കൊച്ചി: എകെജിയെക്കുറിച്ച് വി.ടി. ബല്‍റാം എംഎല്‍എ നടത്തിയ പരാമര്‍ശത്തില്‍ സിപിഎം ഔദ്യോഗികമായി പ്രതികരിച്ച് പ്രകോപിപ്പിച്ചേക്കില്ല. യുവജനസംഘടനകളെയും മറ്റു പോഷക സംഘടനകളെയും കൊണ്ട് ഏതാനും ദിവസം പ്രതിഷേധിക്കുകയും പ്രതികരിക്കുകയും മാത്രമേ ചെയ്യൂ. ബല്‍റാമിനോട് ഈ വിഷയത്തില്‍ തര്‍ക്കത്തിനു പോയാല്‍ കൂടുതല്‍ പരിഹാസ്യരാകുമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ഭയം. ഇന്നത്തെ പാര്‍ട്ടി നേതാക്കളുടേതുള്‍പ്പെടെ പല ‘രഹസ്യ ഇടപാടുകളും’ പുറത്തുവന്നേക്കുമെന്നാണ് ഭയം.
സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണവും കരുതലോടെയായിരുന്നു. ബല്‍റാമിന്റെ നിലപാടിനെ അപലപിച്ച കോടിയേരി പക്ഷേ, കോണ്‍ഗ്രസിന്റെ വിവേകപൂര്‍ണ്ണമായ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടതേയുള്ളൂ.
എകെജി എന്ന എ.കെ. ഗോപാലന് പാര്‍ട്ടി നിരോധനത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുമ്പോള്‍ സുശീലാ ഗോപാലനെ പ്രണയിച്ചതാണ് ബല്‍റാമിന്റെ ഫേസ്ബുക്കിലെ വിമര്‍ശനമായി ആദ്യം ഉയര്‍ന്നത്. എകെജി പ്രണയിക്കുമ്പോള്‍ സുശീലക്ക് 10 വയസേ ഉണ്ടായിരുന്നുള്ളുവെന്ന് എകെജിയുടെ ആത്മകഥ പ്രകാരം വ്യക്തമാണ്. ഇത് ‘ബാലപീഡന’മാണെന്നായിരുന്നു ബല്‍റാമിന്റെ വിമര്‍ശനം. വിമര്‍ശിച്ചും ഭര്‍ത്സിച്ചും അഭിപ്രായങ്ങള്‍ വന്നതോടെ കൂടുതല്‍ വിശദീകരണവുമായി ബല്‍റാം ഫേസ്ബുക് പോസ്റ്റിട്ടു.
ഇതോടെ മന്ത്രി എം.എം. മണി ബല്‍റാമിനെ വിമര്‍ശിച്ചു. ‘ബല്‍റാമിന്റേത് പോക്രിത്തരമാണെന്നും സ്വന്തം അച്ഛനമ്മമാരെക്കുറിച്ചും ഇങ്ങനെ പറയാന്‍ ബല്‍റാം മടിക്കില്ലെന്നും’ മണി കൊല്ലത്ത് പ്രതികരിച്ചു. തൃത്താലയില്‍ ബല്‍റാമിന്റെ ഓഫീസിലേക്ക് മദ്യക്കുപ്പിയെറിഞ്ഞ് ചിലര്‍ പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ ബല്‍റാമിന്റെ ഒാഫീസിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്.
സിപിഎമ്മില്‍ രണ്ടഭിപ്രായമാണ്. പ്രതികരിച്ച് പ്രകോപിപ്പിച്ചാല്‍ കൂടുതല്‍ വഷളാകുന്നത് പാര്‍ട്ടിയാകുമെന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. ബല്‍റാം സ്വന്തം നിലയ്ക്ക് പലതും വിളിച്ചു പറഞ്ഞാല്‍ നേതാക്കളുടെ കുടുംബപ്രശ്നങ്ങളും വ്യക്തിപരമായ പ്രശ്നങ്ങളും പൊതു സമൂഹത്തിലെത്തുമെന്നാണ് സിപിഎമ്മില്‍ പലരുടേയും ഭയം. ബല്‍റാമിന്റെ വെളിപ്പെടുത്തലുകള്‍ ആധികാരിക രേഖകളോടെയാണ്. ഒന്നും നിഷേധിക്കാനാവാത്തവ.
കോണ്‍ഗ്രസും സിപിഎമ്മും ടിപി വധക്കേസും സോളാര്‍ അഴിമതിക്കേസും ഒത്തുതീര്‍പ്പാക്കിയെന്ന ഫേസ്ബുക് പോസ്റ്റിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബല്‍റാമിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് എകെജി വിവാദം വന്നത്.
വിവാദത്തില്‍ ബല്‍റാമിന്റെ പുതിയ വിശദീകരണം
”…നമുക്കറിയാവുന്ന ചരിത്രമനുസരിച്ചാണെങ്കില്‍ വിവാഹസമയത്ത് സുശീലയുടെ പ്രായം 22 വയസ്സ്. ആ നിലക്ക് പത്ത് വര്‍ഷത്തോളം നീണ്ട പ്രണയാരംഭത്തില്‍ അവര്‍ക്ക് എത്ര വയസ്സുണ്ടായിരിക്കുമെന്ന് കണക്കുകൂട്ടാവുന്നള്ളൂ. 1940കളുടെ തുടക്കത്തില്‍ സുശീലയുടെ വീട്ടില്‍ എകെജി ഒളിവില്‍ കഴിഞ്ഞപ്പോഴാണ് അവര്‍ ആദ്യം കാണുന്നതെന്നും അടുപ്പമുണ്ടാക്കിയതെന്നും വാര്‍ത്തയില്‍ പറയുന്നു. 1929 ഡിസംബറില്‍ ജനിച്ച സുശീലക്ക് 1940ന്റെ തുടക്കത്തില്‍ പത്തോ പതിനൊന്നോ വയസ്സേ ഉണ്ടാകുകയുള്ളൂ എന്നും വ്യക്തം.
എകെജി പലര്‍ക്കും വിഗ്രഹമായിരിക്കാം. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തേയും പാര്‍ലമെന്ററി പ്രവര്‍ത്തനത്തേയും കുറിച്ച് ഏവര്‍ക്കും മതിപ്പുമുണ്ട്. എന്നുവെച്ച് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തേക്കുറിച്ച് പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍ ആരും ആവര്‍ത്തിക്കരുത് എന്ന് ഭക്തന്മാര് വാശിപിടിച്ചാല്‍ അത് എപ്പോഴും നടന്നു എന്ന് വരില്ല. മുന്‍പൊരിക്കല്‍ അഭിപ്രായം പറഞ്ഞ എഴുത്തുകാരന് സക്കറിയയെ കായികമായി ആക്രമിച്ച് നിശബ്ദനാക്കിയെന്ന് വച്ച് അത്തരം അസഹിഷ്ണുത എപ്പോഴും വിജയിക്കില്ല,”
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: