ശാസ്ത്രവിഷയങ്ങളില്‍ സമര്‍ത്ഥരായ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംഎസ്സി കോഴ്സ് പഠിക്കാന്‍ മികച്ച അവസരം. ഭുവനേശ്വറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചും (NISER) മുംബൈ വാഴ്സിറ്റി- ഡിപ്പാര്‍ട്ടുമെന്റ് ഓഫ് അറ്റോമിക് എനര്‍ജി സെന്റര്‍ േഫാര്‍ എക്സലന്‍സ് ഇന്‍ ബേസിക് സയന്‍സും (UM-DAE CEBS) 2018-23 വര്‍ഷം നടത്തുന്ന സംയോജിത എംഎസ്സി കോഴ്സുകളിലാണ് പ്രവേശനം. ഇവിടെ അടിസ്ഥാന ശാസ്ത്രവിഷയങ്ങളായ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ സ്പെഷ്യലൈസ് ചെയ്ത് പഠിക്കാം. 2018 ജൂണ്‍ 2 ന് നടത്തുന്ന നാഷണല്‍ എന്‍ട്രന്‍സ് സ്ക്രീനിംഗ് ടെസ്റ്റിലൂടെയാണ് (NEST-2018) അഡ്മിഷന്. NISER ല്‍ 202 സീറ്റുകളും CEBS- ല്‍ 47 സീറ്റുകളുമാണുള്ളത്. പഠിതാക്കള്‍ക്ക് INSPIRE/DISHA പദ്ധതി പ്രകാരം പ്രതിവര്‍ഷം 60,000 രൂപ സ്കോളര്‍ഷിപ്പായും 20,000 രൂപ വാര്‍ഷിക കണ്ടിജന്‍സി ഗ്രാന്റായും ലഭിക്കും.
യോഗ്യത: ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളില്‍ ഏതെങ്കിലും മൂന്ന് വിഷയങ്ങളോടെ മൊത്തം 60% മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. 2016 അല്ലെങ്കില്‍ 2017 ല്‍ വിജയിച്ചിട്ടുള്ളവരെയാണ് പരിഗണിക്കുക. 2018 യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാപരീക്ഷക്ക് മൊത്തം 55 ശതമാനം മാര്‍ക്ക് മതി. അപേക്ഷകര്‍ 1998 ഓഗസ്റ്റ് ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 5 വര്‍ഷത്തെ ഇളവുണ്ട്.
അപേക്ഷ: ഓണ്‍ലൈനായി www.nestexam.in- ല്‍ ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 5 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാഫീസ് 1000 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡിക്കാര്‍ക്ക് 500 രൂപ മതി. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ നെറ്റ്ബാങ്കിംഗിലൂടെയോ ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റില്‍ ബ്രോഷറിലുണ്ട്. അഡ്മിറ്റ് കാര്‍ഡ് ഏപ്രില്‍ 25 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.
ടെസ്റ്റ്: കമ്പ്യൂട്ടര്‍ അധിഷ്ഠിത ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള ടെസ്റ്റ് ജൂണ്‍ 2 ശനിയാഴ്ച രാവിലെ 10 മുതല്‍ ഒരു മണിവരെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കും. 5 സെക്ഷനുകള്‍ ടെസ്റ്റിലുണ്ട്. ആദ്യത്തേത് ജനറല്‍ സെക്ഷന്‍ 30 മാര്‍ക്കിന്. ഇതില്‍ നെഗറ്റീവ് മാര്‍ക്കില്ല. 2 മുതല്‍ 5 വരെയുള്ള ഓരോ സെക്ഷനും 50 മാര്‍ക്ക് വീതം. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലെ ചോദ്യങ്ങളാണ് ഈ സെക്ഷനുകളിലുണ്ടാവുക. ഉയര്‍ന്ന മൂന്ന് സബ്ജക്ട് സ്കോറും ജനറല്‍ സെക്ഷന്‍ സ്കോറുമാണ് മെരിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതിന് പരിഗണിക്കപ്പെടുക. സബ്ജക്ടിലുള്ള അറിവും അനലിറ്റിക്കല്‍ എബിലിറ്റിയും ടെസ്റ്റില്‍ പരിശോധിക്കപ്പെടും. ടെസ്റ്റ് സിലബസ് വെബ്സൈറ്റിലുണ്ട്. മുന്‍കാല ചോദ്യപേപ്പറുകള്‍ വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് ടെസ്റ്റിന് തയ്യാറെടുക്കാം.
ഇന്ത്യയൊട്ടാകെ 106 കേന്ദ്രങ്ങളിലായാണ് ടെസ്റ്റ് നടത്തുക. കേരളത്തില്‍ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ എന്നിവ ടെസ്റ്റ് സെന്ററുകളായി അനുവദിച്ചിട്ടുണ്ട്. ലഭ്യമായ സെന്ററുകളില്‍നിന്നും മുന്‍ഗണനാക്രമത്തില്‍ 5 എണ്ണം ടെസ്റ്റിനായി തെരഞ്ഞെടുക്കാം.
‘NEST2018’ ന്റെ ഫലം ജൂണ്‍ 18 ന് പ്രസിദ്ധപ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ www.nestexam.in- ല്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: