ബീജിങ്: ഐക്യരാഷ്‌ട്ര സഭ തങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം യുദ്ധത്തിലേക്ക് നയിക്കുന്നുവെന്ന് ഉത്തരകൊറിയ. ഉത്തരകൊറിയയുടെ വളര്‍ച്ചയില്‍ വിരണ്ടാണ് ഇത്തരം നടപടികളെന്നും സാമ്പത്തിക ഉപരോധവും നിയന്ത്രണങ്ങളും യുദ്ധത്തിലേക്കാണ് നയിക്കുന്നതെന്നും ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രാലയം ആരോപിച്ചു.
ശനിയാഴ്ചയാണ് ഉത്തരകൊറിയയ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭ ഉപരോധ നടപടികള്‍ കര്‍ശനമാക്കിയത്. ഉത്തരകൊറിയയിലേക്കുള്ള ഇന്ധന കയറ്റുമതിക്ക് വരെ നിയന്ത്രണം കൊണ്ടുവരുന്ന പ്രമേയമാണ് യുഎന്‍ പാസാക്കിയത്. ആണവപരീക്ഷണം നടത്തുന്ന പശ്ചാത്തലത്തിലാണ് യുഎന്നിന്റെ നടപടി. ചൈനയുടെയും റഷ്യയുടെയും പിന്തുണയോടെയാണ് ഉപരോധം ഏര്‍പ്പെടുത്താനുള്ള പ്രമേയം പാസാക്കിയത്.
ആണവ-മിസൈല്‍ പദ്ധതികള്‍ക്ക് ഇന്ധനം ആവശ്യമായതിനാല്‍ പുതിയ ഉപരോധം ഉത്തരകൊറിയയെ ബാധിക്കും. വിദേശത്ത് ജോലി ചെയ്യുന്ന ഉത്തരകൊറിയന്‍ പൗരന്മാരെ എല്ലാ രാജ്യങ്ങളും 2019-ഓടെ തിരിച്ചയയ്‌ക്കണമെന്നും ഉപരോധത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. ഈ വര്‍ഷം മൂന്നാം തവണയാണ് യുഎന്‍ രക്ഷാസമിതി ഉത്ത രകൊറിയ്‌ക്കു മേല്‍ ഉപരോധമേര്‍പ്പെടുത്തുന്നത്.
















