പാലക്കാട്: നാളികേര ഉത്പാദനം എണ്പതു ശതമാനം കുറഞ്ഞതോടെ കൊപ്ര വിലയില്‍ വന്‍വര്‍ദ്ധന. നാലുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയ കൊപ്രയ്ക്ക് കി.ഗ്രാമിന് 150 രൂപയാണ് വിപണിവില. കൊപ്ര വിലയ്ക്കൊപ്പം വെളിച്ചെണ്ണ വിലയും കുതിക്കുകയാണ്. വെളിച്ചെണ്ണവില 230 രൂപയിലേറെയായി. ഇതോടെ വിപണിയില്‍ വ്യാജ വെളിച്ചെണ്ണയുടെ വില്‍പ്പന വ്യാപകമായി.
തമിഴ്നാട്ടിലെ കാങ്കയം കാരൂര്‍ വിപണികളില്‍ നിന്നാണ് കേരളത്തിലേക്ക് കൊപ്രയെത്തുന്നത്. ഇവിടെനിന്ന് 150 രൂപക്ക് കൊപ്രവാങ്ങി വെളിച്ചെണ്ണയുണ്ടാക്കിയാല് ഇപ്പോഴത്തെ വിപണി വിലയ്ക്ക് വില്ക്കാന് പറ്റില്ല. ഈ സാഹചര്യത്തിലാണ് വിപണിയില്‍ വ്യാജ വെളിച്ചെണ്ണ വില്‍പ്പന സജീവമായത്. പാരഫിന്‍ എണ്ണയില്‍ പത്തിലൊരു ഭാഗം വെളിച്ചെണ്ണയും രാസമൂലകങ്ങളും ചേര്‍ത്താല്‍ യഥാര്‍ത്ഥ വെളിച്ചെണ്ണയെ വെല്ലുന്ന മണമുള്ള വ്യാജന് കിട്ടും. ഇത്തരം വ്യാജന്മാരാണ് ഇപ്പോള്‍ വിപണിയില്‍.
പാലക്കാടും കോഴിക്കോട്ടും ഇപ്പോള്‍ 46 രൂപയാണ് ഒരു കിലോ വിളഞ്ഞ തേങ്ങയുടെ മൊത്തവില. വെളിച്ചെണ്ണ ഉത്പാദിപ്പിക്കാന്‍ തൊഴിലാളികളുടെ കൂലി, കടത്തുകൂലി വിപണിചെലവ്, നികുതിയും എല്ലാം കൂടി ഏകദേശം 270 രൂപ വരും. ഇതിന്റെ ചെറിയൊരു ഭാഗം പിണ്ണാക്ക്, ചിരട്ട എന്നിവയില്‍ നിന്ന് ലഭിക്കും. എന്നാല്‍ പോലും ലിറ്ററിന് 280 രൂപയില്‍ കുറഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണ വില്ക്കാന് കഴിയില്ലെന്നാണ് കേരകര്‍ഷകര്‍ പറയുന്നത്.
ഒരുകിലോ തേങ്ങയ്ക്ക് 25 രൂപയുണ്ടായിരുന്നപ്പോള്‍ സംഭരിച്ച പഴയ കൊപ്രയാണിപ്പോള് വന്‍കിട ഉത്പാദകര്‍ വെളിച്ചെണ്ണയാക്കി വില്‍ക്കുന്നത്.
വന്‍കിട കമ്പനികള്‍ നേരത്തെ തന്നെ തേങ്ങയോ കൊപ്രയോ വാങ്ങി സൂക്ഷിക്കുന്ന പതിവുണ്ട്. കേടുവരാതിരിക്കാന്‍ സള്‍ഫര്‍ പോലുള്ള രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്താണ് സൂക്ഷിച്ചുവയ്ക്കുന്നതെന്നും പരാതിയുണ്ട്. കേര എന്ന പേരില്‍ സപ്ലൈകോ വില്‍ക്കുന്ന വെളിച്ചെണ്ണയുടെ വില 230 രൂപയും, ശബരി ബ്രാന്‍ഡിന് 205 രൂപയുമാണ് വില.
നാടന്‍ വെളിച്ചെണ്ണയെന്ന പേരില്‍ ലോക്കല്‍ ബ്രാന്‍ഡുകള്‍ 200 രൂപയ്ക്കു വില്ക്കുമ്പോള് ചില ബ്രാന്‍ഡ് എണ്ണകള്‍ 150 രൂപക്കും കിട്ടാനുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിനാവട്ടെ മായം പരിശോധിക്കാന്‍ വേണ്ടത്ര ആള്‍ബലമോ സാങ്കേതിക സംവിധാനങ്ങളോ നിലവിലില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: