ജിഷയും നടിയും
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ മരണത്തില്‍ കൊലയാളിക്ക് തൂക്കുകയര്‍ ലഭിച്ചതോടെ ആ ക്രൂരതയ്ക്ക് അറുതിയാകണമെന്നില്ല. 2016 ഏപ്രില്‍ 28ന് വൈകിട്ടാണ് ജിഷയെന്ന 29കാരി കൊല്ലപ്പെടുന്നത്. കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ബണ്ട് പുറമ്പോക്കിലെ തന്റെ ഒറ്റമുറി വീട്ടില്‍വച്ച്. കേരളത്തെ ഒന്നരമാസം മുള്‍മുനയില്‍ നിര്‍ത്തി ഈ സംഭവം. ഒടുവില്‍ 2016 ജൂണ്‍ 14ന് കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും പ്രതി അമീറുള്‍ ഇസ്ലാമിനെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു.
പ്രതി ജിഷയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് കൊലപ്പെടുത്തിയ ശേഷം മാനഭംഗപ്പെടുത്തിയെന്നായിരുന്നു കേസ്. 2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെടുന്നത്. കൊച്ചിയ്ക്കടുത്ത് ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാ നടിയുടെ കാറില്‍ അതിക്രമിച്ചു കയറിയ സംഘം അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ ചിത്രീകരിക്കുന്നു. സംഭവത്തിനു പിന്നില്‍ പ്രമുഖ നടന്റെ ക്വട്ടേഷനാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നത്. മണിക്കൂറുകളുടെ ചോദ്യം ചെയ്യല്‍, നടന് ദിലീപിന്റെ അറസ്റ്റ്, ജയിലിലെ വിഐപി സന്ദര്‍ശനങ്ങള്‍, ജാമ്യം, ഇപ്പോള്‍ കോടതി നടപടികള്‍…നടി ആക്രമിക്കപ്പെട്ട സംഭവം എന്ന വിശേഷണത്തോടെ തുടരുകയാണ് വാര്‍ത്തകള്‍.
ആതിരയും അഖിലയും
ആയിഷ എന്ന ആതിരയുടെയും ഹാദിയ എന്ന അഖിലയുടെയും ലൗജിഹാദുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പോയവര്‍ഷം പല തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചു. നിര്‍ബന്ധിത മതപരിവര്ത്തനമെന്നതും അതിക്രമത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തേണ്ട സ്ഥിതിയുണ്ട്.
അഖിലയ്ക്കും ആയിഷയ്ക്കും മുമ്പ് 2015ല്‍ അനൂജ എന്ന യുവതിയെ എറണാകുളം കളമശേരിയിലെ വീട്ടില്‍ തലമുണ്ഡനം ചെയ്യപ്പെട്ട് മുട്ടുകുത്തി തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. തൃക്കാക്കരയിലെ വാടകവീട്ടില്‍ കാമുകനായ ഖലീലിനൊപ്പം താമസിക്കുകയായിരുന്നു അനൂജ. അനൂജയുടെ തല മുണ്ഡനം ചെയ്തത് പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം താന്‍ തന്നെയാണെന്ന് ഖലീല്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. പഠിക്കാന്‍ മിടുക്കിയായിരുന്ന അനൂജയെ ലൗജിഹാദിലൂടെ ഖലീല്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.
കോട്ടയം വൈക്കം സ്വദേശിനി അഖിലയും പാലക്കാട് ചെര്‍പ്പുളശേരി സ്വദേശിനി ആതിരയും മതപരിവര്‍ത്തനത്തിന് ഇരയായതില്‍ യാദൃച്ഛികതകളുണ്ട്. രണ്ടു മതംമാറ്റങ്ങളും നടന്നത് മഞ്ചേരിയിലെ സത്യസരണിയിലാണ്. മാത്രമല്ല, രണ്ടുപേരുമായും പോപ്പുലര്‍ ഫ്രണ്ട് വനിതാവിഭാഗം നേതാവ് എ.എസ് സൈനബ ബന്ധപ്പെട്ടിരുന്നു. അഖിലയെ തട്ടിക്കൊണ്ടുപോയെന്നു കാണിച്ച് 2016 ജൂലൈ ആറിനാണ് അച്ഛന് അശോകന് ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുന്നത്. ഷെഫിന് ജഹാനെ കല്ല്യാണം കഴിക്കാനാണ് അഖിലയെ മതംമാറ്റിയതെങ്കില് ആതിര ഇക്കാരണങ്ങളൊന്നുമില്ലാതെ മതംമാറ്റപ്പെടുകയും പിന്നീട് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയുമായിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ 10നാണ് ഇസ്ലാം മതം പഠിക്കാനെന്നു കത്തെഴുതി വച്ച് വീടുവിട്ടിറങ്ങിയത്. ആയിഷ എന്ന ആതിര സനാതന ധര്‍മ്മത്തിലേക്ക് തിരിച്ചെത്തിയെങ്കിലും ഹാദിയ എന്ന അഖില മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ വിസമ്മതിക്കുകയാണ്. ഒരുപക്ഷേ ഇനിയുള്ള തന്റെ ഭാവിയേക്കുറിച്ചുള്ള ആശങ്കയാകാം ഇതിനുപിന്നില്‍.
മദ്രസകളിലെ അധ്യാപകര്‍
മദ്രസകളിലെ പീഡനവും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. മദ്രസാ അധ്യാപകന് പെണ്‍കുട്ടികളെ പീഡിപ്പിച്ചവിവരം പുറത്തുവന്നത് മലപ്പുറത്തെ തിരൂരില്‍ നിന്നുമാണ്. അതിനു മുന്‍പും ഒറ്റപ്പെട്ടും അല്ലാതെയുമുള്ള സംഭവങ്ങള്‍ നടന്നിട്ടുണ്ടാകും, അവ പൂഴ്ത്തിവയ്ക്കപ്പെട്ടിട്ടുണ്ടാകാം. കേസില്‍ മദ്രസാ അദ്ധ്യാപകനായ പുല്ലൂര്‍ ചെറുപറമ്പില്‍ സി.പി അബ്ദുറഹ്മാന് മുസലിയാരാണ് അറസ്റ്റിലായത്. ഇയാളുടെ രണ്ടു പെണ്‍കുട്ടികള്‍ പഠിക്കുന്നതും ഇതേ മദ്രസയിലാണ്.
കൂടാതെ കോട്ടക്കല്‍, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്നും പീഡന വിവരം പുറത്തുവന്നു. കോട്ടപ്പറമ്പ് പുതുപ്പറമ്പ് മദ്രസയിലെ അഞ്ചാംക്ലാസ് അധ്യാപകന് ഒരുവര്‍ഷത്തോളം പല പെണ്‍കുട്ടികളെയും പീഡിപ്പിച്ചതായും പറവണ്ണ കാഞ്ഞിരക്കുറ്റി മദ്രസയിലെ അധ്യാപകന് പീഡിപ്പിച്ചത് സഹപ്രവര്‍ത്തകന്റെ മകനെയായിരുന്നു എന്നതും ഞെട്ടിക്കുന്ന വിവരമാണ്.
ഈ അപമാനത്തിന് ആര് സമാധാനം പറയും?
കഴിഞ്ഞ വര്‍ഷം മേയ് 19നാണ് സ്വാമി ഗംഗേശാനന്ദയെന്നപേര് മാധ്യമങ്ങള്‍ക്ക് ആവേശമായത്. പീഡനശ്രമത്തിനിടെ പെണ്‍കുട്ടി ശ്രീഹരിയെന്ന സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം വിവാദമായി. കൃത്യം നടത്തിയ ശേഷം പെണ്‍കുട്ടി തന്നെയാണ് പോലീസിനെ ഫോണില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി ശ്രീഹരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ താന്‍ സ്വയം ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് അയാള്‍ പറഞ്ഞത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് പോക്സോ നിയമപ്രകാരവും മാനഭംഗം, ആക്രമണം എന്നീ വകുപ്പുകളും പ്രകാരം കേസെടുത്തു. തിരുവനന്തപുരം പേട്ടയിലെ വീട്ടില്‍ വച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പറഞ്ഞതെല്ലാം പിന്‍വലിച്ച് കാമുകന് അയ്യപ്പദാസിലേക്ക് സംശയത്തിന്റെ വിരല്‍ചൂണ്ടി പിന്നീട് പെണ്‍കുട്ടി. പാമ്പു ചത്താല്‍ വാര്‍ത്ത പരുന്തു ചാവുംവരെ എന്ന ചൊല്ലു യാഥാര്‍ഥ്യമാക്കി ഇപ്പോള്‍ ഈ കേസിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. അതു തന്നെയാണ് ഇത്തരം കേസുകളുടെ ക്ലൈമാക്സും. ശ്രീഹരിക്കെതിരായ കേസ് ഒടുവില്‍ പെണ്‍കുട്ടി പിന്‍വലിച്ചു. പക്ഷെ ശ്രീഹരിക്കും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംന്യാസി സമൂഹത്തിനുമേറ്റ അപമാനത്തിന് ആര് സമാധാനം പറയും?
പള്ളിമേടയിലെ പാതിരിമാര്‍
2017 ഫെബ്രുവരിയിലാണ് വയനാട്ടിലെ പള്ളിമേടയിലെ പീഡനം പുറത്തുവരുന്നത്. പീഡനത്തില്‍ ഫാ.റോബിന് വടക്കുംചേരിയെ പൊലീസ് ഒടുവില്‍ അറസ്റ്റ് ചെയ്തു. ഫെബ്രുവരി അവസാനത്തോടെ പീഡനത്തെ കുറിച്ച് ചൈല്‍ഡ് ലൈനിലേക്ക് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലിലാണ് പതിനാറുകാരിയെ കണ്ടെത്തിയത്. പ്രവര്‍ത്തകര്‍ പൊലീസില്‍ അറിയിച്ചു. കേസില്‍ ഫാ.റോബിന് വടക്കുംചേരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം പറഞ്ഞത്. പിന്നീടാണ് ഫാ.റോബിന്റെ പേര് പറഞ്ഞത്.
സ്വന്തം പിതാവാണ് പീഡിപ്പിച്ചതെന്ന് പറയാന്‍ കുടുംബത്തിന് 10ലക്ഷം രൂപയും സഹോദരങ്ങള്‍ക്ക് ജോലിയും പുതിയ വീടുമെല്ലാം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സഭയുടെ പത്രമായ സണ്‍ഡേ ശാലോമില്‍ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയാണ് ലേഖനം വന്നത്. പെണ്‍കുട്ടിയുടെ പ്രസവം നടന്നത് സഭയുടെ കീഴിലുള്ള കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലാണെന്നതും കുഞ്ഞിനെ വൈത്തിരിയിലുള്ള സഭയുടെ തന്നെ അനാഥാലയത്തിലുമാണെന്നതും ശ്രദ്ധിക്കേണ്ടതാണ്.
2015 ജനുവരി മുതല്‍ മാര്‍ച്ച് വരെ 14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ വിചാരണ പൂര്‍ത്തായയപ്പോള്‍ ഫാ.എഡ്വിന് ഫിഗരസിന് പ്രത്യേക കോടതി വിധിച്ചത് ഇരട്ട ജീവപര്യന്തം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പുത്തന്‍വേലിക്കര പറങ്കിനാട്ടിയ കുരിശിങ്കല്‍ പള്ളിവികാരിയായിരുന്ന എഡ്വിന് ഫിഗരസ് ഇടവക കുടുംബാംഗമായ ഒമ്പതാംക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടിയെ ഫാ.എഡ്വിന് പലപ്പോഴും പള്ളിമേടയിലേക്ക് വിളിപ്പിക്കാറുണ്ടായിരുന്നു. പരാതി പിന്‍വലിക്കാന്‍ പല പ്രലോഭനങ്ങളും ഭീഷണികളും ഉണ്ടായെങ്കിലും വീട്ടുകാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റും നടപടികളും ഉണ്ടായിരുന്നത്.
അച്ഛനും അപ്പൂപ്പനും സഹോദരനും
പല പീഡനങ്ങളും പുറത്തറിയാതെ പോകുന്നത് പീഡിപ്പിക്കുന്നത് അച്ഛനും അപ്പൂപ്പനും സഹോദരനും മുതലങ്ങോട്ട് നീളുന്ന കുറ്റക്കാരുടെ നിരയായതുകൊണ്ടു മാത്രം. ബാലപീഡനത്തില്‍ ഒടുവില്‍ വിവാദമായത് വാളയാറിലെ സഹോദരിമാരുടെ മരണമായിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പാലക്കാട്ടെ വാളയാറിയില് ഒറ്റമുറി വീട്ടില്‍ പന്ത്രണ്ട് വയസുകാരിയാണ് തൂങ്ങിമരിച്ചത്.
രണ്ടുമാസം കഴിഞ്ഞ് മാര്‍ച്ച് നാലിന് ആ പെണ്‍കുട്ടിയുടെ സഹോദരിയായ ഒന്‍പതുവയസുകാരിയും സമാന രീതിയില്‍ മരിച്ചിരുന്നു. ആദ്യത്തെ പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം സംബന്ധിച്ച വിവരമുണ്ടായിട്ടും പോലീസ് നടപടിയെടുത്തിരുന്നില്ല. മാത്രമല്ല കൊലപാതകമാെണെന്ന് അന്നേ ആരോപണമുണ്ടായിരുന്നു. അന്ന് നടപടിയെടുത്തിരുന്നെങ്കില്‍ രണ്ടാത്തെ പെണ്കുട്ടിയെയെങ്കിലും രക്ഷിക്കാനാകുമായിരുന്നു.
2017ന്റെ തുടക്കം മുതല്‍ പ്രായം ചെന്ന സ്ത്രീകളെ പീഡിപ്പിച്ച നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. മാര്‍ച്ച് 30ന് മാവേലിക്കരയില്‍ 89 കാരി പീഡനത്തിന് ഇരയായി. തുടര്‍ന്ന് ജൂലൈയില്‍ അടൂരില്‍ അടച്ചുറപ്പില്ലാത്ത വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന 65കാരിയെ ആക്രമിച്ച ശേഷം പീഡിപ്പിച്ച കേസും പുറത്തുവന്നു. നവംബറില്‍ കൊല്ലത്ത് 90കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് 72കാരനെതിരെ കേസെടുക്കുകയുണ്ടായി. ഏപ്രിലില്‍ തിരുവനന്തപുരത്ത് മോഷ്ടാവ് വയോധികയെ പീഡിപ്പിച്ച സംഭവവും പുറത്തുവന്നു.
മീ ടൂ ഹാഷ് ടാഗ്
ഹോളിവുഡ് താരം അലൈസ മിലാനോ തുടങ്ങിവച്ച മീ ടൂ ഹാഷ് ടാഗ് സോഷ്യല്‍ മീഡയയില്‍ വൈറലായി. ഇതും ഇത്തരം സംഭവങ്ങള്‍ ഭൂരിഭാഗം സ്ത്രീകള്‍ക്കും തനിക്കു നേരെ അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറയാന്‍ ധൈര്യമേകി എന്നുവേണം കരുതാന്‍.
വീടുകളിലും ബന്ധുവീടുകളിലും ബസ്സിലും ട്രയിനിലും തിരക്കുള്ള നിരത്തുകളിലുമെല്ലാം തന്നെ സ്ത്രീകളുടെ ശരീരത്തിലേക്ക് അനുവാദമില്ലാതെയുള്ള കടന്നുകയറ്റം ഭൂരിഭാഗത്തിനും ഉണ്ടായിട്ടുണ്ട്. ഹാഷ് ടാഗ് വന്നതോടെ ഇവയെല്ലാം പുറത്തുവന്നു.
പ്രശസ്തരുള്‍പ്പെടെ പലരും സംഭവങ്ങള്‍ തുറന്നുപറയുന്നു. ബാല്യം മുതലിങ്ങോട്ട് ശരീരത്തിലേക്കുള്ള കടന്നുകയറ്റങ്ങള്‍. അവജ്ഞയോടെ നോക്കിക്കാണുകയല്ല ഇത്തരം സംഭവങ്ങളെ വേണ്ടത്. മറിച്ച് തുറന്നുപറയാനുള്ള പ്രതികരിക്കാനുള്ള ധൈര്യം ഉണ്ടാക്കുകയാണ്. പലരും ബന്ധുക്കളുള്പ്പെടെയുള്ളവരായതിനാല് അല്ലെങ്കില്‍ അന്ന് അതെന്താണെന്ന് മനസിലാകാത്തതിനാല് പ്രതികരിക്കാതിരുന്നു.
സത്യത്തില്‍ പീഡനം, അതിക്രമം എന്നിവയെല്ലാം ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. ഇതിനെതിരെ ഒരു ഹാഷ് ടാഗ് കൊണ്ട് എന്താകാനാണ് എന്നു ചിന്തിച്ചു പോയേക്കാം. പക്ഷേ, ഒരാള്‍ക്കെങ്കിലും ചെയ്തതില്‍ കുറ്റബോധം തോന്നിയാല്‍, വരുന്ന തലമുറയ്ക്ക് ഇത്തരം കാര്യങ്ങള്‍ അരുതെന്ന് പറഞ്ഞുകൊടുക്കാനായാല് അത് നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: