പാലക്കാട്: കഴിഞ്ഞ വര്‍ഷം ജില്ലയില്‍ പനിബാധിച്ചത് മൂന്നര ലക്ഷം പേര്‍ക്കെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രം ചികിത്സ തേടിയവരുടെ എണ്ണമാണിത്. സ്വകാര്യ ആശുപത്രികളിലെ കണക്ക് കൂടിയെടുക്കുമ്പോള്‍ എണ്ണം ഇനിയും കൂടും.
ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, ചിക്കുന്‍ഗുനിയ, എലിപ്പനി, അതിസാരം, ചെള്ളുപനി എന്നീ എല്ലാ വിധ പകര്‍ച്ചപ്പനികളും ജില്ലയില്‍ പടര്‍ന്നു പിടിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ജില്ലയില്‍ 824 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ഇതില്‍ മൂന്ന് പേര് മരിച്ചു. 47257 പേര്‍ക്ക് അതിസാരവും, 146 പേര്‍ക്ക് മഞ്ഞപ്പിത്തവും, 190 പേര്‍ക്ക് ടൈഫോയിഡും, 35 പേര്‍ക്ക് മലേറിയയും ബാധിച്ചു. എലിപ്പനി ബാധിച്ച 27 പേരില്‍ മൂന്ന് പേര് മരിച്ചു.
ക്രമാതീതമായ തോതില്‍ കൊതുകുപെരുകിയതാണ് പനി പടരാന്‍ കാരണമായത്. മഴക്കാല പൂര്‍വ്വ ശുചീകരണം നിലച്ചതും കൊതുകുജന്യ രോഗങ്ങള്‍ വ്യാപിക്കുന്നതിന് കാരണമായി. മലയോര പ്രദേശങ്ങളിലാണ് പനി ബാധിതര്‍ ഏറെയും. കഞ്ചിക്കോട്, അട്ടപ്പാടി, മണ്ണാര്‍ക്കാട്, കാഞ്ഞിരപ്പുഴ, നെല്ലിയാമ്പതി എന്നിവിടങ്ങളില്‍ പനി വ്യാപകമായിരുന്ന സമയങ്ങളില്‍ പതിനായിരക്കണക്കിന് രോഗികളാണ് ജില്ലാ ആശുപത്രിയിലും മറ്റ് ആശുപത്രികളിലുമായി ചികിത്സതേടിയെത്തിയത്.
ഒരു വീട്ടില്‍ ഒരാള്‍ക്ക് പനി വന്നാല്‍ ബാക്കി എല്ലാവര്ക്കും പനി പടര്‍ന്നു പിടിക്കുന്ന അവസ്ഥയായിരുന്നു നിലനിന്നിരുന്നത്. ഇത്തരം സാഹചര്യം ഉണ്ടായിട്ടും ആരോഗ്യവകുപ്പ് അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നില്ല. മുന്‍കരുതല്‍ നടപടികള്‍ മിക്കതും പാതി വഴിയില്‍ മുടങ്ങിയതും മാലിന്യസംസ്കരണം ശരിയായി നടക്കാത്തതും രോഗങ്ങള്‍ വ്യാപിക്കാന്‍ കാരണമായി്.
ഗ്രാമ നഗര വ്യത്യാസമില്ലാതെ മാലിന്യങ്ങള്‍ കുന്ന്കൂടിക്കിടന്നത് ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയായി. സ്വകാര്യ ആശുപത്രികള്‍ ഇക്കാലയളവില്‍ രോഗികളെ ചൂഷണം ചെയ്തതായും ജനങ്ങള്‍ പറയുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ എണ്ണത്തിലുള്ള കുറവ് മൂലം രോഗികളുടെ വലിയ തിരക്കാണ് എല്ലായിടത്തും ഉണ്ടായിരുന്നത്. അതിനാല്‍ സാധാരണക്കാരായ ജനങ്ങള്‍ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിച്ചിരുന്നത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കായി എത്തുന്നവരെ ഡോക്ടര്‍മാര്‍ അനാവശ്യ ലാബ് പരിശോധനകള്‍ നിര്‍ദ്ദേശിച്ചതും വിവാദത്തിനിടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: