കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിലെ പിഴവുകള്‍ തിരുത്തി ശക്തമായി തിരിച്ചുവരുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലി. ആദ്യ ടെസ്റ്റിലെ തോല്‍വിക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോഹ് ലി. രണ്ടാം ഇന്നിങ്ങ്സില്‍ ബാറ്റിങ്ങ് തകര്‍ന്നതാണ് തോല്‍വിക്ക് കാരണം. അധ്വാനിച്ച് പന്തെറിഞ്ഞ് ബൗളര്‍മാര്‍ വിജയിക്കാനൊരുക്കിയ സാഹചര്യം മുതലാക്കാന്‍ ബാറ്റ്സ്മാന്മാര്ക്ക് കഴിഞ്ഞില്ല. നാല് ഓവറുകളില്‍ നാലു വിക്കറ്റുകള്‍ നഷ്ടമായി. കൂട്ടമായി വിക്കറ്റുകള്‍ നഷ്ടപ്പെടുന്ന ടീം എങ്ങിനെ വിജയിക്കും.
അടുത്ത ടെസ്റ്റുകള്‍ അരങ്ങേറുന്ന സെഞ്ചുറിയനിലെയും ജോഹാനസ്ബര്ഗിലെയും വിക്കറ്റുകള്‍ കേപ്ടൗണിലേതിനേക്കാള് വേഗമുള്ളത്്. ബാറ്റ്സ്മാന്മാരൊക്കെ അവരുടെ ദൗര്‍ബല്യങ്ങള്‍ മനസിലാക്കിക്കഴിഞ്ഞു. അടുത്ത ടെസ്റ്റുകളില്‍ അവര്‍ അവസരത്തിനൊത്തുയരും.
ആദ്യ ഇന്നിങ്ങ്സില്‍ മൂന്ന് വിക്കറ്റിന് 12 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്ക 286 റണ്‍സിലെത്തിയത് ഇന്ത്യന്‍ ടീമിന്റെ പിഴവുകള്‍ മൂലമാണ്. അടുത്ത ടെസ്റ്റില്‍ പിഴവുകള്‍ ആവര്‍ത്തിക്കില്ല.ടീമിന്റെ ഫോം നോക്കിയാണ് ഉപനായകന്‍ അജിങ്ക്യ രഹാനെയ്ക്ക് പകരം രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തിയത്. അവസാനം കളിച്ച മൂന്ന് ടെസ്റ്റിലും രോഹിത് മികവ് കാട്ടിയിരുന്നു.ശ്രീലങ്കക്കെതിരായ പരമ്പരയിലും തകര്‍ത്തുകളിച്ചു. ഈ സാഹചര്യത്തിലാണ് രോഹിതിന് അവസരം കൊടുത്തതെന്ന് കോഹ് ലി പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ മികച്ച റെക്കോഡുള്ള രഹാനയെ തഴഞ്ഞതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: