”ഞങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ തെരഞ്ഞുകൊണ്ടിരിക്കുന്ന ഭീകരര്‍ക്ക് അവര്‍ സുരക്ഷയുള്ള സ്വര്‍ഗ്ഗം ഒരുക്കുകയാണ്. കഴിഞ്ഞ പതിനഞ്ചു വര്‍ഷംകൊണ്ട് 33 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ പാക്കിസ്ഥാന് കൊടുത്തത് വിഡ്ഢിത്തമായി. പകരം കിട്ടിയത് കള്ളവും ചതിയും വഞ്ചനയും മാത്രം. ഞങ്ങളുടെ നേതാക്കള്‍ വിഡ്ഢികളാണെന്നാണ് അവര്‍ വിചാരിക്കുന്നത്. മതിയായി, ഇതിവിടെ അവസാനിപ്പിക്കുന്നു” പാക്കിസ്ഥാന് 25 കോടി ഡോളറിന്റെ പുതിയ സഹായം റദ്ദുചെയ്തു കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതുവര്‍ഷത്തെ ആദ്യ പ്രസ്താവനയാണിത്. നീണ്ട 70 വര്‍ഷത്തെ പാക്കിസ്ഥാന് ബന്ധം അവസാനിപ്പിക്കുന്നുവെന്ന വ്യക്തമായ ധാരണ നല്കുന്ന ഈ പ്രസ്താവന സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രസിഡന്റ് ട്രംപ് പ്രസിദ്ധീകരിച്ചത്.
പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ലബ്ധിക്കുശേഷം അറുപത്തിയേഴാം ദിവസം അന്നത്തെ യുഎസ് പ്രസിഡന്റ് ഹാരി ട്രൂമാന് പറഞ്ഞത് ‘പാക്കിസ്ഥാന് അമേരിക്കയുടെ സഹോദരന്’ എന്നാണ്. ഇത് തങ്ങള്‍ക്കെതിരെ താവളം സൃഷ്ടിക്കാനുള്ള തന്ത്രമാണെന്ന് സോവിയറ്റ് യൂണിയന് തിരിച്ചറിഞ്ഞു. ഭൂട്ടോ മുന്നോട്ടുവച്ച സോഷ്യലിസ്റ്റ് ചായ്വില് പ്രതീക്ഷ അര്‍പ്പിച്ച്, സോവിയറ്റ് യൂണിയന് അന്ന് പാക് പ്രധാനമന്ത്രിയെ സന്ദര്‍ശനത്തിന് ക്ഷണിച്ചു. പക്ഷേ ഇന്ത്യയുമായുള്ള സോവിയറ്റ് യൂണിയന്റെ ഗാഢമായ ബന്ധം പാക്കിസ്ഥാനെ മുതലാളിത്ത ചേരിയിലെത്തിച്ചു. ഔദേ്യാഗിക സന്ദര്‍ശനത്തിനുള്ള അമേരിക്കയുടെ ക്ഷണമാണ് അന്ന് പാക്കിസ്ഥാന് സ്വീകരിച്ചത്. അങ്ങനെ പ്രധാനമന്ത്രി ലിയാഖത്ത് ഖാന് 1950 മെയ് മാസം മൂന്ന് മുതല്‍ 26 വരെ അമേരിക്കയില്‍ സന്ദര്‍ശനം നടത്തി.
