കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡേഴ്സിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കസബ എസ്‌ഐയെ രക്ഷിക്കാന്‍ നീക്കം. എഫ്‌ഐആറില്‍ എസ്‌ഐയുടെ പേരില്ല. എഫ്‌ഐആറിലുള്ളത് കണ്ടാലറിയാവുന്ന പോലീസുകാര്‍ എന്ന് മാത്രം. മൊഴിയില്‍ കസബ എസ്‌ഐയുടെ കാര്യം പറഞ്ഞിരുന്നുവെന്ന് പരിക്കേറ്റ ജാസ്മിന്‍ വെളിപ്പെടുത്തി.
മൊഴിയെടുക്കാനെത്തിയ പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയെന്നും ജാസ്മിന്‍ അറിയിച്ചു. രാത്രി കോഴിക്കോട് നഗരത്തിലാണ് ട്രാന്‍സ്ജെന്‍ഡേഴ്സായ സുസ്മി (38), മമത ജാസ്മിന്‍ (43) എന്നിവര്‍ക്കു മര്‍ദനമേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ കോട്ടപ്പറന്പ് ആശുപത്രിക്ക് സമീപം വച്ച് പോലീസ് മര്‍ദിച്ചെന്നാണ് ഇവരുടെ പരാതി. ഇവരുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ഇരുവരും കോഴിക്കോട് ബീച്ച് ആശുപതിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ട്രാന്‍സ്ജെന്‍ഡേഴ്സ് പ്രതിനിധികള്‍. ഇവര്‍ക്കെതിരായ പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തില്‍ കസബ എസ്‌ഐയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ലോക്‌നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു.
അതേസമയം അനാശാസ്യത്തിന് പ്രേരിപ്പിച്ചുകൊണ്ടുപോയി ബാഗ് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ട്രാന്‍സ്ജെന്‍ഡേഴ്സിനെ കൈകാര്യം ചെയ്തതെന്നാണു പൊലീസ് വിശദീകരണം. പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു നടപടിയെന്നും സംശയാസ്പദ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാത്തതിനാല്‍ ചൂരല്‍വീശി ഓടിച്ചുവിടുകയാണുണ്ടാതെന്നും എസ്‌ഐ സിജിത്ത് പറഞ്ഞു.
















