ടെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇനി ഇസ്ലാമിക വസ്ത്രധാരണത്തിന്റെ പേരിൽ ആരെയും അറസ്റ്റ് ചെയ്യില്ലെന്ന് ടെഹ്റാൻ പോലീസ് മേധാവി ബ്രിഗേഡിയർ ജനറൽ ഹോസെൻ റഹിമി പറഞ്ഞു. പകരം, ഇസ്ലാമിക് മൂല്യങ്ങള്‍ പഠിപ്പിക്കുന്ന ക്ലാസുകളില്‍ ഇവരെ പങ്കെടുപ്പിക്കും.
ഇറാനില്‍ സ്ത്രീകള്‍ക്ക് കര്‍ശനമായ വസ്ത്രധാരണ രീതിയാണുള്ളത്. സ്‌ത്രീകള്‍ പാശ്ചാത്യ രീതിയിലുള്ള, ശരീരവടിവുകള്‍ കാണുന്ന ഇറുകിയ വസ്‌ത്രങ്ങളും ഹൈ ഹീല്‍ചെരുപ്പുകളും ധരിക്കരുതെന്നാണ് അധികൃതരുടെ നിലപാട്. അമിത ഭംഗിയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും നഖങ്ങളില്‍ ചായം തേയ്‌ക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇസ്ലാമിക് റിപ്പബ്ലിക്കായ ഇറാന്റെ മൂല്യങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് ഇത്തരം വേഷവിധാനങ്ങളാണെന്നാണ് അധികൃതരുടെ നിലപാട്.
പാശ്ചാത്യ രാജ്യങ്ങള്‍ പൈശാചികമായ വേഷവിധാനങ്ങള്‍ പ്രചരിപ്പിച്ച് ഇറാന്റെ സംസ്‌കാരം നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെക്കുറിച്ച് ബോധമില്ലാത്തവരാണ് ഇത്തരം വസ്‌ത്രങ്ങള്‍ അണിയാന്‍ താല്‍പര്യപ്പെടുന്നതെന്നുമാണ് അധികൃതരുടെ ആരോപണം.
