ബീഗം അലി ഖാനൊപ്പം ലിയാഖത് ഖാന് യുഎസില്‍ വന്‍സ്വീകരണം ലഭിച്ചു. കൊളമ്പിയ സര്‍വ്വകലാശാല ഓണററി ഡിഗ്രി കൊടുത്തു. ഹൗസ് ഓഫ് റെപ്രസെന്റേറ്റീവില്‍ പ്രസംഗിച്ചു. പകരം പാക്കിസ്ഥാന് അവരുടെ മണ്ണില്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ യൂണിറ്റ് സ്ഥാപിക്കാന്‍ അനുവാദം നല്കി. ശീതയുദ്ധ നിഴലില്‍ നിന്ന അന്നത്തെ ലോകക്രമത്തില്‍ യുഎസ്സിന് ഇത് വന്‍നേട്ടമായി. സോവിയറ്റ് യൂണിയന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാന്‍ ഇത് അമേരിക്കയെ സഹായിച്ചു. 1950 മുതല്‍ 53 വരെ പാക്കിസ്ഥാനിലെ രാഷ്ട്രീയ-സൈനിക നേതൃത്വം പലതവണ അമേരിക്ക സന്ദര്‍ശിച്ചു. ആര്‍മി കമാന്‍ഡര്‍ അയൂബ് ഖാന്, വിദേശകാര്യമന്ത്രി സഫറുള്ള ഖാന്, വിദേശകാര്യ സെക്രട്ടറി ഇക്രാം ഉള്ളാ ഖാന് തുടങ്ങി നിരവധി പേര്. ബന്ധം കൂടുതല്‍ ദൃഢമായി. 1956 ആയപ്പോഴേക്കും സോവിയറ്റ് യൂണിയനെ നേരിടാന്‍ ഇരുവരും സൈനിക സഖ്യം രൂപീകരിച്ചു. തുടര്‍ന്ന് അമേരിക്ക പാക്കിസ്ഥാന് സൈനിക സഹായം എന്ന പേരില്‍ സാമ്പത്തിക സഹായം നല്കാന് തീരുമാനിച്ചു. 1965 ല്‍ 50 കോടി ഡോളറിന്റെ സഹായം ലഭിച്ചു.
തുടര്‍ന്ന് പാക്കിസ്ഥാന് ഇന്ത്യയെ മുഖ്യശത്രുവാക്കി കരുക്കള്‍ മെനഞ്ഞു. സോവിയറ്റ് യൂണിയനുമായുള്ള ഇന്ത്യയുടെ ഗാഢബന്ധം അമേരിക്കയുടെ മനം മടുപ്പിച്ചു. ഇന്ത്യയെ ഒറ്റപ്പെടുത്തുന്നതിനായി പാക്കിസ്ഥാന് ചരടുവലികള്‍ നടത്തി. 1971-ല്‍ ഇന്ത്യ-പാക് യുദ്ധമുണ്ടായി. അമേരിക്ക എന്ന വലിയ ശക്തിയുടെ പിന്തുണയായിരുന്നു പാക്കിസ്ഥാനെ അതിന് പ്രേരിപ്പിച്ചത്. തുര്‍ക്കി, ഇറാന്, ജോര്‍ദ്ദാന്‍ തുടങ്ങിയ രാജ്യങ്ങളെ ഇന്ത്യക്കെതിരാക്കി നിര്‍ത്തുന്നതില്‍ അമേരിക്ക വലിയ പങ്കുവഹിച്ചു. സാമ്പത്തിക സൈനിക സഹായം പാക്കിസ്ഥാനിലേക്ക് പ്രവഹിച്ചുകൊണ്ടിരുന്നു. 1972 ല്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സണ് ചൈന സന്ദര്‍ശിച്ചതും ഇന്ത്യയ്ക്കെതിരായുള്ള നീക്കം ശക്തമാക്കുന്നതിന് പാക്കിസ്ഥാന് നടത്തിയ നയതന്ത്ര നീക്കമായിരുന്നു.
ശീതസമരം അവസാനിച്ചതോടെ ഇരുരാജ്യങ്ങളുടേയും അജണ്ടകളില്‍ മാറ്റം വന്നുതുടങ്ങി. 1990 കളില്‍ കണ്ടത് അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് ആധിപത്യം അവസാനിക്കുന്നതാണ്. ഇതോടെ പാക്കിസ്ഥാന് മണ്ണിനോട് അമേരിക്കയ്ക്കും താല്പര്യമില്ലാതായി. ഇന്ത്യയ്ക്കെതിരെ ചാവേറുകളാകാന്‍ പാക്കിസ്ഥാന് നിര്‍മ്മിച്ച ചില ശക്തികള്‍ അമേരിക്കയ്ക്കെതിരായി. അതിനിടെ 2008 ല്‍ മുംബൈ ഭീകരാക്രമണമുണ്ടായി. പാക് ഭീകരവാദികളാണ് അക്രമം നടത്തിയതെന്ന് ഇന്ത്യ തെളിവു സഹിതം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാന് വംശജനായ ഭീകരന് അജ്മല്‍ കസബിനെ ജീവനോടെ പിടിച്ചുകെട്ടി കാണിച്ചു. സംഭവത്തെ അമേരിക്ക അപലപിക്കുക മാത്രം ചെയ്തു. പാക്കിസ്ഥാന് തടയിടുന്നതില്‍ അവര്‍ പരാജയപ്പെട്ടു.
എന്നാല്‍ 2001 സപ്തംബര്‍ 11 ന് വേള്‍ഡ് ട്രെയിഡ് സെന്റര്‍ ആക്രമിക്കപ്പെട്ടു. അപ്പോഴാണ് അമേരിക്കയ്ക്ക് കാര്യം പിടികിട്ടിയത്. ആക്രമണത്തിന്റെ സൂത്രധാരന്‍ പാക്കിസ്ഥാന് കൂടൊരുക്കി സംരക്ഷിച്ചതോടെ പാക്കിസ്ഥാന്റെ കള്ളത്തരം ലോകത്തിനു മുന്നില്‍ തുറന്നുകാട്ടപ്പെട്ടു. പിന്നീട് പ്രസ്താവനകള്‍ വന്നു. ഭീകരവാദികള്‍ക്കുനേരെ അമേരിക്ക പ്രതികരിച്ചു തുടങ്ങി. തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുടെ വേരുകള്‍ തേടിയുള്ള എല്ലാ യാത്രകളും ചെന്നവസാനിക്കുന്നത് പാക്കിസ്ഥാനിലാണെന്ന് അമേരിക്ക മാത്രമല്ല, ബ്രിട്ടനും ജര്‍മ്മനിയും ഫ്രാന്‍സുമൊക്കെ മനസ്സിലാക്കാന്‍ തുടങ്ങി. ഇതിനെല്ലാം പിന്നില്‍ അമേരിക്ക പാക്കിസ്ഥാനു കൊടുക്കുന്ന സഹായങ്ങളും കാരണമായിട്ടുണ്ടെന്ന ചര്‍ച്ച ലോകവേദികളില്‍ ഉയര്‍ന്നുവരുമെന്ന പേടി അമേരിക്കയ്ക്കുമുണ്ട്.
അമേരിക്കന്‍ ജനതയ്ക്കിടയില്‍ പാക്കിസ്ഥാനെക്കുറിച്ച് ഒരു മതിപ്പുമില്ല. അമേരിക്കന്‍ പൗരന്മാര്ക്കിടയില് 2015 ല്‍ നടന്ന ഗ്യാലപ്പ് സര്‍വ്വേയില്‍ വെറും 15% അമേരിക്കക്കാര്‍ മാത്രമാണ് പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നത്. ഒരു പ്രയോജനവുമില്ലാതെ പാക്കിസ്ഥാനില്‍ പണംമുടക്കുന്നു എന്ന പക്ഷക്കാരനാണ് ട്രംപ്.
അഫ്ഗാനിസ്ഥാനിലെ യുഎസ് സഖ്യസേന പാക്കിസ്ഥാന്റെ ഗോത്രവര്‍ഗ മേഖലകളില്‍ കടന്നുകയറി ആക്രമണം നടത്തിയതിനെത്തുടര്‍ന്നാണ് പാക്കിസ്ഥാന്റെ അമേരിക്കയുമായുള്ള ബന്ധം പെട്ടെന്ന് വഷളായത്. പാക് അതിര്‍ത്തികളില്‍ യുഎസ് നടത്തിയ ആക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ യുഎസ് വിദേശകാര്യ ഉപദേഷ്ടാവ് റോബര്‍ട്ട് വുഡ് മറുപടി പറഞ്ഞില്ല. ആക്രമണത്തെ പാക്കിസ്ഥാന് പാര്‍ലമെന്റ് ശക്തമായി അപലപിച്ചിരുന്നു. ഇപ്പോള്‍ യുഎസ് സേനയ്ക്കാവശ്യമായ എണ്ണവിതരണം നിര്‍ത്തിവയ്ക്കാന്‍ അവര്‍ തീരുമാനിച്ചിരിക്കുകയാണ്. പാക് പ്രവിശ്യയായ പെഷവാറിനെ അഫ്ഗാന് തലസ്ഥാനമായ കാബൂളുമായും വടക്കന്‍ അഫ്ഗാനിസ്ഥാനുമായും ബന്ധിപ്പിക്കുന്ന ടൊര്ഖം ഹൈവേ വഴിയുള്ള എണ്ണക്കടത്താണ് പാക്കിസ്ഥാന് നിര്‍ത്തിവയ്ക്കുക. പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നടപടി എന്നാണ് പാക് പാര്‍ലമെന്റ് കഴിഞ്ഞദിവസം അമേരിക്കയുടെ നിലപാടിനെ വിശേഷിപ്പിച്ചത്
പുതുവത്സരത്തിലെ യുഎസ് പ്രസിഡന്റിന്റെ ട്വിറ്ററിലൂടെയുള്ള പ്രസ്താവന 70 വര്‍ഷമായുള്ള പാക് ബന്ധം വിച്ഛേദിക്കുന്നതിന്റെ സൂചനയാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷം മേഖലയിലെ വിവരങ്ങള്‍ സുവ്യക്തമായി രാജ്യാന്തര വേദികളില്‍ അവതരിപ്പിക്കുന്നതിന് ഇന്ത്യയ്ക്ക് കഴിയുന്നുണ്ട്. പാക്കിസ്ഥാനെ തച്ചുതകര്ക്കാനല്ല, ശക്തമായ, ജനാധിപത്യ മൂല്യങ്ങളുള്ള അയല്‍രാജ്യമായി കാണാനാണ് ഇന്ത്യയും ആഗ്രഹിക്കുന്നത്.
ലോകം ആഗ്രഹിക്കുന്ന ശാന്തിയും സമാധാനവും സ്ഥാപിക്കാന്‍ പാക്കിസ്ഥാനും ബാധ്യതയുണ്ട്. അമേരിക്കയുടെ പണവും ആയുധവും വാങ്ങി ഭീകരവാദികളെ പരിശീലിപ്പിച്ച് ആ നാടിനു നേരെ തന്നെ പ്രയോഗിക്കുന്നത് കടുത്ത കയ്യാണ്. യുഎസ് തലയ്ക്കു കോടികള്‍ വിലയിട്ട ഹാഫിസ് സയ്യിദ് പാക് മണ്ണിലിരുന്ന് അന്തര്‍ദേശീയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു. ഭീകരവാദികളെ പരിശീലിപ്പിച്ച് ഇന്ത്യയിലേക്ക് അയയ്ക്കുന്നു. ഇതൊന്നും ഇനി അമേരിക്കയുടെ ചെലവില്‍ നടക്കില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് രണ്ടു വാചകത്തില്‍ കുറിച്ചത്. നിലയ്ക്കാന്‍ പോകുന്നത് പാക്കിസ്ഥാന്റെ ഏറ്റവും വലിയ രണ്ടാമത്തെ ആയുധ ദായകരുമായുള്ള ബന്ധമാണ്. നഷ്ടപ്പെടാന്‍ പോകുന്നത് അവരുടെ ഏറ്റവും വലിയ വിദേശ ധനസഹായവും.
സതീഷ് കുമാര്‍ വടശേരിക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: