വാഷിങ്‌ടന്‍: നിരോധനം മറികടന്ന് ഉത്തരകൊറിയന്‍ കപ്പലുകള്‍ക്ക് കടലില്‍ വച്ച് ചൈനീസ് കപ്പലുകള്‍ എണ്ണ കൈമാറുന്നതിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയുടെ നിക്കത്തില്‍ നിരാശയുണ്ടെന്നും ഇത് തുടര്‍ന്നാല്‍ ഉത്തരകൊറിയന്‍ പ്രശ്നത്തിന് സഹവര്‍ത്തിത്വത്തിലൂടെ പരിഹാരം കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്‌ട്ര സമുദ്രത്തില്‍വച്ച് കപ്പലില്‍നിന്നു കപ്പലിലേക്കാണ് എണ്ണ മാറ്റിയത്. റേ സോംഗ് ഗാഗ്1 എന്ന ഉത്തരകൊറിയന്‍ കപ്പലും മറ്റൊരു കപ്പലും അന്താരാഷ്‌ട്ര സമുദ്രത്തില്‍ ഇത്തരത്തില്‍ നങ്കുരമിട്ടിരിക്കുന്ന ചിത്രങ്ങള്‍ അമേരിക്ക പുറത്തു വിട്ടിരുന്നു. എന്നാല്‍ രണ്ടാമത്തെ കപ്പല്‍ ലൈറ്റ്ഹൗസ് വിന്‍മോര്‍ ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ദക്ഷിണകൊറിയന്‍ അധികൃതര്‍ പറഞ്ഞു.
ഉത്തര കൊറിയയിലേയ്‌ക്കുള്ള ഏതെങ്കിലും വസ്തുക്കള്‍ കപ്പലുകള്‍ വഴി കൈമാറ്റം ചെയ്യുന്നത് യു.എന്‍ രക്ഷാസമിതി നിരോധിച്ചിട്ടുണ്ട്.
















