ഉത്സവങ്ങളുടെ നഗരമാണ് തൃശ്ശൂര്‍. അതില്‍ ഏറ്റവും ആകര്‍ഷകം തൃശ്ശൂര്‍ പൂരം. വടക്കുംനാഥനുമുന്നില് തേക്കിന്‍കാട് മൈതാനിയില്‍ പൂരം കൊട്ടിയാടുമ്പോള്‍ തൃശ്ശൂരുകാര് മുഴുവന്‍ മൈതാനിയിലുണ്ടാകും. പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം കാണാനെത്തുന്ന പുരുഷാരമെല്ലാം ഉത്സവങ്ങളുടെ ഉത്സവമായ സംസ്ഥാന സ്കൂള്‍ കലോത്സവം കാണാന്‍ അഞ്ചുനാളുകള്‍ തേക്കിന്‍കാട് മൈതാനത്തെത്തും. 58-ാമത് സ്കൂള്‍ കലോത്സവത്തിനാണ് തൃശ്ശൂര്‍ നഗരം ആതിഥ്യമരുളുന്നത്.
തൃശ്ശൂരിലേക്ക് ആദ്യം കലോത്സവമെത്തിയത് 1963ലാണ്. 1957ല്‍ തുടങ്ങിയശേഷം ഏഴാമത് വര്‍ഷം. പിന്നീട് അഞ്ചുതവണ കൂടി വടക്കുംനാഥന്റെ മണ്ണ് കലോത്സവ പ്രതിഭകള്‍ക്ക് ആതിഥ്യമരുളി. 1978, 86, 94, 2004, 2012 വര്‍ഷങ്ങളില്‍. ഇപ്പോള്‍ വീണ്ടും കലോത്സവമെത്തുമ്പോള്‍ ഏറെ പ്രത്യേകതകളുള്ള മഹോത്സവമായി സ്കൂള്‍ കലോത്സവം മാറി. ഏഷ്യയിലെതന്നെ ഏറ്റവും വലിയ കൗമാര കലാമേളയായി.
1957 ജനുവരി 26ന് എറണാകുളമാണ് ആദ്യ കലോത്സവത്തിന് സാക്ഷ്യം വഹിച്ചത്. വിദ്യാഭ്യാസവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന രാമവര്‍മ അപ്പന് തമ്പുരാനായിരുന്നു കലോത്സവത്തിന്റെ നടത്തിപ്പ് ചുമതല. ഇന്നത്തെപ്പോലെ പ്രത്യേകം സജ്ജമാക്കിയ അലങ്കാര പന്തല്‍ അന്നുണ്ടായിരുന്നില്ല. പതിനായിരക്കണക്കിന് കലാസ്വാദകരുമില്ല. മത്സരാര്‍ഥികളുടെ തള്ളിച്ചയില്ല. പത്തും പതിനഞ്ചും വേദികളില്ല. ഗേള്‍സ് സ്കൂളിലെ ക്ളാസ് മുറികളിലും ഹാളുകളിലുമാണ് മത്സരങ്ങള്‍ നടന്നത്. 60 പെണ്‍കുട്ടികളുള്‍പ്പെടെ 400ഓളം ഹൈസ്കൂള്‍ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. 13 ഇനങ്ങളിലായി 18 മത്സരങ്ങള്‍. രണ്ടു ദിവസമായിരുന്നു കലോത്സവം. മത്സരാര്ഥികളും അധ്യാപകരും എസ്ആര്‍വി സ്കൂളിലായിരുന്നു താമസിച്ചത്. ഇന്നിപ്പോള്‍ അരലക്ഷം പേരുടെ പങ്കാളിത്തമുള്ള മഹാമേളയായി. 13,000 മത്സരാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും വിധികര്‍ത്താക്കളും. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും അഞ്ചു നാളുകള്‍ കലോത്സവത്തിനായി മെയ്യോടുമെയ് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
കലോത്സവത്തിന് ഓരോ വര്‍ഷവും നിറപ്പകിട്ട് കൂടിക്കൂടി വരികയായിരുന്നു. അതിനനുസരിച്ച് പരാതികളും പരിഭവങ്ങളും കൂടി. കോടതിയും കേസുമൊക്കെയായി. പ്രതിഭയും തിലകവുമുണ്ടായപ്പോള്‍ മത്സരബോധം വളര്‍ന്നു. വിദ്യാര്‍ത്ഥികളില്‍ നിന്ന് മത്സരം രക്ഷിതാക്കളിലേക്കെത്തി. 1986ല്‍ തൃശ്ശൂരില്‍ നടന്ന കലോത്സവത്തിലാണ് കലാപ്രതിഭ, കലാതിലക പട്ടങ്ങള്‍ ഏര്‍പ്പെടുത്തിയത്. മേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആണ്‍കുട്ടിക്ക് കലാപ്രതിഭപട്ടവും പെണ്‍കുട്ടിക്ക് കലാതിലകപട്ടവും ഏര്‍പ്പെടുത്തി. കവി ചെമ്മനം ചാക്കോയാണ് പട്ടങ്ങളുടെ പേര് നിര്‍ദേശിച്ചത്. ഇതോടെ കടുത്ത മത്സരത്തിന് വഴിമാറുകയായിരുന്നു കലോത്സവങ്ങള്‍. കലോത്സവത്തില്‍ തിലകവും പ്രതിഭയുമാകുന്നത് സിനിമയിലേക്കുള്ള വഴിതുറക്കലായാണ് പലരും കണ്ടത്. തിലക, പ്രതിഭാ പട്ടങ്ങള്‍ നേടിയെടുക്കാന്‍ പണം വാരിക്കോരി ചെലവിടാനും തുടങ്ങി.
നൃത്ത-നൃത്തേതര ഇനങ്ങളില്‍ ഒരുപോലെ തിളങ്ങുന്നവര്‍ക്ക് മാത്രം പ്രതിഭാ, തിലക പട്ടങ്ങള്‍ നല്കിയാല് മതിയെന്ന പരിഷ്കാരം നിലവില്‍ വന്നത് 1999 മുതലാണ്. ഈ നിബന്ധന പാലിക്കാന്‍ പലര്‍ക്കും കഴിയാതെ വന്നതോടെ തുടര്‍ന്നുള്ള പലവര്‍ഷങ്ങളിലും കലാപ്രതിഭാ പട്ടത്തിന് അവകാശികളില്ലാതായി. പിന്നീടുള്ള കലോത്സവ വേദികളില്‍ കലാതിലക പട്ടത്തിനായുള്ള പിടിവലി രക്ഷിതാക്കളും നൃത്ത അധ്യാപകരും ഏറ്റെടുത്തു. അനാരോഗ്യകരമായ ഇത്തരം മത്സരങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പട്ടങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കിയത്. പിന്നീട് 2006ലാണ് ഗ്രേഡിങ് സംവിധാനം കൊണ്ടുവന്നത്. ഒരു മത്സരത്തിനും ഒന്നാം സ്ഥാനക്കാരനും രണ്ടാം സ്ഥാനക്കാരനുമില്ല. കഴിവുകള്‍ മാറ്റുരയ്ക്കപ്പെടുന്നുണ്ടെങ്കിലും അനാരോഗ്യകരമായ മത്സരങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ അതിലൂടെ കഴിഞ്ഞു.
തിലകവും പ്രതിഭയും ഇല്ലാതിരുന്നിട്ടും കലോത്സവത്തിന് യാതൊരു കോട്ടവും ഉണ്ടായില്ല.
കലോത്സവ ഇനങ്ങളില്‍ വിജയികളാകാന്‍ വളഞ്ഞവഴി സ്വീകരിക്കുന്നവരും കുറവല്ല. വിധികര്‍ത്താക്കളെ സ്വാധീനിക്കുന്നതാണ് പുതിയ വഴി. അത്തരത്തില്‍ നിരവധി സംഭവങ്ങള്‍ പുറത്തു വന്നുകഴിഞ്ഞു. വിധികര്‍ത്താക്കള്‍ പണം വാങ്ങി മാര്‍ക്കു കൂടുതല്‍ നല്കുന്നു. വിദ്യാര്‍ത്ഥികളെ ഒന്നാമതെത്തിക്കാന്‍ ‘മത്സരിക്കുന്നത്’ രക്ഷിതാക്കളാണ്. അവരുടെ വീറും വാശിയും വര്‍ദ്ധിക്കുമ്പോഴാണ് ഇത്തരം അനഭിലഷണീയ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നത്. ഇത് തടയാന്‍ ശക്തമായ നടപടികളുണ്ടാവണം. സ്കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുക്കുന്നതും ഉയര്‍ന്ന ഗ്രേഡ് കരസ്ഥമാക്കുന്നതുമെല്ലാം പരീക്ഷയ്ക്ക് കൂടുതല്‍ മാര്‍ക്കുകിട്ടുന്നതിനും, സിനിമയിലും സീരിയലിലുമൊക്കെ കയറിപ്പറ്റുന്നതിനുമുള്ള ഉപാധിയാണ് പലര്‍ക്കും.
ഇത്തവണത്തെ കലോത്സവത്തിന് ഏറെ പ്രത്യേകതകളുണ്ട്. പരിഷ്കരിച്ച കലോത്സവ മാന്വലിന്റെ അടിസ്ഥാനത്തിലാണ് നടത്തുന്നത്. ഇത്തവണ മുതല്‍ കഥകളി, ഓട്ടന്തുള്ളല്, നാടോടിനൃത്തം, കേരളനടനം, മോണോ ആക്ട്, മിമിക്രി എന്നിവയില്‍ മത്സരം പൊതുവിഭാഗത്തിലാക്കി. എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നിശ്ചിത തുക സാംസ്കാരിക സ്കോളര്‍ഷിപ്പായി നല്‍കും. ഗാനമേള എന്ന ഇനത്തിനു പകരമായി സംഘഗാനം പുതുതായി ഉള്‍പ്പെടുത്തി. ഇംഗ്ലീഷ്, കന്നട, തമിഴ് ഭാഷകളില്‍ കവിതാരചന മത്സരയിനവും പുതുതായി ഉള്‍പ്പെടുത്തി. നാല് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. ഏഴ് ദിവസങ്ങളിലായി നടന്ന കലോത്സവം ഇത്തവണ മുതല്‍ അഞ്ചുനാളുകളിലേക്ക് ചുരുക്കി. വേദികളുടെ എണ്ണം കൂട്ടി. ഇത്തവണ 25 വേദികളിലാണ് മത്സരങ്ങള്‍.
വേദികള്‍ക്ക് കേരളത്തിലെ മരങ്ങളുടെയും പൂച്ചെടികളുടെയും പേരുകളാണ് നല്‍കുന്നത്. പൂര്‍ണമായും ഹരിതനയം പാലിച്ചാണ് നടത്തിപ്പ്. കഥാകാരി മാധവിക്കുട്ടിയുടെ സ്മരണ ഉണര്‍ത്തുന്ന നീര്‍മാതളം എന്നാണ് മുഖ്യവേദിയുടെ പേര്. സന്ധ്യയ്ക്കുശേഷമുള്ള സാംസ്കാരിക പരിപാടികള്‍ നടക്കുന്ന വേദിയുടെ പേര് നിശാഗന്ധി. പാചകശാലയ്ക്ക് തൃശ്ശൂരിന്റെ നെല്ലിനമായ പൊന്നാര്യന്‍ എന്നും ഭോജനശാലയ്ക്ക് സര്‍വസുഗന്ധി എന്നും പേരിട്ടു. ഗ്രീന്‍പ്രോട്ടോക്കോള്‍ കമ്മിറ്റി ഓഫീസിന്റെ പേര് തുളസിയെന്നാണ്. നീലക്കുറിഞ്ഞി, തേന്‍വരിക്ക, ചെമ്പരത്തി, നീലോല്പലം, നീര്‍മരുത്, നന്ത്യാര്‍വട്ടം, കുടമുല്ല, മഞ്ചാടി, കണിക്കൊന്ന, ചെമ്പകം, ദേവദാരു, പവിഴമല്ലി, നിത്യകല്യാണി, രാജമല്ലി, സൂര്യകാന്തി, നീലക്കടമ്പ്, ശംഖുപുഷ്പം, നീലത്താമര, അശോകം, കാശിത്തുമ്പ, ചന്ദനം, കേരം എന്നിങ്ങനെയാണ് മറ്റുള്ള വേദികളുടെ പേരുകള്‍.
സ്കൂള്‍ കലോത്സവത്തെ ഇത്രകണ്ട് ജനകീയമാക്കുന്നതില്‍ വാര്‍ത്താ മാധ്യമങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ടെലിവിഷന്‍ ഇല്ലാതിരുന്ന കാലത്ത് പത്രങ്ങള്‍ കലോത്സവങ്ങളെ മഹോത്സവങ്ങളാക്കി. തൃശ്ശൂരില്‍ കലോത്സവം എത്തുന്നതിനു മുന്നേ വാര്‍ത്താമാധ്യമങ്ങള്‍ കലോത്സവ വാര്‍ത്തകളുടെ പിന്നാലെയാണ്. ചാനലുകള്‍ അതിനായി പ്രത്യേക സമയവും പത്രങ്ങള്‍ പ്രത്യേക പേജുകളും നീക്കിവയ്ക്കുന്നു. സ്റ്റേജില്‍ കുട്ടികളുടെ മത്സരത്തിനൊപ്പമാണ് വാര്‍ത്തകള്‍ നല്‍കാനുള്ള മാധ്യമങ്ങളുടെ മത്സരവും. 2010ല്‍ കോഴിക്കോട്ടു നടന്ന യുവജനോത്സവത്തിന്റെ അവസാനം ചാനലുകാര് തമ്മിലുള്ള പിടിവലിയില്‍ സ്വര്‍ണ്ണക്കപ്പിന് കേടുവന്ന സംഭവവുമുണ്ടായി. സ്റ്റേജിലെ മത്സരത്തേക്കാള്‍ അലോസരമുണ്ടാക്കുന്നതാണ് ചാനലുകള്‍ തമ്മിലുള്ള മത്സരം. പ്രധാനവേദിക്ക് ഇരുവശവുമായാണ് ചാനലുകള്‍ മിക്കയിടങ്ങളിലും സ്റ്റുഡിയോകള്‍ തയ്യാറാക്കാറ്. സ്റ്റേജില്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ സമാന്തരമായി സ്റ്റുഡിയോകള്ക്കു മുന്നിലും വിദ്യാര്‍ത്ഥികളുടെ പ്രകടനം നടക്കും.
കാണികളുടെയും വിധികര്‍ത്താക്കളുടെയും ശ്രദ്ധ മാറിപ്പോകാനും ഇത് കാരണമാകാറുണ്ട്.
കുട്ടികളുടെ കലാ-സാഹിത്യ വൈഭവം പരീക്ഷിക്കപ്പെടാനുള്ള വേദിയെന്നതിനേക്കാളുപരി കേരളത്തിന്റെ സാംസ്കാരിക ഭാവങ്ങള്‍ക്ക് ഉത്തേജനം നല്കി തൊട്ടുണര്ത്തുകകൂടിയാണ് കലോത്സവങ്ങളില്‍. മലയാളി മറന്നുപോയ പലതരം കലാരൂപങ്ങള്‍, നമ്മുടെ സാംസ്കാരിക ഭൂമികയില്‍നിന്ന് അന്യംനിന്നുപോയ വിവിധങ്ങളായ കലാസൃഷ്ടികള്‍, ഇവയ്ക്കെല്ലാം പുനര്‍ജനിക്കാനുള്ള വേദിയാണ് കലോത്സവങ്ങള്‍. അത്തരത്തില്‍ വേണം കലോത്സവം സംരക്ഷിക്കപ്പെടേണ്ടത്. മത്സരവേദികളില്‍ നിന്ന് കലോത്സവങ്ങള്‍ ഇറങ്ങിവരികതന്നെ വേണം. പകരം, നമ്മുടെ സാംസ്കാരിക, കലാ വൈഭവത്തെ പടുത്തുയര്‍ത്താനുള്ള ഇടമായി അത് മാറട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: