന്നു. പതിനായിരത്തിലേറെ പ്രവര്‍ത്തകര്‍ എത്തുമെന്നായിരുന്നു പോലീസിന്റെയും കണക്കുകൂട്ടല്‍. ഭൂരിഭാഗം സുരക്ഷാ ഉദ്യോഗസ്ഥരെയും റാലി ആരംഭിച്ചയുടന്‍ തിരിച്ചുവിളിച്ചു. പരിപാടി പൊളിഞ്ഞതിന്റെ ദേഷ്യം ജിഗ്നേഷ് അനുകൂലികള്‍ മാധ്യമ പ്രവര്‍ത്തകരോടാണ് തീര്‍ത്തത്. റിപ്പബ്ലിക് ചാനലിന്റെ മാധ്യമപ്രവര്‍ത്തകയെ അസഭ്യം പറഞ്ഞു. അഞ്ഞൂറ് രൂപ നല്‍കിയാണ് പ്രവര്‍ത്തകരെ പരിപാടിക്കെത്തിച്ചതെന്ന് കോണ്‍ഗ്രസ് വിമത നേതാവ് ഷെഹ്സാദ് പൂനെവാല പറഞ്ഞു.
മാവോയിസ്റ്റ് അനുകൂല സംഘടനകളും ജിഹാദികളും സമൂഹമാധ്യമങ്ങളിലൂടെ വലിയ പ്രചാരണം നടത്തിയിരുന്നു. മുഴുവന്‍ ബിജെപി വിരുദ്ധരുടെയും പിന്തുണ അവകാശപ്പെട്ടിട്ടും റാലി ശുഷ്കമായത് ജിഗ്നേഷിന് നാണക്കേടായി. ഉച്ചയ്ക്ക് ഒരു മണിക്ക് റാലി ആരംഭിച്ചപ്പോള്‍ത്തന്നെ ഭൂരിഭാഗം കസേരകളും ഒഴിഞ്ഞുകിടന്നു. ദേശീയമാധ്യമങ്ങള്‍ ഇത് തത്സമയം കാണിച്ചതും തിരിച്ചടിയായി. ജിഗ്നേഷ് സംസാരിക്കുമ്പോള്‍ വിരലിലെണ്ണാവുന്നവരാണ് കസേരയില്‍ ഉണ്ടായത്. ജെഎന്‍യുവില്‍ ഇന്ത്യാ വിരുദ്ധ പരിപാടിക്ക് നേതൃത്വം നല്കിയ ഷെഹ്ലാ റഷീദ്, ഉമര്‍ ഖാലിദ്, കനയ്യ കുമാര്‍ എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: