ആലപ്പുഴ: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ പോലീസ് നടപടികള്‍ ശക്തമാക്കി. ജില്ലയിലെ ഓരോ പോലീസ് സ്റ്റേഷനിലേയും അംഗബലത്തിന് അനുസരിച്ചുള്ള കര്‍മ പദ്ധതിയാണു തയാറാക്കിയിട്ടുള്ളതെന്നു ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍ അറിയിച്ചു.
31നു വൈകിട്ടു മുതല്‍ വിവിധ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ബീച്ചുകളിലും നടത്തുന്ന ആഘോഷ പരിപാടികളില്‍ സാമൂഹികവിരുദ്ധരുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തും. വിദേശികളടക്കമുള്ള വിനോദ സഞ്ചാരികള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ആഘോഷ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലും പാതയോരങ്ങളിലും ശക്തമായ പട്രോളിങ് നടത്തും. ദേശീയപാതകളിലും സംസ്ഥാന പാതകളിലും വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിനു ശക്തമായ പരിശോധന. മദ്യപിച്ചും അമിത വേഗത്തിലും വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി. വഞ്ചിവീടുകളില്‍ യാത്രചെയ്യുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കും. വഞ്ചിവീടുകളിലും മറ്റു യാനങ്ങളിലും മദ്യം, ലഹരിമരുന്ന് എന്നിവ ഉപയോഗിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും.
















