ആലപ്പുഴ: പുതുവത്സരഘോഷത്തിനൊരുങ്ങിയ ആലപ്പുഴ നഗരത്തില്‍ പല സ്ഥലങ്ങളിലും സാമൂഹികവിരുദ്ധരുടെ ശല്യം വിനോദസഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്നു. ആലപ്പുഴ പുന്നമട ഫിനിഷിങ് പോയിന്റ്, കോടതിപാലം ജങ്ഷനില്‍നിന്നു പുന്നമടയിലേക്കുള്ള റോഡ്, ബീച്ച് തുടങ്ങിയിടങ്ങളിലാണു സാമൂഹിക വിരുദ്ധര്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്. പുന്നമട റോഡില്‍ ഏജന്റുമാരെന്ന പേരില്‍ വാഹനങ്ങള്‍ റോഡില്‍ തടഞ്ഞിട്ടു സഞ്ചാരികളെ ക്യാന്‍വാസ് ചെയ്യാന്‍ ശ്രമിക്കുന്ന സംഘങ്ങളും ഒട്ടേറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.
വന്‍ കമ്മിഷന്‍ കൈപ്പറ്റിയും വേണ്ടത്ര സൗകര്യങ്ങള്‍ നല്‍കാതെയും ഇവര്‍ സഞ്ചാരികളെ ചൂഷണം ചെയ്യുന്നതായി പരാതികളുണ്ട്. കനാലിനോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ പരസ്യ മദ്യപാനവും നടക്കുന്നുണ്ട്. ചില ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ അമിത കൂലി ഈടാക്കി സഞ്ചാരിളെ കൊള്ളയടിക്കുന്നതു തടയാനും പോലീസോ ജില്ലാ ഭരണകൂടമോ ശക്തമായ നടപടി സ്വീകരിക്കുന്നില്ല. വനിതകള്‍ക്കു നേരേയുള്ള അപമര്യാദയോടെയുള്ള പെരുമാറ്റങ്ങളും വ്യാപകമാണ്. വിദേശ വനിതയെ ഹൗസ് ബോട്ട് ജീവനക്കാരന്‍ മസാജിന്റെ മറവില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കായല്‍ടൂറിസം മേഖലയ്‌ക്ക് തീരാ കളങ്കമാണ് വരുത്തിവെച്ചത്.
പുന്നമടയിലും ബീച്ചിലും പള്ളാത്തുരുത്തിയിലുമെല്ലാം പുതുവത്സരാഘോഷത്തിനായി വിദേശികളടക്കം ആയിരക്കണക്കിനാളുകള്‍ എത്തിക്കഴിഞ്ഞു. ബീച്ചിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തം, പുതുവത്സരം ആഘോഷിക്കാനായി ആയിരങ്ങളാണു ബീച്ചില്‍ തടിച്ചുകൂടാറുള്ളത്.
എന്നാല്‍ ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നില്ല.ആവശ്യത്തിനു പോലീസും ഗാര്‍ഡുകളും ഇല്ലാത്തതും ഇരുട്ടികഴിഞ്ഞാല്‍ വൈദ്യുതി വിളക്കുകള്‍ ഇല്ലാത്തതും ഉള്ളവ പ്രകാശിക്കാതിരിക്കുന്നതും വിനോദസഞ്ചാരികള്‍ക്കു ഭീഷണിയാണ്.
കൂടാതെ സഞ്ചരികള്‍ അടക്കമുള്ളവര്‍ ഉപേക്ഷിക്കുന്ന മാലിന്യവും പ്‌ളാസ്റ്റിക് കുപ്പികളും ബീച്ചിന്റെ പല ഭാഗങ്ങളിലും നിറയുന്നു, നായശല്യവും രൂക്ഷമാണ്. നട്ടുച്ചയ്‌ക്ക് പോലും സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്ന് വില്‍പ്പനക്കാരുടെയും താവളമായി ബീച്ച് മാറി കഴിഞ്ഞു.
















