പേരൂര്‍ക്കട: ഇരുനില വീടിനു പുറത്ത് ഷെഡ്ഡിനു സമീപം വീട്ടമ്മയുടെ ശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്നു പോലീസ്. മകനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുന്നു. അമ്പലമുക്ക് മണ്ണടി ലെയിന്‍ എംആര്‍എ-11 ദ്വാരകയില്‍ ദീപ അശോക് (50) ആണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ ഒന്നിനും അഞ്ചിനും ഇടയിലാണ് സംഭവമെന്നാണു പോലീസ് പറയുന്നത്. തിരുവനന്തപുരത്തെ എല്‍ഐസി ഏജന്റാണ് മരിച്ച ദീപ. ഇവരുടെ ഭര്‍ത്താവ് അശോക് 6 വര്‍ഷമായി കുവൈറ്റിലാണ്. കഴിഞ്ഞ ജനുവരിയിലാണ് ഏറ്റവും ഒടുവില്‍ വീട്ടിലെത്തിയത്. വീട്ടില്‍ ദീപയും മകനും മാത്രമാണ് താമസിച്ചിരുന്നത്. മൂന്നാഴ്ചയായി മകനും അമ്മയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്നാണ് നാട്ടുകാരുടെ മൊഴി. കഴിഞ്ഞരാത്രിയാണ് അമ്മയെ ഏറ്റവും ഒടുവില്‍ വീട്ടില്‍ കണ്ടതെന്നാണ് മകന്‍ പോലീസിനോടു പറഞ്ഞത്. പുലര്‍ച്ചെ 5 മണിക്ക് എണീറ്റപ്പോള്‍ അമ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനു പുറകില്‍ കത്തിക്കരിഞ്ഞ എന്തോ ഒന്ന് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് സുഹൃത്തുക്കളെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു. മകന്‍ അക്ഷയ് പറയുന്നു.
പേരൂര്‍ക്കട പോലീസ് സ്ഥലത്തെത്തുകയും തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയുമായിരുന്നു. മൃതദേഹത്തില്‍ രണ്ടു കാലുകളുടെയും മുട്ടിനു താഴെ പാദം വരെയുള്ള ഭാഗത്തെ എല്ലുമാത്രമാണ് ഉണ്ടായിരുന്നത്. തലയോട്ടി ഉള്‍പ്പെടെയുള്ള ഭാഗം കരിഞ്ഞ് ചാരമായ നിലയിലായിരുന്നു. ദീപയുടെ മകന്‍ അക്ഷയിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇയാളില്‍ നിന്നു കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ചോദ്യംചെയ്യലിനോടു പൂര്‍ണമായി സഹകരിക്കുന്ന യുവാവ് തനിക്ക് കൂടുതലൊന്നും അറിയില്ലെന്ന നിഗമനത്തില്‍ത്തന്നെയാണ്. അമ്മ മരണപ്പെട്ടതിന്റെ യാതൊരു ഭാവഭേദവും ഇയാളുടെ മുഖത്തു കാണാനുമില്ല. പെട്രോളോ അതിനെക്കാള്‍ വീര്യംകൂടിയതോ ആയ എന്തോ ഒന്ന് ഉപയോഗിച്ചാണ് കത്തിച്ചിരിക്കുന്നതെന്ന് വ്യക്തമാണെന്നു പോലീസ് പറയുന്നു.
മൃതദേഹം കത്തിക്കരിഞ്ഞു കിടന്ന ഭാഗത്തെ ഉയരംകൂടിയ തെങ്ങിന്റെ ഇലകളും ചില മരങ്ങളും കരിഞ്ഞ നിലയിലായിരുന്നു. ചുറ്റുപാടുമായി അഞ്ചോളം വീടുകള്‍ അടുത്തടുത്തു സ്ഥിതിചെയ്യുന്നുണ്ടെങ്കിലും മൃതദേഹം കരിഞ്ഞതിന്റെ മണമോ മറ്റുള്ള ഒച്ചപ്പാടുകളോ കേട്ടതായി ഇവര്‍ പറയുന്നില്ല. ഫിംഗര്‍പ്രിന്റ് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പോലീസ് നടപടികള്‍ക്കുശേഷം തിരുവനന്തപുരം മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അക്ഷയ് പോലീസ് കസ്റ്റഡിയിലാണ്. ഇയാളില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാല്‍ മാത്രമേ വീട്ടമ്മയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹത നീങ്ങുകയുള്ളൂവെന്ന് പേരൂര്‍ക്കട പോലീസ് പറഞ്ഞു. അനഘയാണ് മരിച്ച ദീപയുടെ മകള്‍.
















