മുത്തലാഖിനെതിരെയുള്ള നിയമനിര്‍മാണം വീരശൂരപരാക്രമികളും വിപ്ലവകാരികളും മാനവികവാദികളും അരികുവല്കൃത ജനവിഭാഗങ്ങളുടെ അവകാശസംരക്ഷകരുമായ രാഷ്ട്രീയനേതാക്കളോ പൊതുജനനേതാക്കളോ മുന്‍കയ്യെടുത്ത് നടത്തിയതല്ല. മുത്തലാഖ് എന്ന അനീതിക്കെതിരെ നിയമയുദ്ധംനയിച്ച് വിജയിച്ച മുസ്ലിം സ്ത്രീകള്‍ക്ക് അവകാശപ്പെട്ടതാണ് അതിന്റെ മഹത്വം. സുപ്രീംകോടതി പുറപ്പെടുവിച്ച ചരിത്രപ്രധാനമായ വിധിയില്‍ ആറുമാസത്തിനുള്ളില്‍ നിയമനിര്‍മാണം നടത്തണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.
ആ നിര്‍ദ്ദേശത്തെ, രാജീവ്ഗാന്ധി ചെയ്തതുപോലെ, നിയമനിര്‍മാണത്തിലൂടെ മറികടക്കാന്‍ നരേന്ദ്ര മോദി ശ്രമിച്ചില്ല എന്നുമാത്രമല്ല, വിധിന്യായത്തിന്റെ വീര്യം ഉള്‍ക്കൊള്ളുന്ന ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് പാസാക്കാനുള്ള ആര്‍ജവം അദ്ദേഹം കാണിക്കുകയും ചെയ്തു.
നമ്മുടെ നാട്ടിലെ മനുഷ്യാവകാശ-അരികുവല്കൃത ജനാവകാശ- സ്ത്രീപക്ഷാവകാശ-പരിസ്ഥിതി ്രപവര്‍ത്തകരുടെ ആരവം ഇക്കാര്യത്തില്‍ കേള്‍ക്കാനേ ഇല്ല. സാധാരണഗതിയില്‍ സ്ത്രീപക്ഷത്തിനുവേണ്ടി അലമുറയിട്ട് കരയുന്ന നമ്മുടെ മുഖ്യധാരാ രാഷ്ട്രീയകക്ഷികളിലെ സ്ത്രീരത്നങ്ങളൊന്നും തന്നെ ഇക്കാര്യത്തെക്കുറിച്ച് ഉരിയാടുന്നില്ല. ചാനലുകളില്‍ ഉറഞ്ഞുതുള്ളുന്ന അവതാരകക്കോമരങ്ങളും അവരുടെ ചാര്‍ച്ചക്കാരും മിണ്ടുന്നേയില്ല. അതിലെല്ലാം പരിതാപകരം രാജ്യത്തെ പ്രതിപക്ഷകക്ഷികള്‍ ഇക്കാര്യത്തില്‍ സുവ്യക്തമായ നിലപാട് സ്വീകരിക്കുന്നില്ല എന്നതാണ്. അപായകരമായ മറ്റൊരുകാര്യം കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കള്‍ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം പറയുന്നു എന്നതാണ്. ഇന്ത്യയിലെ കോണ്‍ഗ്രസില്‍ അവശേഷിച്ചിരിക്കുന്ന അവസാനത്തെ ദേശീയ മുസ്ലിം ആര്യാടന് മുഹമ്മദ് ആകാതിരിക്കട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന.
ഇതിന്റെയൊക്കെ ഫലമായി ലോക്സഭയില്‍ ബില്ലിനെ കോണ്‍ഗ്രസ് പിന്തുണച്ചെങ്കിലും അതിന്റെ മഹത്വം കോണ്‍ഗ്രസിന് കിട്ടാതെപോയി. മുത്തലാഖ് സിവില്‍ വിഷയമല്ല. അതൊരു ക്രിമിനല്‍ വിഷയമാണ്. വിവാഹം, വിവാഹമോചനം എന്നിവകളുമായി ബന്ധപ്പെട്ട ക്രിമിനല്‍ സ്വഭാവമുള്ളവയുടെ പട്ടികയിലാണ് മുത്തലാഖും ഉള്‍പ്പെടുക. അതുകൊണ്ട് സ്വാഭാവികമായും അതുസംബന്ധിച്ച് ഉണ്ടാകുന്ന നിയമം ക്രിമിനല്‍ നിയമമാകും. മുത്തലാഖ് ഒരു കുറ്റകൃത്യമാണെന്നു സമ്മതിച്ചാല്‍ ആ കുറ്റകൃത്യം ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുകയും വേണം.
ശിക്ഷകളെ സാധൂകരിക്കുന്നതിനുവേണ്ടി മൂന്ന് സിദ്ധാന്തങ്ങളാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
ഒന്ന്: കുറ്റകൃത്യം ഏതു സ്വഭാവത്തിലുള്ളതാണോ അതേ നാണയത്തില്‍തന്നെ ശിക്ഷയും നല്‍കുക. കണ്ണിനുപകരം കണ്ണ്, കൊലപാതകത്തിന് വധശിക്ഷ എന്നിവ ഉദാഹരണങ്ങള്‍.ഇക്കാര്യത്തില്‍ ശിക്ഷാവിധി പ്രതികാരസ്വഭാവം കൈവരിക്കാം എന്നതുകൊണ്ട് പരിഷ്കൃതസമൂഹങ്ങള്‍ അത് ഉപേക്ഷിച്ചു. എന്നാല്‍ ശരിയത്ത് ക്രിമിനല്‍ നിയമം ഇപ്പോഴും ഈ സിദ്ധാന്തമാണ് പിന്തുടരുന്നത്. അതുകൊണ്ടാണ് കക്കുന്നവന്റെ കൈവെട്ടുന്നതും, വ്യഭിചാരിണിയെ കല്ലെറിഞ്ഞുകൊല്ലുന്നതും, കൊലപാതകിയെ പരസ്യമായി തലവെട്ടിക്കൊല്ലുന്നതുമെല്ലാം.
രണ്ട്: ശിക്ഷാവിധിയുടെ ലക്ഷ്യം സമൂഹത്തിലുണ്ടാകാവുന്ന കുറ്റകൃത്യങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെ കുറ്റവാളി ശിക്ഷിക്കപ്പെടുന്നത് അയാള്‍ ചെയ്ത കുറ്റത്തിന് മാത്രമല്ല, ഭാവിയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തിനുവേണ്ടിക്കൂടിയാണ്. അതായത് സമൂഹത്തിന്റെ മൊത്തം സുരക്ഷയ്ക്കുവേണ്ടി കുറ്റവാളിയെ ഒരുപകരണമായി കരുതുകയും ശിക്ഷിക്കുകയും ചെയ്യുന്നു എന്നുസാരം. ഭാവിയില്‍ സമൂഹത്തില്‍ എപ്പോഴെങ്കിലും ഉണ്ടാകാന്‍ ഇടയുള്ള കുറ്റകൃത്യം തടയുന്നതിനുവേണ്ടി ഇപ്പോഴെ ഒരാളെ ശിക്ഷിക്കുക എന്നത് അനീതിയായിരിക്കും. അതുകൊണ്ട് സമൂഹത്തിലെ കുറ്റകൃത്യം തടയുക എന്ന ലക്ഷ്യത്തോടെ മാത്രം ഒരു കുറ്റവാളിയെ ശിക്ഷിക്കുന്നത് ശരിയല്ല.
മൂന്ന്: കുറ്റകൃത്യത്തെ രോഗമായി കാണുകയും, കുറ്റവാളിയെ സംസ്കരിച്ചെടുത്ത് സമൂഹത്തിന്റെ ഭാഗകമാക്കിത്തീര്‍ക്കുക എന്നതുമാണ് ശിക്ഷാവിധിയുടെ ലക്ഷ്യം എന്ന സിദ്ധാന്തവുമുണ്ട്. പുരോഗമനവാദികളും പരിഷ്കരണവാദികളും ഈ സിദ്ധാന്തത്തിന്റെ വക്താക്കളാണ്. ഈ സിദ്ധാന്തം കുറച്ചുകൂടി വികസിപ്പിച്ചെടുത്താല്‍ എല്ലാ മനുഷ്യരിലും കുറ്റവാസന അന്തര്‍ലീനമാണെന്നും,, നിര്ഭാഗ്യവാന്മാരാണ് കുറ്റകൃത്യം ചെയ്യുന്നവരെന്നും, അതുകൊണ്ട് അവരെ നാം വിധിച്ചകറ്റരുതെന്നും വാദിക്കാവുന്നതാണ്. ഇങ്ങനെ പറഞ്ഞാല്‍ ഗാലറിയില്‍ ഇരിക്കുന്നവരുടെ ഹര്‍ഷാരവങ്ങള്‍ കിട്ടുമെങ്കിലും ഒരു സമൂഹത്തിനും അത് സ്വീകരിക്കാനാകില്ല. കാരണം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം.
ദണ്ഡനീതിയില്ലാതെ രാജ്യഭരണം നിര്‍വ്വഹിക്കാനാകില്ലെന്ന് രാജധര്‍മ്മാനുശാസനപര്‍വ്വത്തില്‍ തന്റെ കൊച്ചുമകനായ യുധിഷ്ഠിരനെ ഭീഷ്മപിതാമഹന് ഉപദേശിക്കുന്നതിന്റെ പൊരുളും അതുതന്നെയാണ്. അതുകൊണ്ട് മേല്‍സൂചിപ്പിച്ച മൂന്ന് സിദ്ധാന്തങ്ങളെയും സമന്വയിപ്പിച്ചാണ് നമ്മുടെ നാട്ടില്‍ ശിക്ഷാനിയമങ്ങള്‍ നടപ്പിലാകുന്നത്. അതുകൊണ്ട് കുറ്റകൃത്യവും ശിക്ഷയും തമ്മില്‍ ഗുണത്തിലും ഗണത്തിലും തുല്യത ഉണ്ടായിരിക്കണമെന്നും, ആ ശിക്ഷാവിധി കുറ്റകൃത്യങ്ങള്‍ തടയാന്‍ പര്യാപ്തമായിരിക്കണമെന്നും, കുറ്റവാളിയെ പരിഷ്കരിക്കാന്‍ അത് ഉപകരിക്കണമെന്നും ഇതുസംബന്ധിച്ച് വിവരമുള്ളവര്‍ പറയുന്നു. ഈ പശ്ചാത്തലത്തില്‍ വേണം മുത്തലാഖ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ശിക്ഷാവിധികളെ പരിശോധിക്കേണ്ടത്.
ഒന്ന്: മുത്തലാഖ് ചൊല്ലലിനെ പോലീസ് സ്റ്റേഷനില്‍നിന്ന് ജാമ്യം ലഭിക്കാന്‍ ഇടയില്ലാത്ത കുറ്റകൃത്യമായി പരിഗണിച്ചിരിക്കുന്നു.
രണ്ട്: മൂന്നുവര്‍ഷത്തെ തടവുശിക്ഷയും പിഴയും വിധിച്ചിരിക്കുന്നു. ഇതു കഠിനശിക്ഷയാണെന്നാണ് പുതിയ വാദം. ഒരു സാധുസ്ത്രീയുടെ ജീവിതത്തെ പെരുവഴിയില്‍ ഉപേക്ഷിക്കുന്നതിന് മൂന്നുവര്‍ഷത്തെ തടവും പിഴയും കഠിനശിക്ഷയാകുമോ?
ഇത് കഠിനശിക്ഷയാകും എന്ന ആക്ഷേപം ഈ നിയമത്തില്‍ പഴുതുകള്‍ ഉണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മുത്തലാഖ് വീരന്മാരുടെ ഗൂഢാലോചനയുടെ ഫലമാണ്.
ഇനി ഇയാള്‍ ജയിലില്‍ പോവുകയും, അയാള്‍ക്ക് വരുമാനം ഇല്ലാതിരിക്കുകയും ചെയ്താല്‍ ജീവനാംശം ആര് നല്‍കുമെന്നാണ് ചോദ്യമെങ്കില്‍ അക്കാര്യം രാജീവ് ഗാന്ധിയുടെ നിയമത്തില്‍ പറയുന്നതുപോലെ വഖഫ് ബോര്‍ഡിനെ ഏല്‍പ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. അതുമല്ലെങ്കില്‍ ബന്ധപ്പെട്ട ആളുടെ സ്വത്തില്‍ ശരിയത്ത് പ്രകാരം അവകാശം ലഭിക്കുന്ന ബന്ധുക്കളെ ചുമതലപ്പെടുത്താവുന്നതുമാണ്. എന്തായാലും ഈ നിയമം വെള്ളം ചേര്‍ത്ത് ലഘൂകരിക്കാതെ അംഗീകരിക്കുകതന്നെ വേണം. നൂറ്റാണ്ടുകളോളം മുസ്ലിം സ്ത്രീകള്‍ അനുഭവിച്ച അടിമത്തമാണ് ഈ നിയമത്തിലൂടെ നീക്കംചെയ്യപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വ്യക്തിവിരോധം ഈ നിയമത്തിന് എതിരെ നീട്ടരുത്. ഇത് ഒരു ചരിത്രദൗത്യമാണ്. അതില്‍ നമുക്കും പങ്കാളികളാകാം.
അവസാനിച്ചു
(പിഎസ്സി മുന്‍ ചെയര്‍മാനാണ് ലേഖകന്‍ )
പ്രതികരിക്കാൻ ഇവിടെ എഴുതുക: