കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മുതല്‍ പുതുതലമുറയിലുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ വരെ വരയ്ക്കുന്ന ഒരു രാഷ്ട്രീയ നേതാവ് വാജ്പേയി മാത്രമായിരിക്കും. അദ്ദേഹം ഇപ്പോള്‍ ദല്‍ഹിയിലെ കൃഷ്ണമേനോന് മാര്‍ഗിലെ ല്യൂട്ടിന്‍സ് ബംഗ്ലാവിലുണ്ട്. മനുഷ്യ മനസ്സിനെ തൊട്ടുണര്‍ത്തുന്ന ആവേശകരമായ പ്രസംഗങ്ങള്‍ നടത്തിയ വാജ്പേയിയെ ആരും വിസ്മരിക്കില്ല. എന്നാല്‍ പരിചയക്കാരായ പതിനായിരങ്ങളെ പേരെടുത്ത് വിളിച്ചിരുന്ന വാജ്പേയി ഇന്ന് ആരേയും തിരിച്ചറിയുന്നില്ല.
2014 ല്‍ ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും വാജ്പേയി കാര്‍ട്ടൂണില്‍ വന്നു. നരേന്ദ്ര മോദിയോടൊപ്പം ഇന്ത്യയിലെ പല കാര്‍ട്ടൂണിസ്റ്റുകളും വാജ്പേയിയേയും വരച്ചത് അദ്ദേഹത്തിന്റെ ജനസമ്മതി ഒന്നുകൊണ്ട് മാത്രം.
ഇന്ത്യ എത്രയോ നേതാക്കളെ കണ്ടിരിക്കുന്നു, പക്ഷെ ഇന്നും കാര്‍ട്ടൂണിസ്റ്റുകള്‍ മഹാത്മാഗാന്ധിയെ കാര്‍ട്ടൂണില്‍ വരയ്ക്കുന്നു. നെഹ്റുവും, ഇന്ദിരാ ഗാന്ധിയും മാത്രമാണ് അതുകഴിഞ്ഞാല്‍ കുറച്ചെങ്കിലും കാര്‍ട്ടൂണില്‍ വന്നിട്ടുള്ളൂ. കഴിഞ്ഞ പത്ത് വര്‍ഷമായി പൊതുപരിപാടികളിലൊന്നും പങ്കെടുക്കാത്ത, പ്രസ്താവനകള്‍ നടത്താത്ത വാജ്പേയി കാര്‍ട്ടൂണുകളിലൂടെയാണ് കഴിഞ്ഞ പത്ത് വര്‍ഷവും പ്രത്യക്ഷപ്പെടുന്നതെന്നത് നിസ്സാരമല്ലല്ലോ.
നല്ലൊരു വാഗ്മിയായിരുന്നു വാജ്പേയി. കൈകള്‍ ഉയര്‍ത്തി കാഥികനെ പോലെ കണ്ണുകളടച്ച് കവിതകള്‍ ചൊല്ലിയുള്ള ആ പ്രസംഗം കേട്ടവര്‍ അത് മറക്കില്ല. 13 ദിവസം, ഒരു വര്‍ഷം, അഞ്ച് വര്‍ഷം അങ്ങനെ മൂന്ന് തവണ പ്രധാനമന്ത്രിയായ വ്യക്തിയാണ് വാജ്പേയി. ഈ കാലയളവിലെല്ലാം പാര്‍ലമെന്റിലെ മാധ്യമ ഗ്യാലറിയില്‍ ഇരിക്കാന്‍ പലപ്പോഴും അവസരം കിട്ടിയിരുന്നു. ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത നിമിഷങ്ങളാണത്. നേരില്‍ കണ്ട നേതാക്കളെ അക്കാലത്ത് പേപ്പറില്‍ വരയുന്നത് ഏറെ സന്തോഷവുമായിരുന്നു. വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ മന്ത്രിസഭയിലെ മറ്റ് നേതാക്കളായിരുന്നു കാര്‍ട്ടൂണുകള്‍ക്ക് വിഭവങ്ങള്‍ തന്നുകൊണ്ടിരുന്നത്. സ്വാഭാവികമായും പ്രധാനമന്ത്രി എന്ന നിലയില്‍ കാര്‍ട്ടൂണിലെ മുഖ്യകഥാപാത്രമാകാനും വാജ്പേയിക്കായി.
1951ല്‍ ഭാരതീയ ജനസംഘം രൂപീകരിച്ചപ്പോള്‍ സ്ഥാപകാംഗമായാണ് വാജ്പേയി പൊതുരംഗത്ത് എത്തുന്നത്. 1957 ല്‍ രണ്ടാം ലോക്സഭയില്‍ ജനസംഘം പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട് വാജ്പേയി 1960ല്‍ തന്നെ കാര്‍ട്ടൂണുകളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അടിയന്തരാവസ്ഥയ്ക്ക് ഏറെ മുമ്പ് രാഷ്ട്രീയത്തില്‍ സജീവമായതോടെ ശങ്കേഴ്സ് വീക്കിലിയില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ പലതവണ അദ്ദേഹത്തെ വരച്ചു. ജനതാ പാര്‍ട്ടിയുമായി ജനസംഘം കൂട്ടുകക്ഷിയായി ചേര്‍ന്നത് കാര്‍ട്ടൂണിസ്റ്റുകള്‍ വിഷയമാക്കി. ജനസംഘത്തിന്റെ പ്രതിരൂപമായി കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ചിരുന്നതും മറ്റാരേയും ആയിരുന്നില്ല. അങ്ങനെ വാജ്പേയിയും ഏറെ ശ്രദ്ധേയനായി.
1977 ല്‍ ആറാം ലോക്സഭയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയായി വാജ്പേയി എത്തി. അതോടെ കാര്‍ട്ടൂണുകളില്‍ വാജ്പേയി കൂടുതല്‍ പ്രത്യക്ഷപ്പെട്ടു. ബിജെപിയുടെ ആദ്യ പ്രധാനമന്ത്രിയായ വാജ്പേയി 13 ദിവസത്തെ ഭരണം അവസാനിപ്പിച്ചുകൊണ്ട് അവിശ്വാസ പ്രമേയത്തിന് നല്കിയ മറുപടി പ്രസംഗം ഭരണ പ്രതിപക്ഷ അംഗങ്ങള്‍ നിശ്ശബ്ദരായി കാതോര്‍ത്തതിന് ഞാനും സാക്ഷിയായി. അന്ന് പാര്‍ലമെന്റില്‍ വാജ്പേയി എഴുന്നേറ്റ നിമിഷം, പാര്‍ലമെന്റ് നിശ്ശബ്ദമായി. ജവഹര്‍ലാല്‍ നെഹ്റുവിനേയും, മകള്‍ ഇന്ദിരാ ഗാന്ധിയേയും, അവരുടെ മകന് രാജീവ് ഗാന്ധിയേയും പിന്നീട് സോണിയയേയും വിമര്‍ശിച്ചിരുന്ന വാജ്പേയി ഒരിക്കലും സഭ്യതയുടെ ലക്ഷ്മണ രേഖ ലംഘിച്ചിരുന്നില്ല. അതിനൊരു അപവാദമെന്ന് പറയുന്നത് ഇന്ദിരാഗാന്ധിയെ ഒരിക്കല്‍ ദുര്‍ഗ്ഗയോട് ഉപമിച്ചതാണ്.
വ്യക്തിഹത്യ ഒരിക്കലും പ്രസംഗത്തിലും സംസാരത്തിലും നടത്താത്ത അദ്ദേഹത്തെ അതുകൊണ്ടുതന്നെ രാഷ്ട്രീയം മറന്ന് എല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ശക്തമായ വാക്കുകള്‍ നിറഞ്ഞ പ്രസംഗ ശൈലിയായിരുന്നു പ്രധാന പ്രത്യേകത. ഒരിക്കല്‍ കോണ്‍ഗ്രസ്സിന്റെ മുദ്രാവാക്യത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ”ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം കൊണ്ട് നിങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കാം, പക്ഷെ മുദ്രാവാക്യങ്ങള്‍ ദാരിദ്രം മാറ്റില്ല”. 32-ാമത് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഹിന്ദിയില്‍ പ്രസംഗിച്ചതാണ് ജീവിതത്തില്‍ മറക്കാനാവാത്ത നിമിഷമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
തന്നെ വിമര്‍ശിക്കുന്ന കാര്ട്ടൂണുകള് അദ്ദേഹം ആസ്വദിച്ചിരുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മുതിര്‍ന്ന പല കാര്‍ട്ടൂണിസ്റ്റുകള്‍ക്കും അവരുടെ കാര്‍ട്ടൂണുകളില്‍ ഒപ്പിട്ട് നല്കി സ്നേഹവും, സന്തോഷവും അടല്‍ജി പ്രകടിപ്പിച്ചിട്ടുമുണ്ട്. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വലിയ മനസിന്റെ ഉടമയാണ് വാജ്പേയി എന്ന് അദ്ദേഹത്തെ വിമര്‍ശിച്ച് കാര്ട്ടൂണുകള് വരച്ച കാര്‍ട്ടൂണിസ്റ്റുകള്‍ പറഞ്ഞിട്ടുമുണ്ട്.
വാജ്പേയി എത്രയോ തവണ പരസ്യ കാര്‍ട്ടൂണുകളില്‍ വന്നിരിക്കുന്നു. വിശേഷിച്ച് അമുല്‍ ബട്ടറിന്റെ പരസ്യങ്ങളില്‍. ഭാരതരത്ന 2014 ല്‍ വാജ്പേയിക്ക് പ്രഖ്യാപിച്ചപ്പോള്‍ അമുല്‍ നല്കിയ പരസ്യ കാര്‍ട്ടൂണിന്റെ തലക്കെട്ട് ശ്രദ്ധേയമാണ്. അടല്‍ജി ബട്ടര്‍ലി വാജ്പേയി. സജീവ രാഷ്ട്രീയം വിടുന്നതായി വാജ്പേയി പ്രഖ്യാപിച്ചപ്പോള്‍ അമുലിന്റെ പരസ്യം വാജ് ബൈ… എന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: