ചേര്‍ത്തല: ഗവ. താലൂക്കാശുപത്രിയിലെ നഗരസഭയുടെ കാന്റീന്‍ നിര്‍മാണം വിവാദത്തില്‍. അധികൃതരുടെ അനുമതിയില്ലാതെയാണ് നിര്‍മാണം നടത്തുന്നതെന്നാണ് വിമര്‍ശനം. നഗരസഭ പ്ലാന്‍ ഫണ്ടില്‍ നിന്നുളള തുകയാണ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച അഞ്ച് കോടി രൂപ വിനിയോഗിച്ച് ആശുപത്രി കോമ്പൗണ്ടില്‍ അഞ്ചുനില കെട്ടിടം നിര്‍മിക്കാന്‍ പദ്ധതി തയാറാക്കിയെങ്കിലും ഇതിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ നീക്കമെന്ന് വിമര്‍ശനമുണ്ട്. പുതിയ കെട്ടിടം നിര്‍മിക്കാന്‍ ആശുപത്രി അധികൃതര്‍ കണ്ടെത്തിയ സ്ഥലത്താണ് കാന്റീന്‍ നിര്‍മിക്കുന്നത്. ഇവിടെ ബഹുനില കെട്ടിട നിര്‍മ്മാണത്തിന് ഹാബിറ്റാറ്റിന്റെ സഹകരണത്തോടെ രൂപരേഖ തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അനുമതിക്കായി കാത്തിരിക്കുമ്പോഴാണ് ഭക്ഷണശാലയുടെ നിര്‍മാണവുമായി നഗരസഭ അധികൃതര്‍ മുന്നോട്ടുപോകുന്നത്. നിലവില്‍ ആശുപത്രിയില്‍ കാന്റീന്‍ ഉണ്ട്. ഇത് അറ്റകുറ്റപണി നടത്തി ഉപയോഗ യോഗ്യമാക്കിയാല്‍ മതിയെന്നും പുതിയ കെട്ടിടത്തിന്റെ ആവശ്യമില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ നിലപാട്.
















