അമ്പലപ്പുഴ: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ വിതരണത്തെ സംബന്ധിച്ചു വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കേസെടുത്ത് അന്വേഷിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചു.
പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പരാതി നല്‍കിയ കാക്കാഴം താഴ്ചയില്‍ നസീറിന്റെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തി. 506 വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിന്റെ കണക്കാണു സര്‍ക്കാരിനു നല്‍കിയിരുന്നത്. എന്നാല്‍ 250 കുട്ടികള്‍ക്കു താഴെ മാത്രമേ ഉച്ചഭക്ഷണം കഴിക്കാറുള്ളുവെന്നു ബോദ്ധ്യപ്പെട്ടിരുന്നു.
കൂടാതെ പാല്‍, പച്ചക്കറി എന്നിവ വാങ്ങിയതില്‍ കൃത്യമായി ബില്ലു സൂക്ഷിക്കാതിരുന്നതായും വിജിലന്‍സിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമികന്വേഷണത്തില്‍ ക്രമക്കേടു ബോധ്യപ്പെട്ട സാഹചര്യത്തില്‍ തുടരന്വേഷണം വേണമെന്നു ശുപാര്‍ശ ചെയ്തിരുന്നു.
സ്‌കൂളിലെ പിടിഎയുടെ പ്രവര്‍ത്തനത്തെ കുറിച്ചും പരാതി ഉണ്ട്. സ്‌കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനു ഫണ്ടില്ലെന്നു ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികളില്‍ നിന്നു 400 രൂപ വീതം ശേഖരിക്കാനുള്ള തീരുമാനവും വിവാദമായിട്ടുണ്ട്.
ചില രക്ഷാകര്‍ത്താക്കള്‍ വിദ്യാഭ്യാസ വകുപ്പ് അധികാരികള്‍ക്കു പരാതി നല്‍കി.
















