കറാച്ചി: മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയെ വധിക്കുന്നതിൽ കൊല്ലപ്പെട്ട അൽഖ്വയ്ദ തലവൻ ഉസാമ ബിൻലാദൻ പദ്ധതി തയ്യാറാക്കിയിരുന്നതായി റിപ്പോർട്ട്. ബേനസീർ ഭൂട്ടോയെയും പ്രസിഡന്റായിരുന്ന ജനറൽ പർവ്വേസ് മുഷറഫിനെയും വധിക്കുവാൻ ബിൻലാദൻ അഫ്ഗാനിസ്ഥാനിലെ ഒളിസങ്കേതത്തിൽ പദ്ധതി തയ്യാറാക്കിയതിന്റെ തെളിവുകൾ അടങ്ങിയ കത്തുകൾ പുറത്ത് വന്നിട്ടുണ്ട്.
ഇരുവരെയും വധിക്കുവാനായി ബിൻലാദൻ സ്ഫോടക വസ്തുക്കൾ പാക്കിസ്ഥാനിലെ ഭീകരർക്ക് കൈമാറിയിരുന്നതായി പാക്ക് ചാര സംഘടനയായ ഐഎസ്ഐയെ ഉദ്ദരിച്ചുകൊണ്ട് ചില പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലാദൻ വധിക്കപ്പെട്ട അബോട്ടാബാദിലെ അദ്ദേഹത്തിന്റെ വസതിയിൽ വച്ച് ഇതിന് ശക്തമായ തെളിവുകൾ നൽകുന്ന ചില കത്തുകൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
പാക്കിസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ 2007 ഡിസംബറിലാണ് ഭൂട്ടോ കാർ ബോംബാക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെടുന്നത്. എന്നാൽ ബിൻലാദന്റെ പദ്ധതി മനസിലാക്കിയ ഇന്റലിജൻസ് ഏജൻസി ഇരു നേതാക്കൾക്കും നേരത്തെ വിവരം കൈമാറുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് ഐഎസ്ഐ വിശദീകരിച്ച് ഒരു കത്ത് അയച്ചിരുന്നു. മുഷറഫ്, ഭൂട്ടോ, ഫസ്‌ലൂർ റഹ്മാൻ വധിക്കുന്നതിന്റെ പദ്ധതി എന്നതായിരുന്നു കത്തിന്റെ പേര്.
അബോട്ടബാദിലെ ബിൻലാദന്റെ വസതിയിൽ നിന്നും ഭൂട്ടോ കൊല ചെയ്യപ്പെട്ട് ഏതാനും ദിവസങ്ങൾക്കം ബിൻലാദന് ലഭിച്ച ഒരു കത്ത് അന്വേഷണ സംഘത്തിന് ലഭിക്കുകയുണ്ടായി. തങ്ങളുടെ സഹോദരങ്ങൾക്ക് വേണ്ടി പ്രതികാരം ചെയ്തു എന്ന ആലേഖനം ചെയ്തതായിരുന്നു കത്തിന്റെ ഉള്ളടക്കം. 2011ലാണ് യുഎസ് മറീനുകൾ ബിൻലാദനെ അബോട്ടാബാദിലെ വസതിയിൽ വച്ച് കൊലപ്പെടുത്തുന്നത്.
















