ഇത് മഹാലക്ഷ്മി മഹാദേവ്. പോളിയോ ബാധിച്ച് കാലുകളുടെ ചലന ശേഷി നഷ്ടപ്പെട്ട പെണ്‍കുട്ടി. ശാരീരിക വൈകല്യം സ്വപ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറാനുള്ള കാരണമേ അല്ലെന്ന് തെളിയിക്കുകയാണ് ഇരുപത്തിയാറുകാരിയായ ഈ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി.
മോഡലിംഗ് എന്നത് സൗന്ദര്യവും ശാരീരിക ക്ഷമതയും ഉള്ളവര്‍ക്കുമുന്നില്‍ മാത്രം വാതില്‍ തുറക്കുന്നതാണെന്ന ധാരണ തിരുത്തുകയാണ് മഹാലക്ഷ്മി. ഇന്ത്യയിലെ ആദ്യത്തെ ശാരീരിക വൈകല്യമുള്ള ടെലിവിഷന്‍ മോഡലാണ് ഈ പെണ്‍കുട്ടി. ഒരു ടെക്സ്റ്റൈല്‍ ബ്രാന്‍ഡിന്റെ പരസ്യ വീഡിയോയില്‍ കൂടിയാണ് മോഡലിംഗ് രംഗത്തേയ്ക്കുള്ള ചുവടുവയ്പ്.
44 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആഭരണങ്ങള്‍ അണിഞ്ഞ് മനോഹരിയായി മഹാലക്ഷ്മിയെകാണാം. വീഡിയോയുടെ അവസാനം വീല്‍ചെയറില്‍ ഇരിക്കുന്ന മഹാലക്ഷ്മിയെ കാണുന്നത് വരെ അവര്‍ ഒരു വൈകല്യമുള്ള പെണ്‍കുട്ടിയാണെന്ന് ആര്‍ക്കും മനസ്സിലാവില്ല.
ചെന്നൈയില്‍ വച്ച് നടന്ന ഷൂട്ടിംഗിനെ കുറിച്ച് മഹാലക്ഷ്മി പറയുന്നതിങ്ങനെ, ‘ എനിക്കാദ്യം പേടിയായിരുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ സന്തോഷവതിയാണ്. വൈകല്യമുള്ളവര്‍ക്കും ഇതൊക്കെ ചെയ്യാന്‍ സാധിക്കും. അവര്‍ക്കൊരു സ്വപ്നമുണ്ടെങ്കില്‍ തീര്‍ച്ചയായും അത് നേടാന്‍ കഴിയും.
കുറേ നാളായി സുഹൃത്തുക്കളില്‍ ഒരാള്‍ മോഡലിംഗ് ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നു. ആ സമയത്താണ് ചെന്നൈയില്‍ ഫാഷന്‍ ഡിസൈനര്‍ ആയ ശാലിനി വിശാഖനുമായി മഹാലക്ഷ്മി പരിചയപ്പെടുന്നത്.
ശാരീരിക വൈകല്യമുള്ളവര്‍ക്കായി ഡിസൈനര്‍ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ സ്പെഷ്യലൈസ് ചെയ്യുന്ന ശാലിനിയും ഭര്‍ത്താവ് വിശാഖന് രാജേന്ദ്രനും തങ്ങളുടെ ബ്രാന്‍ഡിന്റെ പരസ്യത്തിന് വൈകല്യമുള്ള ഒരാളെ മോഡലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് മഹാലക്ഷ്മിക്ക് ആ സുവര്‍ണാവസരം ലഭിച്ചത്.
സിനെമാറ്റൊഗ്രാഫര് ജെറാള്‍ഡ് ദിനേശും മേക്കപ്പ് ആര്‍ട്ടിസ്റ്റ് സുരേഷ് മേനോനും ഒപ്പം ചേര്‍ന്നു.
ഈ പരസ്യം മറ്റ് പരസ്യനിര്മാതാക്കള്ക്കും ഒരു പ്രചോദനം ആവണം എന്നാണ് വിശാഖന്റെ ആഗ്രഹം. ഇപ്പോള്‍ ഈ പരസ്യം സോഷ്യല്‍ മീഡിയയിലൂടെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: