നിരവില്‍പ്പുഴ: തൊണ്ടര്‍നാട് പാമ്പോളയിലെ നീര്‍ച്ചോലയില്‍ മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. കോറോം പാലേരി മാമ്പട്ടി സുനില്‍കുമാര്‍(33) ആണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ആഴ്ചകള്‍ക്കുമുമ്പാണ് കുഞ്ഞോം കല്ലറതോട്ടില് മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയത്. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുനില്‍കുമാര്‍ പിടിയിലായത്.
നിരവില്‍പ്പുഴ മില്‍ക്ക് സൊസൈറ്റി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലോഡ്ജില്‍നിന്നുള്ള മാലിന്യമാണ് കല്ലറ തോട്ടില്‍ കൊണ്ടുതള്ളിയത്. മാലിന്യചാക്ക് പരിശോധിച്ച് അതില്‍നിന്നും ലഭിച്ച നോട്ടുബുക്കില്നിന്നാണ് മാലിന്യ നിക്ഷേപം നടത്തിയ ആളെകുറിച്ച് വിവരം ലഭിച്ചത്. ലോഡ്ജ് ഉടമ പ്രവാസിയാണ്. മാലിന്യം നീക്കാന്‍ ഏല്‍പ്പിച്ച സുനില്‍കുമാര്‍ മാലിന്യം നിക്ഷേപിച്ച് കടന്നുകളയുകയായിരുന്നു. സംഭവം വിവാദമോയതോടെ പിന്നീട് ഇദ്ദേഹം തന്നെ മാലിന്യം നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതേസമയം തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്ന് ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് പി കേശവന്. കഴിഞ്ഞ മാസം രണ്ടായിരം ചാക്ക് പഌസ്റ്റിക് മാലിന്യമാണ് പുന:ചംക്രമണത്തിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കയറ്റി അയച്ചത്. കാര്യക്ഷമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ ഇപ്പോള്‍ മാലിന്യ നിക്ഷേപം കുറഞ്ഞിട്ടുണ്ട്. ഒറ്റപ്പെട്ടുനടക്കുന്ന സംഭവങ്ങള്‍ പെരുപ്പിച്ചു കാട്ടി ഭരണസമിതി താറടിക്കാനുള്ള നീക്കം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: