പണ്ടൊരിന്ത്യക്കാരനാകാശഗംഗയെ
കൊണ്ടുപോയ് മണ്ണിലൊഴുക്കീ ഭഗീരഥന്.
നാളെയവന്റെ പിന്ഗാമികളീ സുര-
ഗോളലക്ഷങ്ങളെയമ്മാനമാടിടും.
എന്നു വയലാര്‍ പാടി. ശാസ്ത്രം സഞ്ചയിച്ച അറിവുകൊണ്ട് ഗോളലക്ഷങ്ങളെ കീഴടക്കുകയെന്നതേക്കാള്, സമൂഹനന്മയ്ക്ക് അത് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അന്വേഷിക്കുകയും, മനുഷ്യസംസ്കാരത്തിന് അത് എങ്ങനെ മുതല്‍ക്കൂട്ടാവുമെന്ന് തിരക്കുകയുമാണ് ഇന്ന് അത്യാവശ്യമായിരിക്കുന്നത്. ”ജീവിതത്തിലെ ഇപ്പോഴത്തെ ഏറ്റവും ദുഃഖകരമായ കാര്യം, സമൂഹം വിവേകം സമ്പാദിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ശാസ്ത്രം വിജ്ഞാനം സമാഹരിക്കുന്നതാണ്” എന്ന് ഐസക് അസിമോവ് പറയുകയുണ്ടായി.
വിവേകപൂര്‍ണമായ വിജ്ഞാനമാണ് ശാസ്ത്രത്തിലൂടെ കൈവരിക്കേണ്ടത് എന്ന അവബോധം യുവതലമുറയില്‍ വളര്‍ത്തിയെടുക്കുക എന്നത് സാമൂഹ്യപുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. അറിവാണ് ഈശ്വരന് (പ്രജ്ഞാനം ബ്രഹ്മഃ) എന്ന സനാതനമായ കാഴ്ചപ്പാട് വിവേകത്തിന് ഊന്നല്‍ നല്‍കുന്നതാണ്. വിവേകപൂര്‍ണമായ ശാസ്ത്രവിദ്യാഭ്യാസം, ജീവിക്കാന്‍ വേണ്ടിയുള്ള വിദ്യാഭാസത്തില്നിന്ന് ജീവിതത്തിനുവേണ്ടിയുള്ള വിദ്യാഭ്യാസത്തിലേക്കു വളരുന്നു. അത് നൂതനഭാരതത്തെ സൃഷ്ടിക്കുവാന്‍ യുവാക്കള്‍ക്ക് ഉള്‍ക്കാഴ്ചയും പ്രാപ്തിയും പ്രദാനം ചെയ്യുന്നു.
ശാസ്ത്രത്തിന്റെ അടിസ്ഥാനലക്ഷ്യം സമൂഹപുരോഗതിക്കുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നതു മാത്രമല്ല, സമൂഹപുരോഗതിക്കുവേണ്ടി ചിന്തിക്കുന്ന വ്യക്തികളെ രൂപപ്പെടുത്തുകകൂടിയാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വിദ്യാര്‍ത്ഥികളുടെ ശാസ്ത്രമേള കേരളത്തില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. ‘ജന്മഭൂമി’ ദിനപ്പത്രത്തിന്റെയും ‘സയന്‍സ് ഇന്ത്യ’ ദേശീയശാസ്ത്ര മാസികയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള മേളയില്‍, നൂതനചിന്താധാരകളുള്ള പദ്ധതികളും, സമൂഹത്തിന്റെ വെല്ലുവിളികള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങളുമാണ് അവതരിപ്പിക്കപ്പെടുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ കാലഘട്ടത്തില്‍ ആരോഗ്യം, ഊര്‍ജം, ജലം, പരിസ്ഥിതിസംരക്ഷണം, വിവരസാങ്കേതികവിദ്യ, കൃഷി എന്നീ വിഭാഗങ്ങളിലെ പദ്ധതികള്‍ വളരെയധികം പ്രാധാന്യമുള്ളവയാണ്. നാളത്തെ തലമുറ ചിന്തിക്കുന്ന തലമുറയായിത്തീരാന്, ശാസ്ത്രം അതിനര്‍ഹമായ പ്രാധാന്യം സമൂഹത്തില്‍ കൈവരിച്ചേ മതിയാവൂ. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലും, അന്ധവിശ്വാസങ്ങളും ആശയക്കുഴപ്പങ്ങളും കൊടികുത്തി വാഴുന്നുവെങ്കില്‍, നവീനകാഴ്ചപ്പാടുകളുടെ വെളിച്ചം ഇനിയും നാം വളരെയധികം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. അത് കരുത്തുറ്റ ചിന്തയില്‍നിന്നും സന്മനസ്സില്നിന്നുമായിത്തീരാനുള്ള മുന്നേറ്റത്തിന്റെ തിരിതെളിക്കുകയാണ് കേരളവിദ്യാര്‍ത്ഥി ശാസ്ത്രമേള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: